അമേരിക്കയിലെ പഠനം പൂർത്തിയാക്കി സ്വദേശത്ത് തിരിച്ചെത്തിയ ഈ കായിക പ്രതിഭ സ്‌പോർട്‌സ് ഫെഡറേഷനുകളുമായി ആശയ വിനിമയം നടത്തുന്ന കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച് കമ്യൂണിറ്റി സ്‌പോർട്‌സ് മേഖലയിൽ പ്രവർത്തനം തുടങ്ങി. ഒരു ചടങ്ങിനിടെ സൗദി ബോക്‌സിംഗ് ഫെഡറേഷൻ പ്രസിഡന്റുമായി നടത്തിയ
ചർച്ചക്കിടെ ബോക്‌സിംഗിൽ വനിതാ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്നതിനെ കുറിച്ച നിർദേശം മുന്നോട്ടുവെച്ചു. ഇതിന് വനിതാ ട്രെയിനർമാർ ആവശ്യമാണെന്ന് പ്രസിഡന്റ് മറുപടി പറഞ്ഞു. ഇതിനു പിന്നാലെയാണ് സൗദി ബോക്‌സിംഗ് ഫെഡറേഷനിൽ റശ ചേർന്നത്. ക്യൂബൻ ശൈലിയിൽ ബോക്‌സിംഗിന്റെ അടിസ്ഥാന തത്വങ്ങളെല്ലാം വശമാക്കി. പരിശീലനം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷമാണ് റശയ്ക്ക് ബോക്‌സിംഗ് ട്രെയിനർ സർട്ടിഫിക്കറ്റ് സൗദി ബോക്‌സിംഗ് ഫെഡറേഷൻ നൽകിയത്.
സാഹിത്യ, സാംസ്‌കാരിക മേഖലകളിൽ തങ്ങളുടെതായ ഇടം തെളിയിച്ച കുടുംബത്തിലെ അംഗമായിരുന്നിട്ടും 28 കാരിയായ സൗദി യുവതി റശാ അൽഖമീസിന്റെ സഞ്ചാരം വേറിട്ട വഴികളിലൂടെയാണ്. അന്തരിച്ച സാഹിത്യകാരൻ അബ്ദുല്ല ബിൻ ഖമീസിന്റെ പേരമകളായ റശാ അൽഖമീസിന്റെ ഇഷ്ട മേഖലകൾ സ്‌പോർട്‌സും പ്രകൃതിയുമാണ്. വനിതകൾക്ക് ബോക്‌സിംഗ് പരിശീലനം നൽകുന്നതിനുള്ള ബോക്‌സിംഗ് ട്രെയിനർ സർട്ടിഫിക്കറ്റ് അടുത്തിടെ ഇവർക്ക് ലഭിച്ചിരുന്നു. സൗദിയിൽ ഈ ലൈസൻസ് നേടുന്ന ആദ്യ വനിതയാണ് റശാ.
ആഗോള തലത്തിൽ ഏറെ ശ്രദ്ധേയമായ ഒരു കായികവിനോദ മേഖലയിൽ സൗദിയിൽ ഒന്നാമതെത്തുന്നതിന് സാധിച്ചതിൽ താൻ ആഹ്ലാദവതിയാണെന്ന് റശാ അൽഖമീസ് പറഞ്ഞു. പൊളിറ്റിക്കൽ ആന്റ് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ സൗത്ത് കാലിഫോർണിയ യൂനിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദം നേടിയ റശായുടെ പ്രബന്ധം സൗദിയിലെ വനിതാ സ്‌പോർട്‌സ് സ്ഥാപനങ്ങളെ കുറിച്ചായിരുന്നു.
താൻ അഭ്യസിച്ച ഏറ്റവും മനോഹരമായ കായികവിനോദമാണ് ബോക്‌സിംഗ് എന്ന് റശാ പറയുന്നു. ഇത് ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും മനസ്സിന് ഉന്മേഷം നൽകുകയും ചെയ്യുന്നു. ഏറെ അധ്വാനമുള്ള കായികവിനോദമല്ല ഇത്. എങ്കിലും ബോക്‌സിംഗ് നന്നായി വശമാക്കുന്നതിന് പരിശ്രമവും നിശ്ചയദാർഢ്യവും ആവശ്യമാണ്. സൗദി യുവതികൾക്കിടയിൽ ബോക്‌സിംഗ് പ്രചരിപ്പിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ഒളിംപിക്‌സിൽ പങ്കെടുക്കുന്ന വനിതാ ബോക്‌സിംഗ് താരങ്ങൾ സൗദിയിൽ ഉയർന്നുവരണമെന്നും ആശിക്കുന്നു. സൗത്ത് കാലിഫോർണിയ യൂനിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കാലത്ത് 2011 ലാണ് ആദ്യമായി ബോക്‌സിംഗ് ക്ലബ്ബിൽ ചേർന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രാവിലെ എട്ടു മുതൽ ഒമ്പതര വരെ മാത്രമാണ് പരിശീലനം നേടിയിരുന്നത്. തുടർച്ചയായി രണ്ടു വർഷം പരിശീലനം നേടി. വ്യക്തിത്വം വികസിപ്പിക്കുന്നതിന് ഇത് തനിക്ക് പ്രയോജനപ്പെട്ടു.
അമേരിക്കയിലെ പഠനം പൂർത്തിയാക്കി സ്വദേശത്ത് തിരിച്ചെത്തിയ ഈ കായിക പ്രതിഭ സ്‌പോർട്‌സ് ഫെഡറേഷനുകളുമായി ആശയ വിനിമയം നടത്തുന്ന കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച് കമ്മ്യൂണിറ്റി സ്‌പോർട്‌സ് മേഖലയിൽ പ്രവർത്തനം തുടങ്ങി. ഒരു ചടങ്ങിനിടെ സൗദി ബോക്‌സിംഗ് ഫെഡറേഷൻ പ്രസിഡന്റുമായി നടത്തിയ ചർച്ചക്കിടെ ബോക്‌സിംഗിൽ വനിതാ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്നതിനെ കുറിച്ച നിർദേശം മുന്നോട്ടുവെച്ചു. ഇതിന് വനിതാ ട്രെയിനർമാർ ആവശ്യമാണെന്ന് പ്രസിഡന്റ് മറുപടി പറഞ്ഞു. ഇതിനു പിന്നാലെയാണ് സൗദി ബോക്‌സിംഗ് ഫെഡറേഷനിൽ റശ ചേർന്നത്. ബോക്‌സിംഗിലെ കഴിവുകൾ കൂടുതൽ പരിപോഷിപ്പിക്കുന്നതിന് നാലു മാസത്തേക്ക് വിദേശ ക്യാമ്പിലേക്ക് ഫെഡറേഷൻ തന്നെ അയച്ചു. ക്യൂബൻ ശൈലിയിൽ ബോക്‌സിംഗിന്റെ അടിസ്ഥാനങ്ങളെല്ലാം വശമാക്കി. പരിശീലനം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷമാണ് റശയ്ക്ക് ബോക്‌സിംഗ് ട്രെയിനർ സർട്ടിഫിക്കറ്റ് സൗദി ബോക്‌സിംഗ് ഫെഡറേഷൻ നൽകിയത്.
ഒളിംപിക്‌സിൽ സൗദി അറേബ്യക്ക് വേണ്ടി ഒരു സ്വർണമെഡൽ അതാണെന്റെ സ്വപ്നം -റശാ അൽ ഖമീസ്
ഇപ്പോൾ മൂന്നാഴ്ചയായി കിംഗ് സൗദ് യൂനിവേഴ്‌സിറ്റി വിദ്യാർഥിനികൾക്ക് ബോക്‌സിംഗ് പരിശീലനം നൽകുന്നുണ്ട്. ഇക്കൂട്ടത്തിൽപെട്ട ഒരാൾ ഒളിംപിക്‌സിൽ സ്വർണ മെഡൽ നേടണമെന്ന സ്വപ്‌നമാണ് താൻ കാണുന്നത്. വളരെ ആവേശത്തോടെയാണ് വിദ്യാർഥിനികൾ ബോക്‌സിംഗ് പരിശീലനത്തിൽ മുഴുകുന്നത്. ഇതിനകം 160 യുവതികൾ പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ട്. പരിശീലനം ആരംഭിച്ചിട്ട് വളരെ കുറഞ്ഞ സമയമേ ആയിട്ടുള്ളൂ എന്ന കാര്യം കണക്കിലെടുത്താൽ ഇത് റെക്കോർഡ് ആണ്. രാവിലെ എട്ടു മുതൽ പത്തു വരെയാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിന് മുന്നോട്ടുവരുന്ന യുവതികളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. ജീവിതത്തിൽ സ്‌പോർട്‌സിനുള്ള പ്രാധാന്യത്തെയും സ്വാധീനത്തെയും കുറിച്ച് യുവതികളെ താൻ ബോധവൽക്കരിക്കുന്നു. കൃത്യമായി പരിശീലനം നേടി മികവ് തെളിയിക്കുന്നവർക്ക് വിദേശത്ത് പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുമെന്ന് അവരോട് താൻ പറയുന്നുണ്ട്.
സ്‌പോർട്‌സുമായുള്ള തന്റെ ബന്ധം ആറാം വയസിൽ ആരംഭിച്ചതാണ്. വീടിന്റെ മുറ്റത്ത് ബാസ്‌കറ്റ്‌ബോൾ കളിക്കുന്നതിനുള്ള സൗകര്യവും ജിംനേഷ്യം ഉപകരണങ്ങളും പിതാവ് ഒരുക്കിയിരുന്നു. ഒന്നര വയസിന് മൂത്ത സഹോദരൻ അബ്ദുല്ലയും താനും ചേർന്ന് കുട്ടിക്കാലത്ത് ദിവസേന വൈകീട്ട് നാലു മണിക്കുശേഷം ഒന്നര മണിക്കൂർ ബാസ്‌കറ്റ്‌ബോൾ കളിച്ചിരുന്നു. ആഴ്ചയിൽ അഞ്ചു ദിവസം അര മണിക്കൂർ വീതം ജിംനേഷ്യവും പ്രാക്ടീസ് ചെയ്തിരുന്നു. വാരാന്ത്യങ്ങളിൽ താനും സഹോദരനും ഒരു ഭാഗത്തും പിതാവ് എതിർ ഭാഗത്തും നിന്ന് ബാസ്‌കറ്റ്‌ബോൾ കളിച്ചിരുന്നു. കളിയുടെ അടിസ്ഥാന തത്വങ്ങളും തങ്ങളിലെ ദൗർബല്യത്തിന്റെയും കഴിവിന്റെയും പോയിന്റുകളും പിതാവ് പറഞ്ഞുതന്നിരുന്നു. പതിനാലാം വയസു വരെ ബാസ്‌കറ്റ്‌ബോൾ കളി തുടർന്നു. റിയാദിലെ സ്വകാര്യ സ്‌കൂളിലും സ്‌പോർട്‌സിന് അവസരമുണ്ടായിരുന്നു. വിദഗ്ധരായ വനിതാ സ്‌പോർട്‌സ് ട്രെയിനർമാരുടെ സാന്നിധ്യത്തിൽ ബാസ്‌കറ്റ്‌ബോൾ, ഫുട്‌ബോൾ, ജിംനേഷ്യം എന്നിവയെല്ലാം സ്‌കൂളിൽ തങ്ങൾ പരിശീലിച്ചിരുന്നു. സ്‌കൂളിൽ ബാസ്‌കറ്റ്‌ബോൾ മത്സരവും രണ്ടു കിലോമീറ്റർ ദൂരത്തിൽ ഓട്ട മത്സരവും സംഘടിപ്പിക്കാറുണ്ടായിരുന്നു. തുടർച്ചയായി അഞ്ചു വർഷം ഓട്ട മത്സരത്തിൽ തനിക്കായിരുന്നു ഒന്നാം സ്ഥാനം.
കായിക വിനോദം ഏറെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു വല്യുപ്പ അബ്ദുല്ല ബിൻ ഖമീസ്. കൃഷിയിടത്തിൽ കുടുംബത്തിനു വേണ്ടി വല്യുപ്പ ഫുട്‌ബോൾ ഗ്രൗണ്ട് സ്ഥാപിച്ചിരുന്നു. താനും ബന്ധുക്കളായ പെൺകുട്ടികളും കൂട്ടുകാരികളും ചേർന്ന് 2008 ൽ 'അമൂരിയ' എന്ന പേരിൽ ആദ്യത്തെ വനിതാ സ്‌പോർട്‌സ് ക്ലബ്ബ് സ്ഥാപിച്ചു. വല്യുപ്പാന്റെ കൃഷിയിടത്തിലാണ് തങ്ങൾ പരിശീലനം നടത്തിയിരുന്നത്. 2010 ൽ തങ്ങളുടെ ടീം റിയാദിൽ അൽയെമാമ എന്ന പേരിലുള്ള വനിതാ ടീമിൽ ചേർന്നു. അബുദാബിയിൽ സംഘടിപ്പിച്ച വനിതാ ഫുട്‌ബോൾ മത്സരത്തിൽ വിജയിച്ച് തങ്ങൾ കപ്പ് നേടി. നാലു മുതൽ പതിനാറു വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അൽയെമാമ അക്കാഡമിയിൽ വെച്ച് താൻ ഫുട്‌ബോൾ പരിശീലനവും നൽകിയിരുന്നു. വല്യുപ്പാനെ പോലെ സൗദി അൽനസ്ർ ക്ലബ്ബിനെയും റിയൽ മാഡ്രിഡിനെയും താൻ സ്‌നേഹിക്കുന്നതായി റശാ പറയുന്നു.
പർവതാരോഹണ മേഖലയിലും റശാ അൽഖമീസ് ഒരു കൈ നോക്കിയിട്ടുണ്ട്. മൊറോക്കൊയിലെ ഏറ്റവും ഉയരം കൂടിയ തോബ്കൽ കൊടുമുടിയും റശാ കയറിയിട്ടുണ്ട്. 2017 ലായിരുന്നു ഇത്. പതിനൊന്നു സൗദി യുവതികൾ അടങ്ങിയ സംഘത്തിന്റെ ഭാഗമായി നാലു ദിവസമെടുത്താണ് സമുദ്രനിരപ്പിൽ നിന്ന് 4,167 മീറ്റർ ഉയരമുള്ള കൊടിമുടി കീഴടക്കിയത്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കിളിമഞ്ചാരോ പർവതത്തിന്റെ ഉച്ചിയിൽ 5,714 മീറ്റർ ഉയരത്തിൽ ഫുട്‌ബോൾ കളിച്ച് ഗിന്നസ് ബുക്കിലും റശാ കയറിപ്പറ്റി. 'ഈക്വൽ പ്ലേയിംഗ് ഫീൽഡ്' എന്ന പേരിലുള്ള സന്നദ്ധ സംഘത്തിന്റെ ഭാഗമായി, ഇരുപത്തിയഞ്ചു രാജ്യങ്ങളിൽ നിന്നുള്ള 30 അംഗ സംഘത്തിനൊപ്പമാണ് കിളിമഞ്ചാരോ പർവത ശിഖരത്തിൽ റശാ ഫുട്‌ബോൾ കളിച്ചത്.
ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, ടേബിൾ ടെന്നിസ്, ബോക്‌സിംഗ്, പർവതാരോഹണം, മാരത്തൺ എന്നീ സ്‌പോർട്‌സുകളിൽ താൻ പങ്കാളിത്തം വഹിച്ചിട്ടുണ്ടെന്ന് റശാ അൽഖമീസ് പറയുന്നു. 2018 ജനുവരിയിൽ സംഘടിപ്പിച്ച സ്റ്റാന്റേർഡ് ചാർട്ടേർഡ് ദുബായ് മാരത്തണിൽ തുടർച്ചയായി അഞ്ചു മണിക്കൂറും ഇരുപതു മിനിറ്റും ഓടി. ഇത് ഒരിക്കലും മറക്കാത്ത അനുഭവമാണ്. ഓരോ കായികവിനോദവും വ്യക്തിത്വത്തിലും മനസ്സിലും സ്വാധീനം ചെലുത്തുന്ന പ്രയോജനങ്ങൾ നൽകുന്നു. പർവതാരോഹണത്തിലൂടെ ക്ഷമയും മാരത്തണിലൂടെ ലക്ഷ്യസ്ഥാനം അടുത്താണെന്ന പ്രത്യാശയും പഠിക്കുമെന്ന് റശാ അൽഖമീസ് പറയുന്നു.