Sorry, you need to enable JavaScript to visit this website.

രേഷ്മ പോലീസിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു

തലശ്ശേരി- പുന്നോലിലെ ഹരിദാസ് വധക്കേസിലെ മുഖ്യപ്രതിയും ആർ.എസ്.എസ് പ്രാദേശിക നേതാവുമായ നിജിൻദാസിന് വീട് വാടകക്ക് നൽകിയതിന്റെ പേരിൽ അറസ്റ്റിലായ രേഷ്മ പോലീസിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. ന്യൂ മാഹി പോലീസ് തന്റെ പേരിൽ കള്ളക്കേസ് ചമക്കുകയായിരുന്നെന്നും അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ജാമ്യം കിട്ടാവുന്ന കേസിൽ ആദ്യം റിമാന്റ് ചെയ്യുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്‌തെന്നാരോപിച്ചാണ് നിയമ നടപടിക്ക് തുനിയുന്നത്. അടുത്ത ദിവസം തന്നെ നിയമ നടപടി ആരംഭിക്കുമെന്ന് രേഷ്മയുടെ അഭിഭാഷകൻ പി.പ്രേമരാജൻ പറഞ്ഞു.
കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിട്ടും ഒളിവിൽ കഴിയാൻ നിജിൻദാസിന് സൗകര്യം ഒരുക്കി കൊടുത്തെന്നാണ് രേഷ്മക്കെതിരെ പോലീസ് ചുമത്തിയ കുറ്റം. എന്നാൽ നിജിൻദാസിന്റെ ഭാര്യ ദിപിനയുടെ  അയൽവാസിയും ബാല്യകാലം തൊട്ടുള്ള സുഹൃത്തുമാണ് രേഷ്മ. വടക്കുമ്പാട് മഠത്തുംഭാഗത്താണ് ഇരുവരുടെയും വീട്. ദിപിന നഴ്‌സായി ജോലി നോക്കുകയാണ്. ഈ ബന്ധം വെച്ചാണ് താൻ ദിവസം 1500 രൂപ നിരക്കിൽ എഗ്രിമെന്റ് എഴുതി വീട് വാടകക്ക് നൽകിയത്. നിജിൻദാസ് പ്രതിയാണെന്ന് മകൾക്ക് അറിയില്ലായിരുന്നെന്ന് രേഷ്മയുടെ പിതാവും മുൻ ടാക്‌സി ഡ്രൈവറുമായ രാജൻ പറഞ്ഞു. രേഷ്മയുടെ ഭർത്താവ് പ്രശാന്തിനോട് സമ്മതം വാങ്ങിയാണ് വീട് വാടകക്ക് നൽകിയത.് അടുത്തിടെ പിണറായിയിൽ നടന്ന പിണറായി പെരുമ എന്ന പരിപാടിയിൽ പങ്കെടുക്കുന്ന കലാകാരൻമാർക്ക് താമസിക്കാൻ സി.പി.എം നേതാക്കൾ പറഞ്ഞിട്ട് ഈ വീട് വാടകക്ക് നൽകിയിരുന്നു. പിന്നീടാണ് നിജിൻദാസിന് നൽകിയത്. എന്നാൽ നിജിൻദാസിന് വേണ്ടി താൻ ഭക്ഷണം എത്തിച്ചു കൊടുത്തെന്ന് പറയുന്നത് സത്യമല്ലെന്നും രേഷ്മ പറഞ്ഞു. 
പാരമ്പര്യമായി തങ്ങൾ സി.പി.എം കുടുംബമാണ്. അച്ഛൻ രാജനും സി.പി.എം പ്രവർത്തകനായിരുന്നു. ഭർത്താവ് പ്രശാന്തനും പ്രശാന്തിന്റെ പിതാവ്  മൂർക്കോത്ത് വേണുവും സി.പി.എം കാരനാണ്. വേണു മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല അടുപ്പത്തിലായിരുന്നു. ഈ ബന്ധം വെച്ച് പ്രശാന്തിന് സൗദിയിൽ ജോലി ചെയ്യുന്ന സമയം സഹപ്രവർത്തകരിൽ നല്ല പരിഗണന ലഭിച്ചിരുന്നു. 
സൗദി ബുറൈദയിലെ ഇന്ത്യൻ സ്‌കൂളിൽ രേഷ്മയും ഏറെക്കാലം അധ്യാപികയായി ജോലി നോക്കിയിരുന്നു. ഇവിടെയുള്ള ഇടതുപക്ഷ സംഘടനയായ ഖസീം പ്രവാസി സംഘത്തിന്റെ സജീവ പ്രവർത്തകരായിരുന്നു രേഷ്മയും പ്രശാന്തും. ഇരുവരും സഖാക്കൾ എന്ന പേരിലാണ് ഇവിടെ അറിയപ്പെട്ടത്. പിണറായിയുടെ അയൽവാസികളെന്ന ബന്ധവും കൂടിയായപ്പോൾ സഹപ്രവർത്തകർക്കിടയിൽ മുന്തിയ പരിഗണനയും സൗദിയിൽ ലഭിച്ചു. രേഷ്മ സൗദിയിലെ ഇന്ത്യൻ സ്‌കൂളിൽ നിന്ന് 2017 ഡിസംബറിൽ നാട്ടിലേക്ക് തിരിച്ച് വരുമ്പോൾ ഖസീം പ്രവാസി സംഘത്തിന്റെ വനിതാ വിഭാഗമായ സർഗശ്രീയുടെ നേതൃത്വത്തിൽ യാത്രയയപ്പും ഒരുക്കിയിരുന്നു.ഇടതുപക്ഷ സംഘടനയായ സർഗശ്രീ വനിതാ വേദിയുടെ സെക്രട്ടറി കൂടിയായ രേഷ്മ ,സഖാവ് രേഷ്മ പ്രശാന്ത്  എന്ന പേരിലാണ് സൗദിയിൽ അറിയപ്പെട്ടിരുന്നത്. പത്ത് വർഷത്തോളം ബുറൈദയിലായിരുന്നു രേഷ്മയുടെ ഭർത്താവ് പ്രശാന്തിന് ജോലി. ഖസീം പ്രവാസി സംഘത്തിന്റെ പ്രസിഡണ്ട്, രക്ഷാധികാരി എന്നീ പദവികൾ വഹിച്ച ഇദ്ദേഹം ബുറൈദയിലെ സ്വകാര്യ മെയിന്റനൻസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഇപ്പോഴും പ്രശാന്ത് സൗദിയിൽ തന്നെ ജോലി നോക്കുകയാണ്.
രേഷ്മക്കും ഭർത്താവിനും എതിരെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനുൾപ്പെടെയുള്ളവർ ആർ.എസ്.എസ് ബന്ധം ആരോപിച്ചത് കുടുംബത്തെ മാനസികമായി തളർത്തിയെന്ന് ഇവരുടെ ബന്ധുക്കൾ പറഞ്ഞു. ഇവരുടെ പിണറായിയിലെ വീടിന് നേരെ ബോംബേറ് നടത്തിയതും ഈ പാർട്ടി കുടുംബങ്ങളെ വേദനിപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഈ കുടുംബങ്ങളെ കൊല്ലാക്കൊല ചെയ്തതേറെയും പാർട്ടിയുടെ തന്നെ സൈബർ പോരാളികളായിരുന്നു. ഇതും സി.പി.എമ്മിൽ  അഭിപ്രായമുയർന്നിട്ടുണ്ട്. 
 

Latest News