സമസ്തയും നാസര്‍ ഫൈസി കൂടത്തായിയും കേരളീയ മുസ്്‌ലിം സമൂഹത്തിന് മാതൃകയാവുകയാണെന്ന് മുജാഹിദ് നേതാവ് എം.എം. അക്ബര്‍. ഫെയ്‌സ് ബുക്കിലെ കുറിപ്പിലാണ് സുന്നി യുവജന സംഘം നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് നാസര്‍ ഫൈസി കൂടത്തായി നടത്തിയ പ്രസംഗത്തെ അക്ബര്‍ പ്രകീര്‍ത്തിച്ചത്. കേരളം കേള്‍ക്കാനാഗ്രഹിച്ച പ്രസംഗമെന്ന് അദ്ദേഹം നാസര്‍ ഫൈസിയുടെ പ്രസംഗത്തെ വിശേഷിപ്പിച്ചു.
ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം
സഹോദരന്‍ ജൗഹര്‍ മുനവ്വറിനെതിരെയുള്ള പോലീസ് കേസില്‍ പ്രതിഷേധിച്ചുകൊണ്ട് സുന്നി യുവജന സംഘം നടത്തിയ മാര്‍ച്ച് ഉത്ഘാടനം ചെയ്തുകൊണ്ട് ബഹുമാന്യ പണ്ഡിതന്‍ നാസര്‍ ഫൈസി കൂടത്തായി നടത്തിയ പ്രസംഗം കേട്ടു; അവസാനിച്ചപ്പോള്‍ എന്റെ മനസ്സില്‍ വന്നത് 'കേരളം കേള്‍ക്കാനാഗ്രഹിച്ച പ്രസംഗം' എന്ന് പറയാനാണ്. അഭിപ്രായവ്യത്യാസങ്ങള്‍ ഏറെയുണ്ടായിട്ടും സ്മുദായനന്മക്കുവേണ്ടി കൈകള്‍ കോര്‍ത്ത് മുന്നോട്ടു നീങ്ങിയ ബാഫഖി തങ്ങള്‍- കെ. എം. മൗലവി, പൂക്കോയ തങ്ങള്‍- അബ്ദുസ്സലാം മൗലവി, സൈദ് ഉമ്മര്‍ തങ്ങള്‍- എം. കെ. ഹാജി കൂട്ടുകെട്ടുകളുടെ മഹാപൈതൃകത്തിന്റെ വീണ്ടെടുക്കലായാണ് ഫൈസിയുടെ പ്രസംഗത്തെയും റാലിയെയും ഞാന്‍ കാണുന്നത്. സമുദായത്തിനെതിരെ വരുന്ന അതിക്രമങ്ങളെ നേരിടുമ്പോള്‍ അക്രമിക്കപ്പെടുന്നവന്റെ പ്രസ്ഥാനം നോക്കാതെ ഒറ്റക്കെട്ടായി പോരാടാന്‍ പണ്ഡിതന്മാര്‍ മുന്നിലുണ്ടാകുമെന്ന വലിയ സന്ദേശം നല്‍കുന്നുണ്ട് എസ്. വൈ. എസ് റാലി. കാലഘട്ടത്തിന്റെ വിളി കേള്‍ക്കുവാന്‍ സമസ്ത കാണിച്ച വലുപ്പം മാതൃകാപരമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ വെച്ചുപുലര്‍ത്തുകയും വിമര്‍ശിക്കേണ്ടിടത്ത് വിമര്ശിക്കുകയുമെല്ലാം ചെയ്തുകൊണ്ട് തന്നെ സമുദായയത്തിനു വേണ്ടി ഒന്നിച്ച് നിന്നവരായിരുന്നു സമസ്തയിലും നദ്വത്തുല്‍ മുജാഹിദീനിലുമുള്ള പണ്ഡിതന്മാര്‍. മുസ്ലിംകള്‍ക്കെതിരെ വരുന്ന അതിക്രമങ്ങളെ അവര്‍ ഒറ്റക്കെട്ടായി പ്രതിരോധിച്ചു; സമുദായപുരോഗതിക്കുവേണ്ടി അവര്‍ കൈകോര്‍ത്തുപിടിച്ച് അദ്ധ്വാനിച്ചു. അതുകൊണ്ടാണ് കേരളമുസ്ലിംകള്‍ക്ക് അഭിമാനകരമായ അസ്തിത്വവും മാതൃകാപരമായ പുരോഗതിയുമുണ്ടായത്. പുതിയ കാലം ഒറ്റക്കെട്ടായ പ്രതിരോധം കൂടുതല്‍ ആവശ്യപ്പെടുന്നതാണ്. ഭിന്നിപ്പിച്ച് നശിപ്പിക്കുകയാണ് സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും രീതി. അതിനെ തോല്‍പ്പിക്കുവാന്‍ കഴിഞ്ഞാലേ മുന്‍ഗാമികള്‍ നേടിയെടുത്ത നന്മകള്‍ നിലനിര്‍ത്തുവാന്‍ നമുക്ക് കഴിയൂ. ഇസ്ലാംവിരുധ്ധരുടെ കെണികള്‍ മനസ്സിലാക്കി സമുദായത്തെ വിചാരപരമായി നയിക്കാനാവുന്നവര്‍ക്കേ പുരോഗതിയുടെ മുന്നില്‍ നടക്കാന്‍ കഴിയൂ. അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അവ നിലനിര്‍ത്തിക്കൊണ്ട് തന്നെ നാടിന്റെ നന്മക്കും പുരോഗതിക്കും വേണ്ടിയും ഇസ്ലാമിനും മുസ്ലിംകള്‍ക്കും വേണ്ടിയും മതബോധനത്തിന്റെയും പ്രബോധനത്തിന്റെയും നിലനില്‍പ്പിനു വേണ്ടിയും ഒന്നിച്ച് നില്‍ക്കാന്‍ നമുക്ക് സാധിക്കണം. എതിര്‍പ്രസ്ഥാനത്തിലുള്ളയാള്‍ക്കെതിരെ അനീതിയുണ്ടാവുമ്പോള്‍ അയാള്‍ക്കൊപ്പം നിന്ന് നീതിക്കു വേണ്ടി പോരാടാന്‍ നല്ല ആര്‍ജ്ജവം വേണം. പ്രസ്തുത ആര്‍ജ്ജവമാണ് ഇന്ന് എല്ലാവര്‍ക്കുമുണ്ടാകേണ്ടത്. സമസ്ത അവിടെ കേരളമുസ്ലിംകള്‍ക്ക് മാതൃകായാവുകയാണ്. അതിനു മുന്നില്‍ നടന്ന നാസര്‍ഫൈസി അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അല്ലാഹുഅനുഗ്രഹിക്കട്ടെ, ആമീന്‍.