ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ രസകരമായ പ്രസ്താവനകളുടെ പെരുമഴക്കാലവുമായി. ആദ്യ വെടി പൊട്ടിച്ചത് ബി.ജെ.പിയുടെ രാജ്യസഭാംഗമാണ്. തലശ്ശേരിക്ക് ലഭിച്ച രണ്ടാമത്തെ എം.പി വി. മുരളീധരൻ. റിച്ചാർഡ് ഹേയെ ആദ്യം നോമിനേറ്റ് ചെയ്തു. വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രന്റെ ജോലി ഭാരം കുറയുമെന്ന് പ്രതീക്ഷിക്കാം. സുരേഷ് ഗോപി, അൽഫോൻസ് കണ്ണന്താനം എന്നിവരുൾപ്പെടെ കേരളത്തിൽ നിന്ന് രാജ്യസഭയിൽ നാല് പേരായി. പോരാത്തതിന് ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ കർണാടക വഴിയും പാർലമെന്റിലെത്തി. മഹാരാഷ്ട്രയിലൂടെ എത്തിയ മുരളീധരന്റെ സ്റ്റേറ്റ്‌മെന്റുമായാണ് വാരാദ്യത്തിൽ ചാനലുകൾ ആഘോഷിച്ചത്. ഒരു തെരഞ്ഞെടുപ്പാകുമ്പോൾ ഏത് കള്ളന്റേയും കൊലപാതകിയുടേയും വോട്ട് സ്വീകരിക്കുമെന്ന് പറഞ്ഞത് പ്രധാന വാർത്തയായി എല്ലാവരും ടെലികാസ്റ്റ് ചെയ്തു. താമര പാർട്ടിയുടെ മറ്റൊരു നേതാവ് പാലായിലെ മാണിക്യത്തെ കാണാൻ ചെന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ കൊട്ട്.
മാതൃഭൂമി ന്യൂസിൽ അതാ ആകർഷകമായ മറ്റൊരു തലവാചകം. ചുവന്ന ശോഭന-ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എം.എൽ.എ ആയ ശോഭനാ ജോർജ് മറുപക്ഷത്തെത്തിയതാണ് വാർത്ത. കേരളത്തിലും ഇതിലൊന്നും പുതുമയില്ലാതായിട്ട് കുറച്ച് കാലമായല്ലോ. സിമിയും യൂത്ത് ലീഗും കഴിഞ്ഞ് തീവ്ര ഇടതുപക്ഷക്കാരായവർ വരെ മുൻഗാമികളായുണ്ടല്ലോ.
ശോഭനയുടേതായി മറ്റൊരു പ്രസ്താവനയും കണ്ടു. കോൺഗ്രസിൽ പിടിച്ചു നിൽക്കണമെങ്കിൽ ആരുടെയെങ്കിലും ഓമനയാവണമെന്ന്. അങ്ങനെയൊക്കെയുണ്ടാവുമോ? ട്രോളർമാർ കിട്ടിയ അവസരം പാഴാക്കിയതുമില്ല. നിരവധി തവണ എംഎൽഎ ആയ വ്യക്തിയാണ് ശോഭന ജോർജ്. ചെങ്ങന്നൂരിൽ നിന്ന് മൂന്ന് തവണ അവർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തയായ പോരാളിയായിരുന്നു അവർ. പക്ഷേ ഇടക്കാലത്ത് അവർ കോൺഗ്രസുമായി അകന്നു. അതിന് നിരവധി കാരണങ്ങളുമുണ്ട്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച വ്യാജരേഖാ കേസിലെ ഒന്നാം പ്രതിയായിരുന്നു ശോഭന ജോർജ്. സീറ്റ് ലഭിക്കാതെ വന്നതോടെ തനിച്ച് ചെങ്ങന്നൂരിൽ നിന്ന് ജനവധി തേടിയ ചരിത്രവും ശോഭനയ്ക്കുണ്ട്. ഇടതു സ്ഥാനാർഥിക്ക് വേണ്ടി അവർ പ്രചാരണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
2006 ൽ ശോഭന ജോർജിന്റെ സീറ്റിൽ പിസി വിഷ്ണുനാഥിനെ മൽസരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് അവർ പാർട്ടിയുമായി അകന്നത്. തൊട്ടുപിന്നാലെ വ്യാജ രേഖാ കേസ് കൂടി വന്നതോടെ കോൺഗ്രസിന് അനഭിമതയായി ശോഭന. പിന്നീട് പാർട്ടിയുമായി തീർത്തും അകന്ന അവർ 2016 ൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ വിഷ്ണുനാഥിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ചു. തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. പക്ഷേ വിമതയായി മൽസരിച്ച ശോഭനയ്ക്ക് 3966 വോട്ട് മാത്രമേ നേടാൻ സാധിച്ചുള്ളൂ. വിഷ്ണുനാഥിന്റെ പരാജയത്തിന് ഒരു പരിധി വരെ ശോഭന കാരണമായിരുന്നുവെന്ന് പറയുന്നത് ശരിയാണ്.
*** *** ***
ന്യൂജെൻ കാലത്തെ ബിസിനസ് സംരംഭകരും മാറി. പത്രത്തിലും ടെലിവിഷൻ ചാനലിലും പരസ്യം നൽകുന്നതിന് പകരം സോഷ്യൽ മീഡിയയെ ആശ്രയിക്കാനാണ് പലർക്കും താൽപര്യം. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലുമിട്ട് വൈറലാക്കുന്ന പരസ്യങ്ങളുടെ നിർമാണത്തിന് എത്ര പണം ചെലവാക്കാനും തയാർ. ലക്ഷങ്ങൾ റേറ്റ് വാങ്ങുന്ന താരങ്ങളെ പങ്കെടുപ്പിച്ച് ഷൂട്ടിംഗ്. സ്റ്റോറി ഐഡിയക്കും സ്‌ക്രിപ്റ്റിനും യഥേഷ്ടം പണം മുടക്കും. അങ്ങനെ ചെയ്ത് പുറത്തിറക്കിയ ഒരു തകർപ്പൻ ആഡ് ഫിലിമിന് സമൂഹ മാധ്യമങ്ങളിൽ നല്ല സ്വീകാര്യത ലഭിച്ചു.
കൊച്ചിക്കടുത്ത് ഇടപ്പള്ളിയിൽ തുടങ്ങിയ ഹോട്ടലുകാരനാണ് ആകർഷകമായ വീഡിയോ പരസ്യം പ്രൊഫഷണൽ മികവോടെ ചിത്രീകരിച്ചിറക്കിയത്. സിനിമാ താരം മിയ വരെ ഹോട്ടൽ പരസ്യത്തിൽ ചുവട് വെക്കുന്നത് കാണാം. ചൂടോടെ ഫ്രൈ ചെയ്ത ജംബോ ഷ്രിമ്പ് പ്ലേറ്റിലെടുത്ത് പറയുന്ന ശങ്കരാടി ഡയലോഗ് ശരിക്കും പൊളിച്ചു. സന്ദേശത്തിൽ പാർട്ടി തോറ്റത് വിശകലനം ചെയ്യുമ്പോൾ പറയുന്ന താത്വികമായ ഒരു അവലോകനമാണ് ഞാനുദ്ദേശിച്ചതെന്നാണ് വാചകം. പരസ്യത്തിന് നൂറിൽ നൂറ് മാർക്ക് കൊടുക്കാം. സമൂഹ മാധ്യമത്തിൽ നിന്ന് അതിശക്തമായ തിരിച്ചടി ലഭിച്ചു തുടങ്ങിയെന്നതാണ് കഥയുടെ ആന്റി ക്ലൈമാക്‌സ്. ദൃശ്യ പരസ്യം കണ്ട് അകൃഷ്ടനായ ഒരാൾ ഈ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ചെന്നു. ചെമ്പല്ലിയ്ക്ക് ഓർഡർ കൊടുത്തു. നാനൂറ് രൂപ പരമാവധി വില ഈടാക്കാവുന്ന ഒരു കിലോഗ്രാം ചെമ്പല്ലി ഫിഷ് കഴിച്ച ആൾക്ക് ലഭിച്ച ബിൽ 2500 രൂപയോളം വരും. വീട്ടിന്റെ ആധാരം കൂടി കരുതി വേണം ഇത്തരം സ്ഥാപനങ്ങളിൽ ഭക്ഷണം കഴിക്കാൻ ചെല്ലാനെന്ന സാരോപദേശത്തോടെയുള്ള പോസ്റ്റും സമൂഹ മാധ്യമങ്ങളിൽ കൊടുങ്കാറ്റ് പോലെ ആഞ്ഞു വീശുന്നുണ്ട്. പണ്ടത്തെ പോലെ പത്രത്തിൽ പരസ്യം കൊടുത്തിരുന്നെങ്കിൽ പണം മുടക്കിയുള്ള ആഡിലൂടെ ലഭിക്കുന്ന ഗുണത്തിന് പുറമെ ഫീച്ചറുകളിലൂടെയും മാർക്കറ്റിംഗ് സുഗമമായി നടത്താമായിരുന്നു.
*** *** ***
വധുവിനെ അന്വേഷിച്ച് തമിഴ് നടൻ ആര്യ നടത്തുന്ന റിയാലിറ്റി ഷോ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ ശ്രദ്ധയാകർഷിച്ച പരിപാടി 16 പെൺകുട്ടികളുമായിട്ടാണ് തുടങ്ങിയിരുന്നത്. ഇപ്പോൾ പത്ത് പേരാണ് മത്സരാർത്ഥികളായി അവശേഷിക്കുന്നത്. എല്ലാവരും ആര്യയെ ഭർത്താവായി മനസ്സിലേറ്റിക്കഴിഞ്ഞതിനാൽ പെൺകുട്ടികളുടെ മനസ്സ് വെച്ചുള്ള കളിയാണിത്. ആര്യ മുമ്പ് വിവാഹിതനാണെന്ന കാര്യം ഫ്‌ളാഷായതാണ് ലേറ്റസ്റ്റ്. ആര്യ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. എങ്ക വീട്ടു മാപ്പിളൈ എന്ന പേരിൽ തമിഴിൽ കളേഴ്‌സ് ടിവിയിലാണ് സംപ്രേഷണം ചെയ്യുന്നത്. മലയാളത്തിൽ മൊഴിമാറ്റി ഫ്‌ളവേഴ്‌സ് ടിവിയും സംപ്രേഷണം ചെയ്യുന്നു. എങ്ക വീട്ടു മാപ്പിളൈ എന്ന പരിപാടിയിൽ പെൺകുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന് കാണിച്ച് സാമൂഹിക പ്രവർത്തക ജാനകി അമ്മാൾ മദ്രാസ് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഷോ നിർത്തി വെക്കണമെന്ന ആവശ്യമായിരുന്നു ഇവർ മുന്നോട്ട് വെച്ചത്. സ്ത്രീകളെ കച്ചവടവത്കരിക്കുകയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് എതിരായി പ്രവർത്തിക്കുന്ന ഇതുപോലെയുള്ള പരിപാടികൾ സംസ്‌കാരത്തിന് ചേരുന്നതല്ലെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഏപ്രിൽ ഒന്നിന് വീണ്ടും കേസ് പരിഗണിക്കും. ഇത്തരം റിയാലിറ്റി ഷോകൾ ഇതാദ്യമൊന്നുമല്ല ഇന്ത്യൻ ടെലിവിഷൻ രംഗത്ത് എന്നതും ശ്രദ്ധേയം. മുമ്പ് രാഖി സാവന്തിന് വരനെ കണ്ടെത്താൻ 'രാഖി കാ സ്വയംവർ' എന്ന റിയാലിറ്റി ഷോ നടത്തിയിരുന്നു. ഷോയിലെ വിജയി ടൊറന്റോ സ്വദേശിയായ ഇലേഷ് ആയിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം ആ സ്വയംവരം പരാജയപ്പെട്ടതായി രാഖി തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.
*** *** ***
കേരളത്തിലെത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രഫർ നിക് ഉട്ടിന് സ്വീകരണം നൽകി മമ്മൂട്ടി. ജീവൻ പണയം വെച്ച് യുദ്ധത്തിനിരയായ പെൺകുട്ടിയുടെ ഫോട്ടോ എടുത്ത നിക് കേരളത്തിന്റെ അതിഥിയായി എറണാകുളത്തെത്തിയപ്പോഴാണ് മമ്മൂട്ടി കാണാൻ എത്തിയത്.
പി ആർ ഡി ഓഫീസിലെത്തിയാണ് മമ്മൂട്ടി നിക് ഉട്ടിന് സ്വീകരണം നൽകിയത്. പരിചയപ്പെടലിനിടെ നിക്കിന്റെ പ്രായം ചോദിച്ച മമ്മൂട്ടിയുടെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ഫാൻസ്. 'നമുക്ക് രണ്ടാൾക്കും ഒരേ പ്രായമാണെന്നും പക്ഷേ ഇവിടെയുള്ളവർ എന്നെ വിളിക്കുന്നത് എഴുപതുകാരനെന്നു'മാണ് എന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
തമാശയിൽ കലർന്ന മമ്മൂട്ടിയുടെ മറുപടി ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. പരസ്പരം ഫോട്ടോകളെടുത്താണ് മമ്മൂട്ടിയും നിക്കും പിരിഞ്ഞത്.
കേരളത്തെക്കുറിച്ച് അദ്ദേഹം സംതൃപ്തനാണ്. അദ്ദേഹത്തെ കാണാൻ സാധിച്ചത് ഒരു ഭാഗ്യമാണ് -മമ്മൂട്ടി പറഞ്ഞു.
*** *** ***
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച പെൺകുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഹോസ്റ്റൽ അന്തേവാസികളായ ഡിഗ്രി വിദ്യാർഥിനികൾക്കാണ് വെജ് ബിരിയാണി പ്രശ്‌നമായത്. ഇതേ തുടർന്ന് ഇന്റേണൽ അസസ്‌മെന്റ് പരീക്ഷ മാറ്റിവെക്കുകയും ചെയ്തു. മാതൃഭൂമി ന്യൂസിലെ ലേഖിക സ്‌പോട്ടിലെത്തി വിദ്യാർഥിനികളുടെ പ്രതികരണമുൾപ്പെടുത്തി വിശദമായ വാർത്ത ടെലികാസ്റ്റ് ചെയ്തു. കോളേജ് സ്ഥിതി ചെയ്യുന്ന പൊക്കുന്ന് കോഴിക്കോട് നഗരത്തിലെ ഏറ്റവും ഉയരം കൂടിയ പോയന്റായതുകൊണ്ടാണോ എന്നറിയില്ല പല ചാനലുകളും ഈ വാർത്തയെ അവഗണിക്കുകയായിരുന്നു. അതിനിടെ ഫാറൂഖ് കോളേജിലെ അധ്യാപകന്റെ വത്തക്ക സ്പീച്ച് ബിബിസിയിലും വാർത്തയായി. അധ്യാപകന്റെ വിവാദ പരാമർശത്തിന്റെ വീഡിയോ റെക്കോർഡിങ് പുറത്തു വിട്ടതിന്റെ ക്രെഡിറ്റ് ഡൂൾ ന്യൂസിനാണെന്നും ഇതിന് ശേഷം സോഷ്യൽ മീഡിയയിൽ വാർത്ത തരംഗമായെന്നും ബിബിസി വാർത്തയിലുണ്ട്.