തൃശൂർ- ആംബുലൻസ് ഡ്രൈവറുടെ ക്രൂരതക്കിരയായ രോഗി മരിച്ചു. ആംബുലൻസിൽ മലമൂത്രവിസർജനം നടത്തിയതിന് ഡ്രൈവർ തലകീഴായി നിർത്തിയ രോഗിയാണ് മരിച്ചത്. ആംബുലൻസിൽ മലമൂത്ര വിസർജനം നടത്തിയതിന്റെ രോഷം തീർക്കാനാണ് ഡ്രൈവർ അപകടത്തിൽ പരിക്കേറ്റയാളെ സ്‌ട്രെച്ചറിൽ തലകീഴായി നിർത്തിയത്. രണ്ടുദിവസം മുമ്പാണ് ഇയാളെ തൃശൂർ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പാലക്കാട് അപകടത്തിൽപെട്ട് വഴിയരികിൽ കിടക്കുകയായിരുന്നയാളെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെനിന്നാണ് വിദഗ്ദ ചികിത്സക്കായി തൃശൂരിലേക്ക് മാറ്റിയത്. സ്വകാര്യ ആശുപത്രിയിലാണ് ഇയാളെ തൃശൂരിലേക്ക് കൊണ്ടുവന്നത്. ഇതിനിടെ ആംബുലൻസിൽ മലമൂത്ര വിസർജനം നടത്തിയത് ഡ്രൈവറെ പ്രകോപിപ്പിച്ചു. എണീറ്റുനടക്കാൻ രോഗിയോട് ആവശ്യപ്പെട്ടെങ്കിലും മദ്യലഹരിയിലായിരുന്നതിനാൽ കഴിഞ്ഞില്ല. ഇതോടെയാണ് സ്‌ട്രെച്ചറിലെ ഒരു ഭാഗം തലകീഴായി വണ്ടിയിൽനിന്ന് പുറത്തേക്കിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആംബുലൻസ് ഡ്രൈവർ ഷെരീഫിനെതിരെ പോലീസ് കേസെടുത്തു. രോഗിയെ അശ്രദ്ധമായി കൈകാര്യം ചെയ്തുവെന്നതാണ് കേസ്.