ആലപ്പുഴ- ഷണ്മുഖന്റെ ഒറ്റമുറിക്കുടിലിലേക്ക് എണ്‍പത് ലക്ഷത്തിന്റെ ഭാഗ്യമെത്തി. അരൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ പുത്തന്‍വീട് ഷണ്‍മുഖനെ ആണ് ഭാഗ്യദേവത കടാക്ഷിച്ചത്. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ഷണ്മുഖന്‍ എടുത്ത ലോട്ടറിക്കാണ്.പ്ലാസ്റ്റിക് ഷീട്ട് കെട്ടി മുകളില്‍ ഓടുമേഞ്ഞ കുടിലിലാണ് ഷണ്‍മുഖനും ഭാര്യ റീത്തയും ഇവരുടെ ആണ്‍മക്കളായ വൈശാഖും വിഷ്ണുവും മരുമകളും കഴിയുന്നത്. അരൂരിലെ ലക്ഷ്മി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ഷണ്‍മുഖന്‍ അഞ്ച് ടിക്കറ്റുകള്‍ എടുത്തത്. ബാക്കി നാല് ടിക്കറ്റുകള്ക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ലഭിക്കും.
13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷണ്മുഖന്റെ മകന്‍ വൈശാഖ് പത്താംക്ലാസില്‍ പഠിക്കുന്ന കാലത്ത് ഇവരുടെ വീട്ടില്‍ വൈദ്യുതി ലഭിച്ചിരുന്നില്ല. വെളിച്ചമില്ലാതെ പരീക്ഷക്ക് പഠിക്കില്ലെന്ന് വൈശാഖ് വാശിപിടിച്ചു. സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് വീട്ട് നമ്പര്‍ ഇടാന്‍ കൂട്ടാക്കിയില്ല. ഇതോടെ വൈദ്യുതി കണക്ഷന്‍ ലഭിക്കില്ലെന്ന് പറഞ്ഞ് വൈദ്യുതി അധികൃതരും കൈമലര്‍ത്തി. മകന്റെ പഠനത്തെക്കുറിച്ച് മാത്രം ചിന്തിച്ച ഷണ്മുഖന്റെ ഭാര്യ റീത്ത അരൂര്‍ പഞ്ചായത്ത് അധികാരികളുടെ മുന്നില്‍ മണ്ണെണ്ണയുമായെത്തി ആത്മഹത്യക്ക് ഒരുങ്ങി. വിവരമറിഞ്ഞ ആലപ്പുഴ കളക്ടര്‍ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ചേര്‍ത്തല തഹസില്‍ദാര്‍ക്ക് ഉത്തരവു നല്‍കി. ഇന്ന് പഠനമൊക്കെ പൂര്‍ത്തിയാക്കി വൈശാഖും വൈഷ്ണവും ജോലിക്കായി കാത്തുനില്‍ക്കുകയാണ്. ഇതിനിടെയാണ് ഭാഗ്യം വീട്ടിലേക്ക് എത്തുന്നത്.