അബുദാബി- സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തിലാകുന്ന യു.എ.ഇയുടെ പുതിയ വിസാ നിയമം വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരം. ആണ്‍കുട്ടികളെ 25 വയസ്സുവരെയും പെണ്‍കുട്ടികളെയും ഭിന്നശേഷിക്കാരേയും പ്രായപരിധി പരിഗണിക്കാതെയും സ്‌പോണ്‍സര്‍ ചെയ്യാമെന്ന തീരുമാനമാണ് ദുബായ് കൈക്കൊണ്ടത്. പഠനത്തോടൊപ്പം അനുയോജ്യമായ ജോലി കണ്ടെത്താന്‍ ഇത് സഹായിക്കും.
നിലവില്‍ ആണ്‍കുട്ടികള്‍ക്ക് 18 വയസ്സുവരെ മാത്രമേ മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നില്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇതുമൂലം 18 കഴിഞ്ഞ ആണ്‍മക്കളെ മറ്റേതെങ്കിലും വിസയിലേക്കു മാറ്റുകയോ അല്ലെങ്കില്‍ 4000 ദിര്‍ഹം കെട്ടിവച്ച് ഒരു വര്‍ഷ കാലാവധിയുള്ള സ്റ്റുഡന്‍സ് വിസ എടുത്ത് വര്‍ഷം തോറും പുതുക്കുകയോ ചെയ്തുവരികയായിരുന്നു. ഇത് രക്ഷിതാക്കള്‍ക്ക് സാമ്പത്തിക, പ്രയാസം സൃഷ്ടിച്ചിരുന്നു.
കുടുംബമായി യു.എ.ഇയില്‍ താമസിച്ചിരുന്ന പലരും മക്കളുടെ പ്ലസ് ടു കഴിയുന്നതോടെ ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്കു മാറുകയാണ് ചെയ്തിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇവിടത്തന്നെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിയില്‍ കയറാനാകും.