പാലക്കാട്- കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ആദ്യ പത്തുദിവസത്തെ വരുമാനക്കണക്ക് പുറത്തുവിട്ടതിന് പിന്നാലെ സ്വിഫ്റ്റിന്റെ ലാഭനഷ്ട കണക്ക് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. സ്വിഫ്റ്റിന്റെ പത്ത് ദിവസത്തെ വരുമാനം 61 ലക്ഷമാണെന്ന് പറഞ്ഞ അധികൃതര്‍ ഇതുവരെയുള്ള ചെലവ് സംബന്ധിച്ച കണക്കുകള്‍ എന്താണ് പുറത്തുവിടാത്തതെന്ന് അദ്ദേഹം ചോദിച്ചു.
ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സുകളുടെ ആദ്യ ദിവസങ്ങളിലെ അപകട വാര്‍ത്തകളേത്തുടര്‍ന്ന് മാധ്യമങ്ങള്‍ക്കെതിരെയും പ്രത്യേകിച്ചും ചില വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും വളരെ രൂക്ഷമായ രീതിയില്‍ സിപിഎമ്മുകാര്‍ സൈബറാക്രമണം അഴിച്ചുവിട്ടിരുന്നു. അതില്‍ ഭയന്നിട്ടാണോ എന്നറിയില്ല, ഇപ്പോള്‍ ഒന്നു രണ്ട് ദിവസമായി സ്വിഫ്റ്റ് വാഴ്ത്തുകളാണ് എല്ലാ മാധ്യമങ്ങളിലും. ആദ്യ വാര്‍ത്തകള്‍ ഏകപക്ഷീയമായ നെഗറ്റീവ് സ്വഭാവത്തിന്റെ പേരിലാണ് ശ്രദ്ധേയമായിരുന്നതെങ്കില്‍ ഇപ്പോള്‍ പോസിറ്റിവിറ്റി കുത്തിനിറക്കാനുള്ള ഏകപക്ഷീയ പിആര്‍ പ്രചരണമായി സ്വിഫ്റ്റ് വാര്‍ത്തകള്‍ മാറുകയാണ്.
ഈ വാര്‍ത്തകള്‍ തന്നെ നോക്കൂ, 10 ദിവസം കൊണ്ട് സ്വിഫ്റ്റ് '61 ലക്ഷം വരുമാനം' ഉണ്ടാക്കി എന്നാണ് വാര്‍ത്ത. കേള്‍ക്കുമ്പോള്‍ നമുക്കെല്ലാം സന്തോഷം തോന്നും. എന്നാല്‍ ഉള്ളിലേക്ക് കടന്നാലാണ് ഈ 61 ലക്ഷം എന്നത് ലാഭമല്ല, കേവലം ടിക്കറ്റ് കളക്ഷനാണ് എന്ന് മനസ്സിലാവുന്നത്. അപ്പോള്‍ ചെലവെത്രയാണ്? മൊത്തത്തില്‍ ഈ പരിപാടി ലാഭമോ നഷ്ടമോ? അതിനേക്കുറിച്ചൊന്നും വാര്‍ത്തകളില്‍ യാതൊരു സൂചനയുമില്ല. മാധ്യമങ്ങള്‍ എല്ലാ വശങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള വാര്‍ത്തകള്‍ നല്‍കുന്നതിന് പകരം പിആര്‍ ഏജന്‍സികളായി മാറിയാലുണ്ടാവുന്ന അവസ്ഥ ഇതാണ്.
ലഭ്യമായ കണക്കുകളും അനുമാനങ്ങളും വെച്ച് നമുക്ക് സ്വിഫ്റ്റിന്റെ പ്രവര്‍ത്തനത്തെ ഒന്ന് വിലയിരുത്തി നോക്കാം. വാര്‍ത്തയില്‍ പറഞ്ഞ പോലെ ഇതുവരെയുള്ള ഗ്രോസ് കളക്ഷന്‍ 61 ലക്ഷം രൂപ. 30 ബസ്സുകളുണ്ടെന്ന് കാണുന്നു. ഇവ ആകെ ഓടി പൂര്‍ത്തിയാക്കിയത് 1,26,818 കിലോമീറ്ററാണ് എന്നും വാര്‍ത്തയിലുണ്ട്. അതായത് കിലോമീറ്ററിന് ശരാശരി 48 രൂപയാണ് സ്വിഫ്റ്റിന്റെ കളക്ഷന്‍.
ഇനി വാര്‍ത്തയില്‍ പറയാത്ത ചെലവിന്റെ കണക്കുകള്‍ ഒന്ന് അനുമാനിക്കാം. ഇത്തരം ബസുകള്‍ക്ക് 4സാ ല്‍ താഴെ മാത്രമേ മൈലേജ് ലഭിക്കാന്‍ സാധ്യതയുള്ളൂ. എസി ഒക്കെ ഉണ്ടെങ്കില്‍ മൈലേജ് പിന്നെയും കുറയും. 1,26,818 കിലോമീറ്റര്‍ ഓടാന്‍ ഏതാണ്ട് 32,000 ലിറ്റര്‍ ഡീസല്‍ ഇതിനോടകം ഉപയോഗിച്ചിട്ടുണ്ടാവും. ലിറ്ററിന് 103 രൂപ കണക്കാക്കിയാല്‍ ഏതാണ്ട് 33 ലക്ഷം രൂപ ഡീസലിന് മാത്രം ഇതുവരെ ചെലവ് വന്നിട്ടുണ്ട് എന്നു കാണാം.
ഇനി ജീവനക്കാരുടെ ശമ്പളച്ചെലവ്. ഒരു ബസിന് ശരാശരി 15 ജീവനക്കാര്‍ കെഎസ്ആര്‍ടിസിയിലുണ്ട് എന്നാണ് കണക്ക്. വേണ്ട, 10 ജീവനക്കാര്‍ എന്ന് കണക്ക് വക്കാം. അപ്പോള്‍ 30 സ്വിഫ്റ്റ് ബസിനായി 300 ജീവനക്കാര്‍. ഇവര്‍ക്ക് ഒരു മാസത്തെ ശരാശരി ശമ്പളം 40,000 രൂപയായി കണക്കാക്കാം. (യഥാര്‍ത്ഥത്തില്‍ പലരുടേയും ശമ്പളം ഇതിന്റെ ഇരട്ടിയിലധികമാണ്). അതായത് 300 പേര്‍ക്ക് 40,000 വെച്ച് ഒരു മാസത്തെ ശമ്പളം 120 ലക്ഷം. പത്ത് ദിവസത്തെ ശമ്പളം അതിന്റെ മൂന്നിലൊന്നായ 40 ലക്ഷം.
വണ്ടികളുടെ തേയ്മാനവും ടാക്‌സ്, ഇന്‍ഷുറന്‍സ് ഒന്നും പരിഗണിക്കാതെ കേവലം ഡീസല്‍, ശമ്പളച്ചെലവ് പരിഗണിച്ചാല്‍ത്തന്നെ 10 ദിവസം കൊണ്ട് 33+40= 73 ലക്ഷം ചെലവ് സ്വിഫ്റ്റ് ബസുകളുടെ നടത്തിപ്പിനായി വന്നിട്ടുണ്ടാകും. കാണാച്ചെലവുകള്‍ എല്ലാം പരിഗണിച്ചാല്‍ ഇത് ഒരു കോടിക്ക് മുകളിലേക്ക് പോകും. വണ്ടി വാങ്ങിയ ഇനത്തിലെ കടബാധ്യതയും അതിന്റെ പലിശച്ചെലവും ഇവിടെ പരിഗണിച്ചിട്ടില്ല. അതായത് 10 ദിവസത്തെ കേവലം ഓപ്പറേറ്റിംഗ് നഷ്ടം മാത്രം 12 ലക്ഷത്തോളം വരും, യഥാര്‍ത്ഥ നഷ്ടം 50 ലക്ഷത്തോളവും.
സ്വിഫ്റ്റ് ബസ് സര്‍വ്വീസ് ഇതര സംസ്ഥാനങ്ങളിലേക്കുള്ള ദീര്‍ഘദൂര യാത്രക്കാര്‍ക്ക് പ്രയോജനകരം തന്നെയാണ്, സംശയമില്ല. അതുകൊണ്ടുതന്നെ കെഎസ്ആര്‍ടിസി കൂടുതല്‍ ഇത്തരം സര്‍വ്വീസുകള്‍ ആരംഭിക്കട്ടെ. പക്ഷേ, പകുതി കണക്കുകളും അര്‍ദ്ധസത്യങ്ങളും മാത്രം പറഞ്ഞ് തെറ്റായ പൊതുബോധം സൃഷ്ടിക്കുന്നത് ഒരു പൊതുമേഖലാ സ്ഥാപനത്തിന് ചേര്‍ന്നതല്ല, ആ കണക്കുകള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്നത് നല്ല മാധ്യമ പ്രവര്‍ത്തനവുമല്ല.