കൊച്ചി- ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍ സുരാജിനെക്കുറിച്ച മാധ്യമ വാര്‍ത്തകള്‍ക്ക് വിലക്ക്. മൂന്നാഴ്ചത്തേക്കാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. മാധ്യമ വാര്‍ത്തകള്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന സുരാജിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് സുരാജിന്റേത് അടക്കമുള്ള സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇത് കാവ്യാ മാധവന്‍ അടക്കമുള്ളവരെ കേസുമായി ബന്ധപ്പെടുത്തുന്ന സംഭാഷണങ്ങളായിരുന്നു. നേരത്തെ ഇവരുടെ ഫോണുകള്‍ അന്വേഷണസംഘം പരിശോധിക്കുകയും അതിലുള്ള വിവരങ്ങള്‍ ഫോറന്‍സിക് ലാബില്‍ നിന്ന് റിക്കവര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ സുരാജ് അടക്കമുള്ളവരുടെ ഓഡിയോ ക്ലിപ്പുകളുണ്ടായിരുന്നു. ഇതില്‍നിന്നാണ് കേസിലെ ചില സുപ്രധാന സംഭാഷണങ്ങള്‍ പുറത്തുവന്നതെന്നാണ് വിവരം.
ഇത്തരം ഓഡിയോ ക്ലിപ്പുകള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മാധ്യമ വിചാരണയാണ് നടക്കുന്നതെന്നുമായിരുന്നു സുരാജിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നു. ഇത് തടയണം തുടങ്ങിയ ആവശ്യങ്ങളാണ് സുരാജ് കോടതിയില്‍ ഉന്നയിച്ചത്.