Sorry, you need to enable JavaScript to visit this website.

സമാധാനത്തോടെ ജീവിക്കണം, നാട്ടിലേക്ക് തിരിച്ചു പോകും-ഷെജിന്‍, മാതാപിതാക്കളെ കാണുമെന്ന് ജോയ്‌സ്‌ന

കൊച്ചി- നാട്ടിലേക്ക് തിരിച്ചുപോകുമെന്നും സമാധാനമായി ജീവിക്കണമെന്നാണ് ആഗ്രഹമെന്നും കാടഞ്ചേരിയിലെ മിശ്രവിവാഹത്തിലെ വിവാദ നായകന്‍ ഷെജിന്‍.  വിവാഹത്തിന്റെ നടപടികള്‍ പൂര്‍ത്തിയായതിനുശേഷം മാതാപിതാക്കളെ കണ്ട് സംസാരിക്കുമെന്നാണ് ജോയ്‌സ്‌നയുടെ പ്രതികരണം.  
ജോയ്‌സ്‌നയെ ഷെജിനോടൊപ്പം പോകാന്‍ കോടതി അനുവദിച്ചതിനു പിന്നാലെയാണ് ഇരുവരുടേയും പ്രതികരണം.
ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. താന്‍ ആരുടേയും തടങ്കലില്‍ അല്ലെന്നും വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നതെന്നുമാണ് ജോയ്‌സ്‌ന കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ജോയ്‌സ്‌നയെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു.
തനിക്ക് ഇനി മകളെ കാണേണ്ടെന്ന്  ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് പറഞ്ഞു. ജോയ്‌സ്‌ന എന്തിന് ഇത് ചെയ്തു എന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്. കോടതിയില്‍വെച്ച് അത് പറയാന്‍ മകള്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധി സ്വാഭാവികമായും അവര്‍ക്ക് അനുകൂലമായിരിക്കുമെന്ന് അറിയാം. ഇനി ഒന്നേ പറയാനുള്ളൂ, കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്. ഇതുപോലൊരു ദുരനുഭവം കേരളത്തിലെ ആര്‍ക്കും ഉണ്ടാവരുത്. എന്റെ മുന്നില്‍ വരാന്‍ അവള്‍ താല്‍പര്യം കാണിച്ചില്ല. ഇനി എന്റെ മുന്നിലേക്ക് അവള്‍ വരേണ്ട ആവശ്യമില്ല- ജോസഫ് പറഞ്ഞു.

 

Latest News