Sorry, you need to enable JavaScript to visit this website.

പന്തിൽ കൃത്രിമം കാട്ടിയ സ്മിത്തിനും വാർണറിനും ആജീവനാന്ത വിലക്കിനു സാധ്യത

കേപ്ടൗൺ- ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സത്തിനിടെ പന്തിൽ കൃത്രിമം കാട്ടിയതിന് അച്ചടക്ക നടപടി നേരിടുന്ന ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്കും കളക്കളത്തിൽ ആജീവനാന്ത വിലക്ക് വന്നേക്കുമെന്ന് സൂചന. പന്തിൽ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച സ്മിത്തിനെ ഒരു മാച്ചിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും മാച്ച് ഫീയുടെ 100 ശതമാനം പിഴയിടുകയും ചെയ്തിരുന്നു. കളിക്കളത്തിലെ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഇരുവർക്കുമെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം നടത്തി വരികയാണ്. ശക്തമായ നിലപാടുളള ഓസീസ് അധികൃതർ അന്വേഷണം പൂർത്തിയായ ശേഷം രണ്ടു താരങ്ങൾക്കും ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്നാണ് സൂചന. 

ഗുരുതരമായ ചട്ടലംഘനങ്ങൾക്ക് ആജിവനാന്ത വിലക്കാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് നിയമം. പന്തിൽ കൃത്രിമം കാട്ടിയത് ഗുരുതരമായ കളിനിയമ ലംഘനമാണ്. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അച്ചടക്ക സമിതി മേധാവി ഇയാൻ റോയ്, ടീം പെർഫോമൻസ് മാനേജർ പാറ്റ് ഹൊവാഡ് എന്നിവർ ദക്ഷിണാഫ്രിക്കയിലെത്തി താരങ്ങളേയും കോച്ചിനേയും ചോദ്യം ചെയ്തിരുന്നു. ഇവർ അന്വേഷണം പൂർത്തിയാക്കിയ ശേഷം കുറ്റത്തിനുള്ള ശിക്ഷ ശുപാർശ ചെയ്യും. ഈ റിപ്പോർട്ടിൻമേൽ ഒരു സ്വതന്ത്ര കമ്മീഷണർ വാദം കേട്ട ശേഷമായിരിക്കും പിഴയുടെ കാഠിന്യം തീരുമാനിക്കുക. പെരുമാറ്റച്ചട്ട ലംഘനത്തിന് ലഭിക്കുന്ന പരമാവധി പിഴ ആജീവനാന്ത വിലക്കാണ്.
 

Latest News