കേരളം 3-മഹാരാഷ്ട്ര 0
ബംഗാൾ 1-ചണ്ഡീഗഢ് 0
ഹൗറ - മഹാരാഷ്ട്രയെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തകർത്ത് തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയ കേരളം എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ചണ്ഡീഗഢിനെ 1-0 ന് മറികടന്ന ബംഗാളും ഗ്രൂപ്പ് എ-യിൽ നിന്ന് സെമി ഉറപ്പാക്കി. കേരളവും ബംഗാളും തമ്മിലുള്ള നാളത്തെ കളിയിലെ വിജയികൾ ഗ്രൂപ്പ് ചാമ്പ്യന്മാരാവും. ആ കളി സമനിലയായാൽ മികച്ച ഗോൾവ്യത്യാസത്തിൽ കേരളം ഒന്നാം സ്ഥാനത്തെത്തും.
2000 ൽ കേരളത്തിൽ നടന്ന സന്തോഷ് ട്രോഫിയുടെ ഫൈനലിൽ തങ്ങളെ തോൽപിച്ച മഹാരാഷ്ട്രക്കെതിരെ ഹൗറ ശൈലൻ മന്ന സ്റ്റേഡിയത്തിൽ കേരളത്തിന്റെ പൂർണ ആധിപത്യമായിരുന്നു. ഇരുപത്തിനാലാം മിനിറ്റിൽ ക്യാപ്റ്റൻ രാഹുൽ രാജും മുപ്പത്തൊമ്പതാം മിനിറ്റിൽ എം.എസ് ജിതിനും നേടിയ ഗോളുകളിൽ ഇടവേളയിൽ 2-0 ന് ലീഡ് ചെയ്യുകയായിരുന്നു കേരളം. അമ്പത്തെട്ടാം മിനിറ്റിൽ കെ.പി രാഹുൽ ലീഡ് വർധിപ്പിച്ചു.
തുടക്കം മുതൽ കേരളം ആഞ്ഞടിച്ചപ്പോൾ ഗോളി ആതിഥ്യ മിശ്രയാണ് മഹാരാഷ്ട്രയെ രക്ഷിച്ചത്. വി.കെ. അഫ്ദലിന്റെയും പി.സി അനുരാഗിന്റെയും ജിതിൻ ഗോപാലന്റെയും ഷോട്ടുകൾ മഹാരാഷ്ട്ര ഗോളി രക്ഷപ്പെടുത്തി. നിരവധി അവസരങ്ങൾ പാഴാക്കിയ ശേഷമാണ് പെനാൽട്ടി കിക്കിലൂടെ രാഹുൽ രാജ് അക്കൗണ്ട് തുറന്നത്. അഫ്ദലിനെ മഹാരാഷ്ട്ര ഡിഫന്റർ പ്രമോദ് പാണ്ഡെ വീഴ്ത്തിയതിനായിരുന്നു പെനാൽട്ടി.
കേരളത്തിന്റെ നിരന്തര സമ്മർദ്ദം മുപ്പത്തൊമ്പതാം മിനിറ്റിൽ വീണ്ടും ഫലം കണ്ടു. അനുരാഗും കെ.പി രാഹുലും കൈമാറി വന്ന പന്ത് ബോക്‌സിൽ നിന്ന് ജിതിൻ വലയിലേക്ക് വളച്ചുവിടുകയായിരുന്നു. രണ്ടാം പകുതിയിൽ ജസ്റ്റിൻ ജോർജിനു പകരം ഇറങ്ങിയ ശ്രീരാഗ് ഗോപാലാണ് മൂന്നാം ഗോളിന് വഴിയൊരുക്കിയത്. രണ്ട് ഡിഫന്റർമാരെ വെട്ടിച്ച് രാഹുൽ പന്ത് വലയിലേക്ക് പായിച്ചു. അവസാന വേളയിൽ മഹാരാഷ്ട്ര ആശ്വാസ ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ചണ്ഡീഗഢിനെതിരെ പതിനെട്ടാം മിനിറ്റിൽ ബിദ്യാസാഗർ സിംഗാണ് ബംഗാളിന്റെ വിജയ ഗോളടിച്ചത്. ബിദ്യാസാഗറും തീർഥാങ്കർ സർക്കാരും അരങ്ങുവാണപ്പോൾ ബംഗാളിന് പൂർണ ആധിപത്യമായിരുന്നു. എന്നാൽ ചണ്ഡീഗഢ് ഗോളി സൽമാൻ ലത്വീഫ് ഉറച്ചുനിന്നു. മുപ്പത്താറാം മിനിറ്റിൽ മോണോടോഷ് ചക്‌ലാദർക്ക് പരിക്കേറ്റ് മടങ്ങേണ്ടി വന്നതാണ് ബംഗാളിന്റെ നിരാശ. അവസാന വേളയിൽ ചണ്ഡീഗഢിന്റെ വിവേക് റാണയുടെ ഹെഡർ ക്രോസ്ബാറിനിടിച്ചു മടങ്ങി.