കൊച്ചി- നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ എത്തിയാണ് നടിയുടെ മൊഴിയെടുത്തത്. മൂന്നരമണിക്കൂറോളം മൊഴിയെടുക്കല്‍ നീണ്ടു.
ഗൂഢാലോചന സംബന്ധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു നടപടി. ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ചാറ്റുകളെക്കുറിച്ചും ഓഡിയോ സന്ദേശങ്ങളെക്കുറിച്ചും മഞ്ജുവിനോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായാണ് സൂചനകള്‍.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത് ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ മഞ്ജു വാര്യരായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ദിലീപിലേക്ക് എത്തുന്നതും പ്രതി ചേര്‍ക്കപ്പെടുന്നതും.
കഴിഞ്ഞദിവസം നടന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് വീണ്ടും മഞ്ജുവിന്റെ മൊഴിയെടുക്കാനുള്ള തീരുമാനമെടുത്തത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെയും മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞു.
വധഗൂഢാലോചന കേസില്‍ തുടരന്വേഷണത്തിനായി കോടതി 40 ദിവസം ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നു. കാവ്യാ മാധവന്‍, നടന്‍ ദിലീപിന്റെ അഭിഭാഷകര്‍, ദിലീപിന്റെ ബന്ധുക്കള്‍ എന്നിവരെയെല്ലാം ഇനി ചോദ്യംചെയ്യേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ദിലീപ് ഫോണില്‍നിന്ന് നീക്കിയ വാട്‌സാപ്പ് ചാറ്റുകളിലുള്ളവരെയും ചോദ്യംചെയ്യാനൊരുങ്ങുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണവുമായി കേരളാ പോലീസിന് മുന്നോട്ട് പോകാമെന്ന ഹൈക്കോടതി വിധി വന്നതോടെ അന്വേഷണം ഊര്‍ജിതമാണ്. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി തള്ളിയ ഹൈക്കോടതി, എഫ്‌ഐആര്‍ റദ്ദാക്കില്ലെന്നും വ്യക്തമാക്കുകയായിരുന്നു. ദിലീപും സഹോദരന്‍ അനൂപും അടക്കം ആറ് പ്രതികളാണ് വധ ഗൂഢാലോചനാ കേസിലുള്ളത്.