Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ പുതിയ വിസ നിയമം; ഗോൾഡൻ വിസക്കാർക്ക് കൂടുതൽ ആനുകൂല്യം

ദുബായ്- യു.എ.ഇയിൽ പുതിയ വിസ നിയമത്തിന് സർക്കാർ അംഗീകാരം നൽകി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ യു.എ.ഇ മന്ത്രിസഭയാണ് ഭേദഗതിക്ക് അംഗീകാരം നൽകിയത്. ഗോൾഡൻ വിസക്കാർക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പത്തുവർഷത്തെ ഗോൾഡൻ വിസയുള്ളവർ നിശ്ചിത കാലം യു.എ.ഇയിൽ തങ്ങണമെന്ന് നിർബന്ധമില്ല. പ്രായപരിധിയില്ലാതെ മക്കളെയും കുടുംബാംഗങ്ങളെയും സ്‌പോൺസർ ചെയ്യാനും അവസരം നൽകും. കൂടുതൽ മേഖലയിലേക്ക് ഗോൾഡൻ വിസ വ്യാപിപ്പിക്കാനും യു.എ.ഇ തീരുമാനിച്ചു. പത്തു വർഷത്തെ ഗോൾഡൻ വിസ നേടുന്നവർ എത്ര വർഷം യു.എ.ഇക്ക് പുറത്ത് താമസിച്ചാലും വിസ റദ്ദാകില്ല. നിലവിൽ ഗോൾഡൻ വിസക്കാർ ആറു മാസത്തിലധികം യു.എ.ഇക്ക് പുറത്തുതാമസിച്ചാൽ വിസ റദ്ദാകും എന്നായിരുന്നു വ്യവസ്ഥ. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ പ്രായപരിധിയില്ലാതെ സ്‌പോൺസർ ചെയ്യാനും കഴിയും. ഗോൾഡൻ വിസക്കുള്ള എൻട്രി പെർമിറ്റ് നൽകിയാൽ റെസിഡന്റ് വിസയിലേക്ക് മാറാൻ ആറുമാസം സമയം ലഭിക്കും. ഗോൾഡൻ വിസയിലുള്ളവർ മരിച്ചാൽ അവരുടെ ബന്ധുക്കൾക്ക് പത്തുവർഷത്തെ വിസ കാലാവധി കഴിയുന്നത് വരെ യു.എ.ഇയിൽ തങ്ങാനാകും. ഒരു ഗ്യാരന്ററോ സ്‌പോൺസറോ ഇല്ലാതെ അഞ്ചുവർഷത്തേക്ക് പുതുക്കാവുന്ന വിസ നൽകും. മാനവവിഭവശേഷി മന്ത്രാലയമാണ് ഈ വിസ നൽകുക. ഗോൾഡൻ വിസയുള്ളവർക്ക് എത്ര പേരെ വേണമെങ്കിലും ജോലിക്കാരായി നിയമിക്കാം.

Tags

Latest News