Sorry, you need to enable JavaScript to visit this website.

സൗദിയിൽ 2633 വനിതാ എൻജിനീയർമാർ

റിയാദ് - രാജ്യത്ത് 2633 വനിതാ എൻജിനീയർമാർ നിയമാനുസൃതം പ്രവർത്തിക്കുന്നതായി ഔദ്യോഗിക കണക്ക്. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ 2633 വനിതാ എൻജിനീയർമാർക്കാണ് രജിസ്‌ട്രേഷനുള്ളത്. ഇക്കൂട്ടത്തിൽ 1420 പേർ സൗദികളും 1213 പേർ വിദേശികളുമാണ്. വനിതാ എൻജിനീയർമാരിൽ സൗദികൾ 54 ശതമാനവും വിദേശികൾ 46 ശതമാനവുമാണ്. സൗദി വനിതാ എൻജിനീയർമാരിൽ ഏറ്റവും കൂടുതൽ പേർ ഇന്റീരിയർ ഡിസൈനർമാരാണ്. രണ്ടാം സ്ഥാനത്ത് ആർകിടെക്റ്റുമാരാണെന്ന് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വക്താവ് എൻജിനീയർ അബ്ദുന്നാസിർ അൽഅബ്ദുല്ലത്തീഫ് പറഞ്ഞു. 
തൊഴിൽ മേഖലയിൽ വനിതാ എൻജിനീയർമാർ ചില പ്രതിബന്ധങ്ങൾ നേരിടുന്നുണ്ടെങ്കിലും ഇക്കൂട്ടത്തിൽ നിരവധി പേർ അവ വിജയകരമായി തരണം ചെയ്തതിട്ടുണ്ട്. റിയാദ് മെട്രോ, ഹറമൈൻ ട്രെയിൻ അടക്കമുള്ള വൻകിട പദ്ധതികളിൽ ഇവർ വലിയ തോതിൽ പങ്കാൡത്തം വഹിച്ചിട്ടുണ്ട്. വനിതാ എൻജിനീയർമാർ നേരിടുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാക്കുന്നതിനും സുരക്ഷിതമായ തൊഴിൽ സാഹചര്യം അവർക്ക് ഉറപ്പു വരുത്തുന്നതിനും കൗൺസിൽ ശ്രമിച്ചുവരികയാണ്. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് നിയമങ്ങൾ സ്ത്രീപുരുഷ എൻജിനീയർമാർക്കിടയിൽ ഒരു വേർതിരിവും കാണിക്കുന്നില്ല. കൗൺസിൽ അംഗത്വം, കൗൺസിൽ ഡയറക്ടർ ബോർഡിലേക്ക് മത്സരിക്കൽ എന്നീ കാര്യങ്ങളിലെല്ലാം വനിതാ, പുരുഷ എൻജിനീയർമാർക്ക് തുല്യാവകാശമാണുള്ളത്. സൗദിയിൽ എൻജിനീയറിംഗ് മേഖല അടക്കം മുഴുവൻ തൊഴിൽ മേഖലകളിലേക്കും വനിതകൾ കൂടുതലായി കടന്നുവന്നുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ സൗദിയിൽ എൻജിനീയറിംഗ് മേഖലയിലും വൻകിട പദ്ധതികളിലും വനിതകളുടെ പങ്കാളിത്തം വർധിക്കും. എൻജിനീയറിംഗ് മേഖലയിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കുന്നതിനും കൗൺസിൽ വലിയ പ്രാധാന്യം നൽകുന്നുണ്ട്. എൻജിനീയറിംഗ് മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി കൗൺസിൽ ഏകോപനം നടത്തിയിട്ടുണ്ട്. ഈ ലക്ഷ്യത്തോടെ ഏതാനും നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് മിനിമം മൂന്നു വർഷത്തെ പരിചയ സമ്പത്ത് നേരത്തെ നിർബന്ധമാക്കിയിരുന്നു. കഴിഞ്ഞ ജനുവരി ഒന്നു മുതൽ ഇത് അഞ്ചു വർഷമായി ഉയർത്തിയിട്ടുണ്ട്. സർക്കാർ വകുപ്പുകളുമായി ഒപ്പുവെക്കുന്ന എൻജിനീയറിംഗ് കൺസൾട്ടൻസി കരാറുകൾക്കു കീഴിലെ എൻജിനീയർമാരിൽ പത്തു ശതമാനം പുതുതായി ബിരുദം നേടി പുറത്തിറങ്ങിയ സൗദി എൻജിനീയർമാരായിരിക്കണമെന്ന വ്യവസ്ഥയും ബാധകമാക്കിയിട്ടുണ്ട്. സൗദി എൻജിനീയർമാരുടെ ഹെൽത്ത് ഇൻഷുറൻസ് ചെലവുകൾ കൗൺസിൽ വഹിക്കൽ, ഉയർന്ന വിലയുള്ള എൻജിനീയറിംഗ് പ്രോഗ്രാം സോഫ്റ്റ്‌വെയറുകൾ സൗജന്യമായി നൽകൽ, എൻജിനീയർമാർക്ക് സൗജന്യ പരിശീലനം നൽകൽ പോലെ സൗദി എൻജിനീയർമാർക്ക് സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ കൗൺസിൽ നടപ്പാക്കിയിട്ടുണ്ടെന്നും എൻജിനീയർ അബ്ദുന്നാസിർ അൽഅബ്ദുല്ലത്തീഫ് പറഞ്ഞു. 
അസിസ്റ്റന്റ് എൻജിനീയർമാരുടെയും എൻജിനീയറിംഗ് ബിരുദം നേടിയ ടെക്‌നിഷ്യന്മാരുടെയും സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധന നടത്തുന്നതിന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ നിർദേശം നൽകിയിട്ടുണ്ട്. ഏതാനും മാസങ്ങൾക്കിടെ 20,000 ഓളം സർട്ടിഫിക്കറ്റുകൾ കൗൺസിൽ സൂക്ഷ്മ പരിശോധന നടത്തിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്നവർക്ക് തടവും നാടുകടത്തലും ശിക്ഷ ലഭിക്കും. കൂടാതെ ഇവർക്ക് വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തും. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സൗദിയിൽ തൊഴിൽ നേടിയ 198 വിദേശ എൻജിനീയർമാർ ഏതാനും മാസങ്ങൾക്കിടെ കുടുങ്ങിയിരുന്നു. ഇവർക്കെതിരായ കേസുകൾ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൗദിയിൽ പ്രവേശിക്കുന്നതിനു മുമ്പു തന്നെ എൻജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന രീതി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് നടപ്പാക്കിയിട്ടുണ്ട്. സൗദി കമ്പനികളിൽ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പായി വിദേശ എൻജിനീയർമാരുടെ പക്കലുള്ള സർട്ടിഫിക്കറ്റുകൾ കൗൺസിൽ പരിശോധിക്കുന്നുണ്ട്. സൗദിയിൽ എത്തിയ ശേഷം വ്യാജ സർട്ടിഫിക്കറ്റുകളാണെന്ന് കണ്ടെത്തുന്നവർക്കെതിരായ കേസുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയാണ് കൗൺസിൽ ചെയ്യുന്നത്. പുതിയ ഇഖാമ നേടുന്നതിനും ഇഖാമ പുതുക്കുന്നതിനും മുമ്പായി വിദേശ എൻജിനീയർമാർ ഓൺലൈൻ വഴി കൗൺസിലിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത യൂനിവേഴ്‌സിറ്റികൾ അവ ഒറിജിനലാണെന്ന് അറിയിക്കുന്ന പക്ഷം വിദേശ എൻജിനീയർമാരെ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും സൗദിയിൽ ജോലി ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിക്കുകയും ചെയ്യും. ഇക്കാര്യം ഓൺലൈൻ വഴി ജവാസാത്ത് ഡയറക്ടറേറ്റിനെയും അറിയിക്കും. 
വ്യാജ സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയാൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ചുമതലയുള്ള കമ്പനിയുടെ റിപ്പോർട്ടും യൂനിവേഴ്‌സിറ്റി കത്തും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് ഔദ്യോഗികമായി സമർപ്പിക്കും. സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന, പരിചയ സമ്പത്ത് വ്യവസ്ഥ തീരുമാനം എന്നിവ ഏറ്റവും മികച്ച നിലയിൽ നടപ്പാക്കുന്നതിന് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിനെയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തെയും ജവാസാത്തിനെയും നാഷണൽ ഇൻഫർമേഷൻ സെന്ററിനെയും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. 
 

Latest News