Sorry, you need to enable JavaScript to visit this website.

കമലയുടെ തന്റേടത്തിനു മുന്നിൽ കൈകൾ കൂപ്പി ആനപ്പാറ ഗ്രാമം

കൽപറ്റ- വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽപ്പെട്ട ആനപ്പാറയിലെ വി.പി. കമലയെന്ന 61കാരിയുടെ ജീവിതം മനുഷ്യസ്‌നേഹത്തിനു മാതൃകയായി. ഓട്ടിസം ബാധിച്ച ബാലനെ പരിമിതികൾക്കു നടുവിലും ദത്തെടുത്തു സംരക്ഷിക്കുന്ന അവരുടെ തന്റെടത്തിനു മുന്നിൽ കൈകൾ കൂപ്പുകയാണ് ആനപ്പാറ ഗ്രാമം.
സംസാരശേഷിയും മാനസിക വളർച്ചയുമില്ലാത്ത ജിഷ്ണുദാസിനെയാണ് 11 വർഷം മുമ്പ് കമല ദത്തെടുത്തത്. കമലയുടെ അകന്ന ബന്ധത്തിൽപ്പെട്ട കുട്ടിയാണ് ജിഷ്്ണുദാസ്. ജിഷ്ണുദാസിനു ഒന്നര വയസ്സായപ്പോൾ പിതാവ് ഉപേക്ഷിച്ചു. മൂന്നു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. ഇതോടെ അനാഥനായ ജിഷ്ണുദാസിനെ  മക്കളില്ലാത്ത വിധവയായ കമല സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. ഇപ്പോൾ 14 വയസ്സുള്ള ജിഷ്ണുദാസിനു അമ്മയും അധ്യാപികയുമാണ് കമല.  നിത്യകർമങ്ങൾ ചെയ്യുന്നതിനും ആഹാരം കഴിക്കുന്നതിനും ജിഷ്ണുദാസിനു കമലയുടെ സഹായം വേണം.
ആനപ്പാറയിലെ പണിതീരാത്ത ഒറ്റമുറി വീട്ടിലാണ് കമലയുടെ താമസം. അടച്ചുറപ്പില്ലാത്ത വീട്ടിൽ വൈദ്യുതി എത്തിയിട്ടില്ല. ഒരു കട്ടിൽ മാത്രമാണ് വീട്ടിലുള്ളത്.
ക്ഷീരവൃത്തിയിലൂടെ ലഭിക്കുന്ന വരുമാനമായിരുന്നു കമലയ്ക്കു ഉപജീവനത്തിനു ആശ്രയം. പശു ചത്തതോടെ ദൈനംദിന ചെലവുകൾക്കു ബുദ്ധിമുട്ടുന്ന അവർക്കു സുമനസ്സുകളുടെ സഹായമാണ് ആശ്വാസം. ഇല്ലായ്മകൾക്കിടയിലും ജിഷ്ണുദാസിനെ പരിപാലിക്കുന്ന കമലയെ പ്രദേശവാസികൾ ബഹുമാനത്തോടെയാണ് കാണുന്നത്. വാസയോഗ്യമായ വീടും ഉപജീവനമാർഗവും കമലയ്ക്കു  നൽകാൻ അധികാരികൾ തയാറാകേണ്ടതുണ്ടെന്നും അവർ പറയുന്നു. തന്റെ കാലശേഷം ജിഷ്ണുദാസിനെ ആരു സംരക്ഷിക്കും എന്ന ചിന്ത കമലയെ അലട്ടുന്നുണ്ട്. എല്ലാം ഈശ്വരനിൽ അർപ്പിച്ചാണ് അവരുടെ ജീവിത പ്രയാണം.

Latest News