ദമാം- ശനിയാഴ്ച്ച മുതൽ അൽ ഹസയിൽനിന്നും ദമാമിലേക്ക് മടങ്ങവെ കാണാതായ മലയാളിയെ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ പേരാവൂർ സ്വദേശി സ്വപ്നിൽ സിമോണിനെ(24)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദമാമിലെ സൈൻ ട്രേഡിംഗ് കമ്പനിയിൽ മെക്കാനിക്കൽ എൻജീനയറായിരുന്നു. ശനിയാഴ്ച്ച മുതലാണ് സിമോണിനെ കാണാതായത്. അൽഹസയിൽനിന്നും ജോലി പൂർത്തിയാക്കി ദമാമിലേക്ക് മടങ്ങുന്നതിനിടെയാണ് സിമോണിനെ യും കൂടെയുള്ള പാക്കിസ്ഥാൻ സ്വദേശിയെയും കാണാതായിരുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ സിമോണിന്റെ മൃതദേഹം അബ്‌ഖൈഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയത്. പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് വഹാജ് ഇസ്ഹാഖിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം ദമാം മെഡിക്കൽ കോംപ്ലക്‌സിൽ ചികിത്സയിലാണ്. സിമോൺ ഓടിച്ച കൊറോള കാർ മറിഞ്ഞാണ് അപകടമുണ്ടായത്.
ഒന്നര വർഷം മുമ്പാണ് സ്വപ്‌നിൽ സിമോൺ ദമാമിലെത്തിയത്. നേരെത്തെ ദുബായിലായിരുന്നു ജോലി. ദമാമിലെ കാൽപന്ത് കളി മൈതാനങ്ങളിൽ നിറസാന്നിധ്യമായിരുന്ന സ്വപ്നിൽ സിമോൺ ബദർ ടീമിന്റെ സജീവ പ്രവർത്തകനായിരുന്നു. ജോലിയാവശ്യാർഥം ദമാമിൽനിന്നും കഴിഞ്ഞ ശനിയാഴ്ച്ചയാണ് അൽ ഹസയിലേക്ക് പോയത്. ശനിയാഴ്ച്ച രാത്രി തിരിച്ചെത്താതിരുന്നതിനാൽ കൂട്ടുകാരും ബദർ ക്ലബിന്റെ സാരഥികളായ സിദ്ദീഖ് കണ്ണൂർ, മുജീബ് പാറമ്മൽ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വപ്നിലിന്റെ അപകടവാർത്ത ദമാമിലെ ഫുട്‌ബോൾ പ്രേമികളേയും സംഘാടകരേയും ദുഖത്തിലാഴ്ത്തി. സ്വപ്നിലിന്റെ നിര്യാണത്തിൽ ദമാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ, ബദർ റോയൽ എഫ്.സി മാനേജ്‌മെന്റ് തുടങ്ങിയവർ അനുശോചനം രേഖപ്പേടുത്തി. പിതാവ് സിമോൺ ചാണ്ടി സെന്റ് ജോസഫ് സീനിയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പലാണ്.