Sorry, you need to enable JavaScript to visit this website.

VIDEO - വീട് വിറ്റ് ഉംറക്ക് എത്തിയ വൃദ്ധന്റെ കഥ വൈറലാകുന്നു

മക്ക - സ്വന്തമായി ആകെയുള്ള വീട് വിറ്റ് കിട്ടിയ പണം കൊണ്ട് ഉംറ നിര്‍വഹിക്കാനും വിശുദ്ധ കഅ്ബാലയവും ഹറമും കണ്‍കുളിര്‍ക്കെ കാണാനും പുണ്യഭൂമിയിലെത്തിയ ആഫ്രിക്കന്‍ വൃദ്ധതീര്‍ഥാടകന്റെ കഥ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. കുവൈത്തി മാധ്യമപ്രവര്‍ത്തകന്‍ നായിഫ് അല്‍റശീദിയാണ് ആഫ്രിക്കയിലെ അറബ് രാജ്യത്തു നിന്നുള്ള വൃദ്ധതീര്‍ഥാടകനെ വിശുദ്ധ ഹറമില്‍ വെച്ച് കണ്ട് വിവരങ്ങള്‍ ആരായുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
തനിക്ക് മക്കളില്ലെന്നും ഭാര്യ മരണപ്പെട്ടതാണെന്നും വീഡിയോയില്‍ തീര്‍ഥാടകന്‍ പറയുന്നു.

ആകെയുണ്ടായിരുന്നത് ഒരു ചെറിയ വീടാണ്. ഇത് വിറ്റ് ലഭിച്ച പണം കൊണ്ടാണ് ഉംറ നിര്‍വഹിക്കാന്‍ എത്തിയത്. ദൈവത്തില്‍നിന്ന് പാപമോചനം തേടി വീട് വിറ്റ് ഉംറ നിര്‍വഹിക്കാന്‍ താന്‍ ആഗ്രഹിക്കുകയായിരുന്നെന്നും പുണ്യഭൂമിയിലെത്താന്‍ സാധിച്ചതിന്റെ സന്തോഷവും നിര്‍വൃതിയും അടക്കാന്‍ കഴിയാതെ ആനന്ദാശ്രു പൊഴിച്ച് തീര്‍ഥാടകന്‍ പറഞ്ഞു.
കുവൈത്തി മാധ്യമപ്രവര്‍ത്തകന്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ വളരെ പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ ഇത് പങ്കുവെക്കുകയും കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. തീര്‍ഥാടകനെ തങ്ങളാലാകുംവിധം സഹായിക്കാന്‍ തയാറാണെന്ന് നിരവധി പേര്‍ വ്യക്തമാക്കി. സഹായം നല്‍കാന്‍ ആഗ്രഹം പ്രകടിപ്പിച്ചും ഏതു രീതിയില്‍ സഹായം നല്‍കുമെന്ന് ആരാഞ്ഞും ധാരാളം പേര്‍ തീര്‍ഥാടകന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടു.

 

 

Latest News