കണ്ണൂര്‍- കണ്ണൂരില്‍ പ്രതിഷേധങ്ങളുണ്ടായാലും പൊലീസിന്റെ സഹായത്തോടെ ഇന്നും സില്‍വര്‍ ലൈന്‍ സര്‍വ്വേ തുടരുമെന്ന് ഉദ്യോഗസ്ഥര്‍. ചാല മുതല്‍ തലശ്ശേരി വരെയുള്ള കല്ലിടല്‍ ജോലിയാണ് ഇനി ബാക്കിയുള്ളത്. രാവിലെ പത്ത് മണി മുതലാണ് കല്ലിടല്‍ ജോലി ആരംഭിക്കുക. ഉദ്യോഗസ്ഥരെ ഇന്നും തടയാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സമര സ്ഥലത്ത് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്നലെ നാട്ടിയ കല്ലുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതുമാറ്റി റീത്ത് വച്ചിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസ് കാലത്ത് നിര്‍ത്തിവച്ച സില്‍വര്‍ ലൈന്‍ സര്‍വേ ഇന്നലെയാണ് വീണ്ടും തുടങ്ങിയത്. കണ്ണൂര്‍ ചാലയില്‍ കെ റെയില്‍ കുറ്റിയുമായി വന്ന വാഹനം ഇന്നലെ സമരക്കാര്‍ തടയിരുന്നു. ചാലയില്‍ നാട്ടിയ കുറ്റികള്‍ മിനുട്ടുകള്‍ക്കകം പ്രതിഷേധക്കാര്‍ പിഴുത് മാറ്റി. പൊലീസും ഉദ്യോഗസ്ഥരും നീങ്ങിയതിന് പിന്നാലെയാണ് പിഴുതെറിഞ്ഞത്. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരായ പ്രതിഷേധത്തിനിടെയുള്ള പൊലീസ് നടപടി വന്‍ പ്രതിഷേധത്തിനിടയാക്കി. ഉദ്യോഗസ്ഥരെ തടഞ്ഞ സമരക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്ത്തിയതാണ് വിവാദമായത്. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചു.