Sorry, you need to enable JavaScript to visit this website.

സേവിക്കാനായ് ജനിച്ചവർ

അതു താനല്ലയോ ഇത്? വർണ്യത്തിലാശങ്ക വെറും സിനിമാപ്പേരല്ല. ശുദ്ധവ്യാകരണം. സന്ദർഭം ധാരാളമുണ്ടാകുന്ന ഇക്കാലത്ത് ഉപമയും ഉത്‌പ്രേക്ഷയുമൊക്കെ അറിഞ്ഞാൽ കൃത്യസമയത്ത് എടുത്തുവീശാൻ കഴിയും. ഉദാഹരണത്തിന് വി.കെ. കൃഷ്ണമേനോന്റെ കാര്യം. 1962 ലെ 'ചൈനീസ് വാർ' പറ്റിച്ച പണിയാണ്. മേനോൻ മന്ത്രിസ്ഥാനവും കോൺഗ്രസും വിട്ടു; ബോംബെയിൽ ചെന്ന് ഇരട്ട പരാജയം ഏറ്റുവാങ്ങി. അറ്റകൈ പ്രയോഗമായി, തിരുവോന്തരം പുക്കി. മത്സരിച്ചു. സ്ഥലം അങ്ങനെയാണ്. കുമ്മനം ഒഴികെ 'വരത്തന്മാരെല്ലാം അവിടെ  ജയിച്ചിട്ടുണ്ട്. എന്നുവെച്ച്, കുമ്പളങ്ങിക്കാരന് കൃഷ്ണമേനോന്റെ പൊക്കം ഉണ്ടാകുമോ? കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നു വിരോധികൾ. 'പെൻഗ്വിൻ ബുക്‌സി'ന്റെ 'പെലിക്കൺ' സ്ഥാപക എഡിറ്ററായിരുന്നു മേനോൻ. 'കുമ്പളങ്ങിക്കഥകൾ' സ്വയം അടിച്ചിറക്കിയാണ് തോമസ മാഷ് ഖ്യാതി നേടിയത്. മേനോൻ പാർട്ടി വിട്ടു. മാഷ്, തന്നെ പാർട്ടി വിടട്ടെ എന്നു കാത്തിരിക്കുന്നു. ഇടയ്ക്കിടെ തൃക്കാക്കര എന്ന മണ്ഡലത്തിലേക്ക് ഒളികണ്ണിട്ടു നോക്കും, നെടുവീർപ്പിടും. പക്ഷേ, ആ മണ്ഡലം തിരുവനന്തപുരത്തല്ല. സി.പി.എമ്മിൽ 'തിരുത മത്സ്യം' ഇഷ്ടമുള്ളവർ ആരൊക്കെ എന്ന് ഇനിയും ഉറപ്പിക്കാൻ കഴിയാത്തതിന്റെ ദുഃഖം വെറെയും. എം.എ. ബേബി സഖാവു മാത്രമേ ഇതുവരെ 'ലൈക്ക്' അടിച്ചിട്ടുളളൂ.


എ.ഐ.സി.സി അച്ചടക്ക സമിതി മേധാവിയും മിണ്ടാവ്രതക്കാരനുമായ തങ്കച്ചായൻ ഒരു നോട്ടീസയച്ചതു മാഷിനു കിട്ടി എന്നു മാത്രമേ പറയാനുളളൂ. തങ്കച്ചന്റെ പത്താം വയസ്സു മുതൽക്കുളള കായൽ യാത്രയും വഞ്ചിപ്പാട്ടും 'ഒരണസമരവും' പ്രസംഗങ്ങളുമൊക്കെ സമാഹരിക്കുകയാണ് മാഷ്. മറുപടി കൊടുക്കുമ്പോൾ, പ്രേംനസീറിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു  'ത്രില്ലൊക്കെ' വേണം. കടുത്ത നടപടി വേണ്ടെന്ന് തങ്കച്ചായൻ രഹസ്യമായി പറഞ്ഞ കാര്യം കോൺഗ്രസായതുകൊണ്ടു പുറത്തറിഞ്ഞു. അത് അനിവാര്യം. കേട്ടപ്പോൾ മാഷിനു പുതിയൊരു 'ലഡു' പൊട്ടി- അച്ചായന്റെ കൗമാര പ്രസംഗങ്ങൾ ഒരു പുസ്തകമാക്കിയാലോ? 'കുമ്പളങ്ങിക്കഥകൾ' ഹിറ്റാക്കിയ കൈകൾക്ക് അതിനുള്ള ബാല്യമുണ്ട്. ഇതിനിടയിൽ ആശാവഹമായ വിളി എത്തി. പി.സി. ചാക്കോയാണ്; ഒരേ തൂവൽപക്ഷി. കോൺഗ്രസ് പരമ്പര്യമുള്ള എൻ.സി.പി മാഷിനെ മാടിവിളിക്കുന്നുവെന്നു സാരാംശം. ഉപ്പിലിട്ടാൽ ഉപ്പോളം വരില്ല. അകത്തു കയറിയാൽ സി.പി.എമ്മിന്റെ തോളിൽ തന്നെ കയറി ഇരിക്കണം. തൃക്കാക്കര സീറ്റ് കാര്യത്തിൽ മാഷിന്റെ വഴിമുടക്കാമെന്നു ചില വിഡ്ഢിക്കോമരങ്ങൾ - ഇരുമുന്നണികളിലും നിറയെ അവരുണ്ട്- മനഃപ്പായസമുണ്ണുന്നു. അന്തരിച്ച പി.ടി. തോമാച്ചാന്റെ 'അകത്തുള്ളോരാ' ഉമാ തോമസിനെ ഗോദയിലിറക്കുമോ! തോമസ് മാഷിന്റെ സ്വന്തം പുത്രി രേഖാ തോമസിനെ രംഗത്തിറങ്ങാൻ ശട്ടം കെട്ടിയിട്ടുണ്ടെന്ന് എതിരാളികൾ ഓർക്കണം. കോടിയേരി - പിണറായിമാരുടെ അനുഗ്രഹം കൂടിയുണ്ടെങ്കിൽ ഗുസ്തി ജോറാകും. തോമസ് മാഷ് പഴയ ലീഡറുടെ കളരിയിലാണ് മെയ്യഭ്യാസവും ഉറുമിയും പഠിച്ചത്. പെട്ടെന്നു വിട്ടുകൊടുക്കില്ല.


****                                           ****                           ****

1975 ലെ അടിയന്തരാവസ്ഥക്കാലം ഓർക്കാൻ കൊച്ചേട്ടനു നാണമാണ്. ഇടയ്ക്കിടെ കുത്തിനോവിക്കുന്ന വല്യേട്ടനോടു ക്ഷമിക്കുന്നത് നാലു മന്ത്രിമാരെയും ഒരു പെഡ്യൂട്ടി സ്പീക്കറെയും ഓർത്തു മാത്രം. അവരുടെ ഭാവിയും നോക്കണമല്ലോ. എന്നാൽ കൊച്ചേട്ടന്റെ പാർട്ടി വെറും 'അറു ബൂർഷ്വ' ജനാധിപത്യ പാർലമെന്ററി വ്യാമോഹ' പാർട്ടിയാണോ? അല്ലേയല്ല. കെ. റെയിൽ അനുകൂല പ്രചാരണത്തിൽ പങ്കെടുക്കാൻ നിർദേശിക്കുന്ന പ്രകാശ് ബാബു സഖാവിന്റെ റിപ്പോർട്ടിന്മേൽ എന്താണ് കൊല്ലം ജില്ലാ എക്‌സിക്യൂട്ടീവിൽ സംഭവിച്ചത്? ബോംബേറുണ്ടായില്ല; സി.പി.ഐ ബോംബ് കണ്ടിട്ടില്ല. പക്ഷേ, പൊട്ടിത്തെറിയുണ്ടായി. ഗ്ലാസ് ഒഴിവാക്കി പേപ്പർ കപ്പുകളിൽ ചായ വിതരണം ചെയ്തതു തന്നെ, അനിഷ്ട സംഭവങ്ങളുണ്ടായാൽ മുറിവേൽക്കാതിരിക്കാൻ മാത്രമാണ്. ശാന്തമായിരുന്ന് ചായയും 'ചൂടുവട'യും കഴിക്കുന്നവരായതിനാൽ യോഗത്തിനരികിൽ ആംബുലൻസ് കരുതാറുമില്ല. സ്ഥലം കൊല്ലമാണ്. അത്യാവശ്യം വേരുകളുള്ള ജില്ല. കാനം രാജന്ദ്രനില്ലെങ്കിലും കെ. റെയിൽ കാര്യത്തിൽ എതിർപ്പിനു ലവലേശം വീര്യം കുറയുകില്ല. വാർഡുകളിൽ പൊതുയോഗങ്ങൾ, വീടുകയറി ബോധവൽക്കരണം, കുടുംബ സദസ്സുകൾ ഇത്യാദിയാണ് എൽ.ഡി.എഫിന്റെ കലാപരിപാടികൾ. പൊതുയോഗത്തിന് ആളെ കൂട്ടാതെ നോക്കണമെന്ന് കൊച്ചേട്ടൻ ഉറപ്പിച്ചു. പിന്നെ വീടു കയറിയുള്ള ബോധവൽക്കരണം. വീടുകയറി ആക്രമണവും ബോംബേറും നിവൃത്തിയില്ലെങ്കിൽ കത്തിക്കുത്തും എന്ന 'വല്യേട്ടൻ നയം' മാറിയത് അനിയൻ ബാവയ്ക്കു വിശ്വാസമാകുന്നില്ല. പുള്ളിപ്പുലിക്കു പ്രായമേറിയാൽ തൊലിയിലെ പുള്ളിമായുമോ? കുടുംബ സദസ്സുകളുടെ കാര്യം- അടുക്കളയിലും കക്കൂസിലുമൊക്കെ കയറി കെ. റെയിലിന്റെ കുറ്റികൾ സ്ഥാപിക്കുന്നവരെ വീട്ടമ്മമാർ കരുതിയിരിക്കുകയാണ്. കൈവശമുള്ളത് ആം ആദ്മി പാർട്ടിയുടെ ചിഹ്നമായ ഉപകരണം. സി.പി.ഐക്ക് ഇനിയും തല്ലു കൊള്ളാനുള്ള ബാല്യമില്ല. 


****                                           ****                               ****

കാലത്തിനൊത്തു മാറണം. നമ്മുടെ നാട്ടിലെ അനിയൻ ബാവ - ചേട്ടൻ ബാവമാർ 'ഫോർവേഡ് ബ്ലോക്കി'നെ കണ്ടു പഠിക്കണം. അന്വേഷിച്ചാൽ കാണില്ല. മനക്കണ്ണു കൊണ്ടു കാണാൻ കഴിയും. ബൗദ്ധിക വ്യായാമം എന്നു ചുരുക്കം. അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് പണ്ട് പണ്ട് ഇന്ത്യയിലെ വടക്കും തെക്കും സംസ്ഥാനങ്ങളിൽ കാണപ്പെട്ടിരുന്നു. കരുനാഗപ്പള്ളിക്കാരൻ ദേവരാജൻ സഖാവാണ് ഇന്നത്തെ അഖിലേന്ത്യാ സെക്രട്ടറി. 17 സംസ്ഥാന കമ്മിറ്റികളെ ശീതീകരണികളിൽ വെച്ചു സ്തംഭിപ്പിച്ച ഒരു വൻ പരീക്ഷണം നടത്തിയാണ് പാർട്ടിയെ സഖാവും കൂട്ടരും വംശനാശത്തിൽ നിന്നു രക്ഷിച്ചത്. ജനുവരിയിൽ തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയെ ദേശീയവും ദേശീയനെ സംസ്ഥാനവും അംഗീകരിച്ച് രക്തഹാരം അണിയിച്ചതോടെ എല്ലാം മംഗളമായി. വളർച്ച പടവലങ്ങപോലെ കീഴ്‌പോട്ടു ആകുന്നതിന്റെ ചർച്ചയാണ് പൊടിപാറി, വഴി പോക്കരെ ശ്വാസം മുട്ടിച്ചത്. അതിന്റെയും പര്യവസാനം മംഗളം. പാർട്ടി പതാകയിൽനിന്നും അരിവാൾ- ചുറ്റിക അടിച്ചുമാറ്റുന്നു. നന്നായി. കുറേക്കാലമായി പല പാർട്ടിക്കാരും - മുപ്പത്തിനാലിലേറെ തീവ്രന്മാരുണ്ടിതിൽ- മേൽപടി ഉപകരണങ്ങളെ വിടാതെ ചുമക്കുകയായിരുന്നു 'ന്യൂജെൻ' പിള്ളേർക്കാകട്ടെ അതെന്താണെന്ന് പോലും മനസ്സിലാക്കാൻ അവസരമോ, സമയമോ ഉണ്ടായിട്ടില്ല. ഇനി ഫോർവേഡ് ബ്ലോക്കിന്റെ മൂവർണ പതാകയിൽ മുന്നോട്ടു കുതിക്കുന്ന ഒരു കടുവ മാത്രമേ ഉണ്ടാകൂ. പാർട്ടിയാകട്ടെ, പഞ്ചായത്തിലോ വാർഡിലോ പോലും കാണാത്ത സൂക്ഷ്മ ജീവി ആയതിനാൽ, സ്ഥാനമൊഴിയുന്ന അരിവാളിനും ചുറ്റികയ്ക്കും പ്രത്യേക ക്ഷീണമൊന്നും ഉണ്ടാകാനിടയില്ല. എങ്കിലും സംശയാസ്പദമായ ഒന്നുണ്ട്; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിണറായി സഖാവിനെതിരെ ധർമടത്ത് ദേവരാജൻ സഖാവ് മത്സരിക്കുമെന്നു കേട്ടിരുന്നു. അത്യാഹിതം ഒഴിവായി. പക്ഷേ, കേന്ദ്ര കക്ഷിയുമായി അടുക്കാൻ പദ്ധതി വല്ലതുമുണ്ടോ ആവോ?


****                                  ****                                 ****

95 വയസ്സ് പൂർത്തിയാക്കി വക്കം പുരുഷോത്തമൻജി സ്വസ്ഥം ഗൃഹഭരണമാണ്. മൂന്നു തവണ മന്ത്രിയും രണ്ടു തവണ സ്പീക്കറും രണ്ടു തവണ എം.പിയുമായിരുന്നു. ദീർഘകാലം ആന്റമാൻ നിക്കോബർ ദ്വീപുകളുടെ ലെഫ്റ്റനന്റ് ഗവർണറുമായി ശരിക്കും സേവിച്ചു. അദ്ദേഹത്തിന്റെ കഴിഞ്ഞ വാരത്തിലെ വാക്കുകൾ ശ്രദ്ധേയം:- ഗ്രൂപ്പ് നല്ലതല്ല. ഞാനും ചിലപ്പോഴൊക്കെ അങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്. (അത് കാര്യം കാണാൻ മാത്രം?) പാർട്ടി മാറുന്നതു ശരിയല്ല. (ജനിച്ചപ്പോൾ തന്നെ ഓരോ മനുഷ്യനും പാർട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പ്രായമായാൽ പിന്നെ രാഷ്ട്രീയത്തിൽ കടിച്ചു തൂങ്ങി കിടക്കുന്നതും ശരിയല്ല- അതു തോമസ് മാഷിനെ ലാക്കാക്കിയുള്ള ഒരു കൊച്ചുവെടി. ഉപദേശിക്കാൻ വക്കംജിയെ കവിഞ്ഞു മറ്റൊരാളില്ല!


****                                        ****                            ****

42 വാർഡുകളിലേക്ക് മെയ് മാസത്തിൽ തെരഞ്ഞെടുപ്പു നടക്കും. കോൺഗ്രസ് ഡിജിറ്റലായി അംഗ സംഖ്യയും സ്ഥാനാർഥികളെയും നിശ്ചയിക്കുമെന്നാണ് തോന്നുന്നത്. ബി.ജെ.പിക്ക് പഴയ കമ്യൂണിസ്റ്റ് മുദ്രാവാക്യം കടമെടുക്കാം- 'നഷ്ടപ്പെടുവാൻ വിലങ്ങുകൾ, കിട്ടാനുള്ളത് പുതിയൊരു ലോകം'. സഖാവ് ലെനിൻ ക്ഷമിക്കട്ടെ!
 

Latest News