തിരുവനന്തപുരം - മായം ചേര്‍ത്ത മത്സ്യം പിടിച്ചെടുക്കാന്‍ സംസ്ഥാന വ്യാപകമായി പരിശോധന. നിരവധി സ്ഥലങ്ങളില്‍ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
പഴകിയതും ഫോര്‍മാലിന്‍ ചേര്‍ത്തതുമായ മത്സ്യം വിപണിയിലെത്തുന്നതായുള്ള പരാതി വര്‍ധിച്ചതോടെയാണ് ഭക്ഷ്യസുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി പരിശോധന നടത്തിയത്. മലപ്പുറം തിരൂരിലും ഇടുക്കി തൊടുപുഴയിലും തിരുവനന്തപുരം പള്ളത്തും പഴകിയതും ഫോര്‍മാലിന്‍ ചേര്‍ത്തതുമായ മത്സ്യം പിടിച്ചെടുത്തു.
തിരൂര്‍ മീന്‍ചന്തയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഫോര്‍മാലിന്‍ കലര്‍ന്ന 150 കിലോ തളയന്‍ മീന്‍ പിടിച്ചെടുത്തു. ഓപ്പറേഷന്‍ സാഗരറാണിയുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും സംയുക്തമായി തിരൂര്‍ മീന്‍ചന്തയില്‍ പരിശോധന നടത്തിയത്.
ഇടുക്കി ജില്ലയില്‍ തൊടുപുഴ, ഹൈറേഞ്ച് മേഖലകളിലാണ് പഴകിയ മീന്‍ വില്‍പ്പനയ്ക്കെത്തിക്കുന്നത്. കേടാകാതിരിക്കാന്‍ ഇതില്‍ രാസവസ്തുക്കളും മറ്റും കലര്‍ത്തുന്നതുമൂലം ഭക്ഷിക്കുന്നവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്ന ഒട്ടേറെ സംഭവങ്ങള്‍ രണ്ടാഴ്ചയ്ക്കിടെയുണ്ടായി. പച്ചമീന്‍ തിന്ന പൂച്ചകളില്‍ ചിലത് ചത്തുവീഴുകയും മറ്റു ചിലത് അത്യാസന്ന നിലയിലാവുകയും ചെയ്തു.
ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് മീന്‍ വില്‍പ്പനയ്ക്കായി എത്തിക്കുന്നത്. ഇടുക്കിജില്ലയിലെ മത്സ്യവില്‍പ്പനശാലകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി. തൊടുപുഴ, ചെറുതോണി, കുമളി, അണക്കര എന്നീ പ്രദേശങ്ങളില്‍ 20, 21 തീയതികളില്‍ നടത്തിയ പരിശോധനയില്‍ 42 കിലോ പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത കേര, നത്തോലി, വിളമീന്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
ആലപ്പുഴയിലെ 33 ഇടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ കണ്ടെത്തിയില്ല.
മാവേലിക്കര, കുട്ടനാട്, അമ്പലപ്പുഴ മേഖലകളിലായിരുന്നു വെള്ളിയാഴ്ച പരിശോധിച്ചത്. പഴകിയ മീനുകള്‍ കണ്ടെത്താനായില്ലെങ്കിലും ചിലയിടങ്ങളില്‍ വൃത്തിയില്ലാത്ത സാഹചര്യത്തില്‍ മീന്‍വില്‍പ്പന നടത്തുന്നതായി കണ്ടെത്തി.
വിഴിഞ്ഞം കരുംകുളം പള്ളത്തെ മീന്‍ചന്തയില്‍ വില്‍പ്പനക്ക് എത്തിച്ച പഴകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. തമിഴ്‌നാട് തേങ്ങാപ്പട്ടണത്തില്‍ നിന്നും കണ്ടെയിനറില്‍ പള്ളം ചന്തയില്‍ എത്തിച്ച മീനാണിത്. 250-കിലോ വരുന്ന ചെമ്മീനാണ് പരിശോധനയില്‍ പഴകിയതെന്ന് കണ്ടെത്തിയത്. പിടികൂടിയ മീന്‍ കടപ്പുറത്ത് കുഴിച്ചുമൂടി.