കോഴിക്കോട് - ജീവനക്കാരെ സ്ഥലംമാറ്റിയും ഒഴിവുകള്‍ നികത്താതെയും കോഴിക്കോട് റെയില്‍വേ ലോക്കോ പൈലറ്റ് ഡിപ്പോ അടച്ചുപൂട്ടാന്‍ പാലക്കാട് ഡിവിഷണല്‍ അധികൃതര്‍ നീക്കം നടത്തുന്നതായി ആക്ഷേപം.
ജീവനക്കാരെ കുറയ്ക്കല്‍ നടപടിയുടെ ഭാഗമായി പാലക്കാട് ഡിവിഷണല്‍ അധികൃതര്‍ മനഃപൂര്‍വം ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നിരിക്കയാണെന്നാണ് ജീവനക്കാരുടെ ആരോപണം. മലബാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് ഏക ആശ്രയമായ കോഴിക്കോട് സ്റ്റേഷനിലെ ഡിപ്പോയെ ഘട്ടംഘട്ടമായാണ് ഇല്ലാതാക്കുന്നത്. ഇതിന്റെ ആദ്യപടിയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കലെന്നാണ് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ പരാതിപ്പെടുന്നത്.
ഡിപ്പോ നിലനിന്നാല്‍ മാത്രമേ വികസനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടേക്ക് എത്തുകയുള്ളൂ. എകദേശം 140 ലോക്കോ പൈലറ്റുമാര്‍ ഇതിന് കീഴിലുണ്ട്. നിലവില്‍ വിവിധ ഡിപ്പോകളില്‍ നിന്ന് മുപ്പതോളം ലോക്കോ പൈലറ്റുമാര്‍ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം കാത്ത് നില്‍ക്കുന്നുമുണ്ട്. ഇതിനിടയിലാണ് ഏഴ് തസ്തികകള്‍ ഷൊര്‍ണൂരിലേക്ക് മാറ്റിയത്. മാത്രമല്ല ഈ ഒഴിവുകളിലേക്ക് കോഴിക്കോട് നിന്ന് ജീവനക്കാരെ മാറ്റാന്‍ ഉത്തരവിറക്കുകയും ചെയ്തു. സൗത്ത് സോണിലെ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന്‍ മാനേജരുടെ ഉത്തരവ് മറികടന്നാണ് ഈ നീക്കം. കോഴിക്കോട്ടുണ്ടായിരുന്ന 40 ഗുഡ്സ് ലോക്കോ പൈലറ്റുമാരുടെ എണ്ണം 23 ആക്കി കുറച്ചു. ഇവിടെയുള്ള ലോക്കോ സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നുമില്ല. മൂന്ന് മാസമായി ഈ തസ്തിക ഒഴിഞ്ഞുകിടക്കയാണ്. അടുത്തിടെ ഷൊര്‍ണൂരിലും മംഗലാപുരത്തുമടക്കം ലോക്കോ സൂപ്പര്‍വൈസര്‍മാരെ നിയമിച്ചെങ്കിലും കോഴിക്കോടിനെ അവഗണിച്ചു.സതേണ്‍ റെയില്‍വേയുടെ ആസ്ഥാനമായ മദ്രാസില്‍നിന്നുള്ള ഉത്തരവുപ്രകാരം ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഇല്ലങ്കിലും പാലക്കാട് ഡിവിഷന്‍ അധികാരികള്‍ ഡിപ്പോ അടച്ചു പൂട്ടാനുള്ള ശ്രമങ്ങളുമായാണ് മുന്നോട്ട് നീങ്ങുന്നത്. മലബാറിലെ ചരക്കുഗതാഗതവും എടുത്തു മാറ്റുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. മലബാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് ഏക ആശ്രയമായ കോഴിക്കോട് ഡിപ്പോയെ ഘട്ടംഘട്ടമായി ഇല്ലാതാക്കി വികസനത്തിന് തുരങ്കം വെക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ ശക്തമായ സമരത്തിലേക്ക് കടക്കാനാണ് ജീവനക്കാരുടെ നീക്കം.