Sorry, you need to enable JavaScript to visit this website.

കൊലയാളിയെ  ഒളിപ്പിച്ച രേഷ്മയ്ക്ക്  ആര്‍.എസ്.എസ് ബന്ധം-സ.പി.എം 

കണ്ണൂര്‍- ഹരിദാസ് വധക്കേസുമായി ബന്ധപ്പെട്ട് പ്രതിയെ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രേഷ്മയെ ജാമ്യത്തിലിറക്കിയത് ബി.ജെ.പിയാണെന്നും ഇവര്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പ്രതിയെ ഒളിപ്പിക്കാന്‍ ഒത്താശ ചെയ്തത് ബിജെപിയാണ്. രേഷ്മയെ ജയിലില്‍ നിന്ന് സ്വീകരിക്കാനെത്തിയതും ബി.ജെ.പിക്കാര്‍ തന്നെ. നിജിന്‍ ദാസ് കൊലക്കേസ് പ്രതിയാണെന്ന് രേഷ്മയ്ക്ക് നന്നായറിയാമായിരുന്നു. ഒന്നാംപ്രതി ലിജേഷ് ബി.ജെ.പി മണ്ഡലം പ്രസിഡന്റാണ്. ഇതില്‍ എല്ലാവരും ബി.ജെ.പിക്കാരും അനുഭാവികളുമാണ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വസ്തുതയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രേഷ്മയുടെ ഭര്‍ത്താവ് പ്രവാസി സംഘടനയുടെ ഭാരവാഹിയാണല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് 1920ല്‍ എല്ലാവരും കമ്യൂണിസ്റ്റായിരുന്നു എന്നായിരുന്നു മറുപടി. ഇതിന് ഉദാഹരണമായി ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്റെ കാര്യവും മുതിര്‍ന്ന സി.പി.എം നേതാവ് വിശദീകരിച്ചു. 
സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ പ്രതി നിജില്‍ദാസിനെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞുകൊണ്ട് തന്നെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിജില്‍ദാസിനെ രേഷ്മ സഹായിച്ചതിന് തെളിവുണ്ടെന്നും വീട് ആവശ്യപ്പെട്ടത് പ്രതി നേരിട്ടാണെന്നും വിശദ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇരുവരും തമ്മില്‍ ഒരു വര്‍ഷത്തിലധികമായി പരിചയമുണ്ട്.
കേസില്‍ അധ്യാപികയും പിണറായി സ്വദേശിയുമായ രേഷ്മയ്ക്ക് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നിജിന്‍ ദാസിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച കേസില്‍ ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. രേഷ്മയുടെ പിണറായിലെ വീട്ടിലായിരുന്നു പ്രതി ഒളിച്ച് താമസിച്ചത്. ഹരിദാസ് വധക്കേസിലെ പ്രതി നിജിന്‍ ദാസിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. നിജില്‍ ദാസ് പിടിയിലായതിന് പിന്നാലെ ഈ വീടിന് നേരെ ബോംബേറും ഉണ്ടായിരുന്നു. പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയ്ക്ക് സംരക്ഷണം ഒരുക്കിയത് കൊലയാളിയാണെന്ന് അറിയാതെയെന്ന് പ്രതിയ്ക്ക് താമസ സൗകര്യമൊരുക്കിയതിന് അറസ്റ്റിലായ രേഷ്മയുടെ കുടുംബം പറഞ്ഞിരുന്നു. രേഷ്മയും ഭര്‍ത്താവ് പ്രശാന്തും സിപിഐഎം അനുഭാവികളാണ്. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണ്. പ്രതി നിജിന്‍ ദാസിന്റെ ഭാര്യയാണ് രേഷ്മയോട് വീട് ആശ്യപ്പെട്ടത്. സ്ഥിരമായി വാടയ്ക്ക് നല്‍കുന്ന വീടാണിതെന്നും രേഷ്മയുടെ അച്ഛന്‍ രാജന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
 

Latest News