ആലപ്പുഴ- മാരകായുധങ്ങളുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ആലപ്പുഴയില്‍ മണ്ണഞ്ചേരിയില്‍ ആയുധങ്ങളുമായി എത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് പൊലീസ് പിടികൂടിയത്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും വടിവാളുകള്‍ പിടിച്ചെടുത്തു.സംശയാസ്പദമായി രണ്ടുപേരെ കണ്ടതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി പരിശോധിക്കുകയും ഇവരില്‍ നിന്ന് രണ്ട് വാളുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. 2021 ഡിസംബര്‍ 18, 19 തിയതികളിലാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആലപ്പുഴയില്‍ നടന്നത്. 2021 ഡിസംബര്‍ 18ന് രാത്രിയാണ് ഷാനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. ഇതിന്റെ വൈരാഗ്യത്തില്‍ പിറ്റേന്ന് നേരം പുലരുംമുമ്പ് ബി.ജെ.പി നേതാവ് രണ്‍ജീത്ത് ശ്രീനിവാസനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തി.