Sorry, you need to enable JavaScript to visit this website.

ജോര്‍ജ് എം. തോമസിന് സി.പി.എമ്മിന്റെ പരസ്യശാസന

കോഴിക്കോട് കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദത്തെത്തുടര്‍ന്ന് ലൗ ജിഹാദ് പരാമര്‍ശം നടത്തിയതിന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം. തോമസിനെതിരേ പാര്‍ട്ടി നടപടി. അദ്ദേഹത്തെ പരസ്യമായി ശാസിക്കും. ബുധനാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. നടപടിയുടെ കാര്യം സംസ്ഥാനസമിതി യോഗം ജില്ലാ സെക്രട്ടേറിയറ്റിനു വിടുകയായിരുന്നു.

ജോര്‍ജ് എം. തോമസിന്റേത് പാര്‍ട്ടിവിരുദ്ധ നിലപാടാണെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് പാര്‍ട്ടിരേഖകളിലും പറയുന്നുണ്ട് എന്നായിരുന്നു ജോര്‍ജ് എം. തോമസിന്റെ പരാമര്‍ശം. ഇത് വിവാദമായതിനു പിന്നാലെ സി.പി.എം ജില്ലാനേതൃത്വം ജോര്‍ജ് എം. തോമസിനെ തിരുത്തി. വിഷയത്തില്‍ ചില പാളിച്ചകള്‍ സംഭവിച്ചതായി അദ്ദേഹം ഏറ്റുപറഞ്ഞിരുന്നു.

തെറ്റ് ഏറ്റ് പറഞ്ഞെങ്കിലും പാര്‍ട്ടി അംഗീകരിക്കാത്തതും, പാര്‍ട്ടി വിരുദ്ധവുമായ നിലപാടാണ് ജോര്‍ജ് എം. തോമസില്‍നിന്നുണ്ടായതെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. ഉത്തരവാദപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏത് വിഷയത്തില്‍ പ്രതികരിക്കുമ്പോഴും അത് പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപിടിച്ചായിരിക്കണം പ്രതികരിക്കേണ്ടത്. ജോര്‍ജ് എം. തോമസിന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ച പാര്‍ട്ടി വിശദമായി പരിശോധിച്ച ശേഷമാണ് നടപടിയെന്നും പി. മോഹനന്‍ ചൂണ്ടിക്കാട്ടി.

 

Latest News