Sorry, you need to enable JavaScript to visit this website.

പാവപ്പെട്ടവർക്ക് അരി വിതരണം ചെയ്ത്  റിയാദ് പ്രവാസി ടി.വി.എസ് സലാം

സലാം ടി.വി.എസ്
  • റൈസ് ബാങ്ക് വാട്‌സ്ആപ് കൂട്ടായ്മ 

റിയാദ്- നാട്ടിൽ നടക്കുന്ന പാവപ്പെട്ടവരുടെ വിവാഹ സൽക്കാരങ്ങൾക്കും മറ്റും വിളമ്പാനുള്ള വിഭവങ്ങൾക്ക് അരിയടക്കമുള്ള ഭക്ഷ്യ വസ്തുക്കൾ നൽകുകയാണ് നിലമ്പൂർ പോത്തുകല്ല് സ്വദേശിയായ ടി.വി.എസ് സലാം. 2019 ലെ കവളപ്പാറ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് അത്താണിയായി നിന്ന അദ്ദേഹം ഇതുവരെ അറുനൂറോളം കുടുംബങ്ങൾക്ക് വിവാഹ സൽക്കാരാവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ നൽകി. 
ഈ വർഷം 1500 പേർക്കെങ്കിലും സഹായം നൽകാനാവുമെന്ന പ്രതീക്ഷയിലാണ് റിയാദിൽ ജോലി ചെയ്യുന്ന ടി.വി.എസ് സലാം.


പ്രവാസ ലോകത്തും നാട്ടിലുമായി പതിനായിരം പേർക്ക് ഭക്ഷ്യക്കിറ്റ് നൽകാനുള്ള പദ്ധതിയും ഇതോടൊപ്പം പുരോഗമിക്കുന്നു. ഇതിന്റെ ഉദ്ഘാടനം സാമൂഹിക പ്രവർത്തകനായ നാസർ മാനു 200 കുടുംബങ്ങൾക്ക് കിറ്റ് നൽകി കഴിഞ്ഞ മാസം നിർവഹിച്ചു. സൗദിയിലെ വിവിധ ലേബർ ക്യാമ്പുകളിലും നാട്ടിലെ അഗതി അനാഥ മന്ദിരങ്ങൾ, വൃദ്ധ സദനങ്ങൾ എന്നിവിടങ്ങളിലുമെല്ലാം കിറ്റുകൾ നൽകും.
2002 ൽ നാട്ടിലെ ആലംബഹീനരായ അഞ്ചു കുടുംബങ്ങൾക്ക് സ്ഥിരമായി അരി നൽകിയാണ് ജീവകാരുണ്യ പ്രവർത്തന രംഗത്തേക്കിറങ്ങിയത്. ഇപ്പോൾ 25 കുടുംബങ്ങൾ ഇതിന്റെ ഗുണഭോക്താക്കളാണ്. അവർക്കുള്ള അരി നാട്ടിലെ നിശ്ചിത കടകളിൽ നിന്ന് വാങ്ങാം. പണം കൃത്യമായി ഇദ്ദേഹം കടക്കാർക്ക് അയച്ചു കൊടുക്കും. 2018 ൽ ദൽഹിയിലെ അഭയാർഥി ക്യാമ്പിൽ സാമൂഹിക പ്രവർത്തകനായ നൂറുദ്ദീൻ ശൈഖ് വയനാടിന്റെ കൂടെ റോഹിംഗ്യ അഭയാർഥി ക്യാമ്പിൽ ഭക്ഷണ വിതരണത്തിന് പോയിരുന്നു. 


റോഹിംഗ്യ ക്യാമ്പിൽ മലയാളികളുടെ ഈ സഹായ വിതരണം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഭക്ഷണവും വസ്ത്രവും അടക്കമുള്ള കിറ്റ് സ്‌പോൺസർ ചെയ്തത് സലാം ടി.വി.എസ് ആയിരുന്നു. 
റിയാദിൽ ജോലിയും അതോടൊപ്പം ജീവകാരുണ്യ പ്രവർത്തനവും ഒന്നിച്ചു കൊണ്ടുപോവുകയാണിദ്ദേഹം. നാട്ടിൽ 18 വർഷത്തോളം നാലു ലൈൻ ബസുകളുടെ ഉടമ കൂടിയായിരുന്നു ഇദ്ദേഹം. കൊറോണക്ക് തൊട്ടു മുമ്പ് അവയെല്ലാം വിറ്റു. നിലമ്പൂർ കവളപ്പാറയിൽ നടന്ന ദുരന്ത സമയത്ത് ഓഡിറ്റോറിയവും ബസുകളുമെല്ലാം ദുരിതബാധിതരെ സഹായിക്കാൻ വിട്ടുകൊടുത്ത് ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായി. 
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ സഹായങ്ങൾ അനർഹർക്ക് ലഭിക്കുന്ന അവസ്ഥയിൽ സഹായ വിതരണം ക്രമീകരിക്കാൻ മുന്നിട്ടിറങ്ങി. തുടർന്ന് സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പർ പ്രചരിച്ചു. സഹായ ഹസ്തവുമായി എത്തുന്നവർ ടി.വി.എസിനെ ബന്ധപ്പെടാൻ തുടങ്ങി. അതോടെ തന്റെ ബസുകളും ഓഡിറ്റോറിയവും ജീവകാരുണ്യ പ്രവർത്തനത്തിന് വിട്ടുകൊടുത്ത് മുന്നിൽ നിൽക്കുകയായിരുന്നു ഇദ്ദേഹം.


അതിന് ശേഷമാണ് പാവപ്പെട്ടവരുടെ വിവാഹ സൽക്കാരത്തിന് അരി നൽകുന്ന പദ്ധതി തുടങ്ങിയത്. നൂറു കുടുംബത്തിന് നൂറു ചാക്ക് അരിയെന്നായിരുന്നു ആദ്യ തീരുമാനം. ഏതാനും സുമനസ്സുകൾ കൂടി പിന്തുണ നൽകിയതോടെ പദ്ധതി വിപുലമായി. ഇപ്പോൾ റൈസ് ബാങ്ക് വാട്‌സ്ആപ് കൂട്ടായ്മ രൂപീകരിച്ചാണ് അരി വിതരണം നടക്കുന്നത്. ഓരോ ജില്ലയിലും അഡ്മിൻമാരുണ്ടാകും. അതാത് ജില്ലയിലെ അർഹരെ കണ്ടെത്തി സഹായിക്കാനുള്ള മേൽനോട്ടം ഇവർക്കാണ്. ഇതുവരെ 666 കുടുംബങ്ങൾക്ക് നൽകി. പുറമെ 3000 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകളും നൽകുന്ന പദ്ധതിയുമുണ്ട്. 1200 കുടുംബങ്ങൾക്ക് ഇതുവരെ പച്ചക്കറി കിറ്റുകൾ നൽകി. പാവപ്പെട്ടവരുടെ വിവാഹത്തിന് ഒരു മാസം ഒരു പവൻ നൽകുന്ന പദ്ധതിയും ഇദ്ദേഹത്തിന്റേതായി ഉണ്ട്.


2015 ൽ നാട്ടിലെ പ്രവാസികളെ സംഘടിപ്പിച്ച് ജി.സി.സി ചാരിറ്റി കൂട്ടായ്മയുണ്ടാക്കിയിരുന്നു. സ്‌നേഹക്കൂട് എന്ന പേരിൽ പാവപ്പെട്ടവർക്ക് വീട് വെച്ചു നൽകാനുള്ള പദ്ധതി പ്രകാരം വയനാട്ടിലും മലപ്പുറത്തും രണ്ട് വീടുകൾ വെച്ച് നൽകി. മൂന്നാമത്തെ വീട് പാലക്കാടും നാലാമത്തേത് നിലമ്പൂരിലും നിർമാണം പൂർത്തിയായി വരുന്നു. 
24 വർഷമായി റിയാദിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. താഴത്ത് വീട്ടിൽ അബു ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഫൗസിയ. ശബ്‌നാൻ ഏക മകനാണ്.

Tags

Latest News