Sorry, you need to enable JavaScript to visit this website.

പഴയ ചോദ്യപേപ്പര്‍ ഫോട്ടോസ്റ്റാറ്റെടുത്ത് പരീക്ഷ, കണ്ണൂരില്‍ വീണ്ടും വിവാദം

കണ്ണൂര്‍ - കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ വിവാദം. ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറും മുന്‍ വര്‍ഷ പരീക്ഷയുടെ തനിയാവര്‍ത്തനമായി.
സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ ചോദ്യപേപ്പര്‍ മുന്‍വര്‍ഷത്തേത് ആവര്‍ത്തിച്ചതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ പരീക്ഷാ കണ്‍ട്രോളറോട് റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് ഈ വിവരവും പുറത്തു വന്നത്.
മൂന്നാം സെമസ്റ്റര്‍ ബോട്ടണി ബിരുദ പരീക്ഷയുടെ ആള്‍ഗേ ആന്‍ഡ് ബ്രയോഫൈറ്റ്‌സ് ചോദ്യ പേപ്പറാണ് വിവാദത്തിന് അടിസ്ഥാനം. 2020 ല്‍ നടത്തിയ ഇതേ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നാണ് ആക്ഷേപം. ഏപ്രില്‍ 21 ന് ആയിരുന്നു പരീക്ഷ.  2020 ലെ ചോദ്യപേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് പരീക്ഷക്ക് നല്‍കിയത്. തിയതി മാത്രം മാറ്റിയാണ് പരീക്ഷാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കിയത്. സാധാരണഗതിയില്‍ മുപ്പത് ശതമാനം ചോദ്യങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്. ഇത്  മുന്‍ ചോദ്യപേപ്പറിന്റെ തനിപ്പകര്‍പ്പാണ് നല്‍കിയത്.

പരീക്ഷാ നടത്തിപ്പില്‍ ഗുരുതര പിഴവ് പറ്റിയതായി ഏറ്റുപറഞ്ഞ് പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ വിന്‍സെന്റ് രംഗത്തെത്തി. സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നറിയിച്ച പരീക്ഷാ കണ്‍ട്രോളര്‍, ചോദ്യം തയ്യാറാക്കിയ അധ്യാപകര്‍ പഴയ ചോദ്യ പേപ്പര്‍ അതേപടി നല്‍കുകയായിരുന്നുവെന്നും വിശദീകരിച്ചു. അധ്യാപകരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അത് ലഭിച്ച് കഴിഞ്ഞാല്‍ വൈസ് ചാന്‍സിലറെ അറിയിക്കും. കുറ്റക്കാരായ അധ്യാപകരെ കണ്ണൂര്‍ സര്‍വ്വകലാശാല കരിമ്പട്ടികയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News