Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിടിച്ചത് 266 കിലോ സ്വര്‍ണം

കൊണ്ടോട്ടി- ഗള്‍ഫില്‍നിന്ന് എത്തിയ യാത്രക്കാരില്‍നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം എയര്‍കസ്റ്റംസ് ഇന്റലിജന്‍സും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേര്‍ന്ന്് പിടികൂടിയത് 266 കിലോ സ്വര്‍ണം. കരിപ്പൂര്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് മാത്രം 200 കിലോ സ്വര്‍ണവും കസറ്റംസ് പ്രിവന്റീവ് വിഭാഗം 66 കിലോ സ്വര്‍ണവുമാണ് പിടിച്ചത്. പുറമെ ഡി.ആര്‍.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്), സംസ്ഥാന പോലിസും സ്വര്‍ണ വേട്ട നടത്തിയിട്ടുണ്ട്. ഇതോടെ പിടിച്ചെടുത്ത സ്വര്‍ണം 280 കിലോയോളം വരും.
214 യാത്രക്കാരില്‍നിന്നാണ് കസ്റ്റംസ് 87.92 കോടിയുടെ സ്വര്‍ണം കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം കസ്റ്റംസ് പിടിച്ചത് 77 കേസുകളിലായി 24.87 കോടിയുടെ 54.95 കിലോ ഗ്രാം സ്വര്‍ണമാണ്. ഇതില്‍ 5.56 കിലോ സ്വര്‍ണം കടത്തി പിടിയിലായത് ഏഴ് സ്ത്രീകളാണ്. കസറ്റംസ് പ്രിവന്റീവ് വിഭാഗം 81 യാത്രക്കാരില്‍ നിന്നാണ് 66 കിലോ സ്വര്‍ണം പിടിച്ചത്.
സ്വര്‍ണക്കട്ടികള്‍,ബിസ്‌ക്കറ്റുകള്‍ എന്നിവക്ക് പകരം കൂടുതല്‍ പേരും സ്വര്‍ണം മിശ്രിത രൂപത്തിലാണ് കടത്തുന്നത്. ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് കൂടുതല്‍ യാത്രക്കാരുമെത്തിയത്. എയര്‍കസ്റ്റംസ് പിടികൂടിയ കേസില്‍ 214 കേസുകളില്‍ 165 യാത്രക്കാരും സ്വര്‍ണം മിശ്രിതമായാണ് കടത്തിയത്.മറ്റുള്ളവര്‍ ഇലക്ട്രോണിക് യന്ത്രങ്ങളിലും മറ്റുമാണ് സ്വര്‍ണം കടത്തിയത്. രഹസ്യ വിവരം ലഭിക്കുന്നതിന് തുടര്‍ന്നാണ് സ്വര്‍ണക്കടത്ത് കൂടുതലും പിടിക്കപ്പെടുന്നത്.
   

 

 

Latest News