Sorry, you need to enable JavaScript to visit this website.

ആറുവരി ദേശീയപാത: മഴക്കു മുമ്പേ ആദ്യഘട്ട ടാറിംഗ് പൂർത്തീകരിക്കാൻ ശ്രമം

കോട്ടക്കൽ രണ്ടത്താണിയിൽ ദേശീയപാത 66 ന്റെ ആദ്യഘട്ട ടാറിംഗ് ജോലികൾ പുരോഗമിക്കുന്നു.

മലപ്പുറം- വേഗമേറിയതും സുഗമവുമായ വാഹന ഗതാഗതത്തിന് വഴിയൊരുക്കി പനവേൽ-കന്യാകുമാരി ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തികൾ ദ്രുദഗതിയിൽ. കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയായ ഇടിമുഴിക്കൽ മുതൽ മലപ്പുറം-തൃശൂർ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെ 76 കിലോമീറ്ററിലാണ് പുതിയ പാത നിർമിക്കുന്നത്. ഇടിമുഴിക്കൽ മുതൽ വളാഞ്ചേരി വരെയും വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുമായി രണ്ടു റീച്ചുകളിലായാണ് ജില്ലയിലെ ദേശീയപാത വികസന പ്രവൃത്തി. 3496.45 കോടിരൂപ ചെലവഴിച്ചാണ് ജില്ലയിൽ ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നത്. ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ 80 ശതമാനം മരങ്ങളും മുറിച്ചുമാറ്റി. നിലവിൽ ഈ ഭാഗങ്ങൾ നിരപ്പാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കോട്ടക്കൽ, വളാഞ്ചേരി, കുറ്റിപ്പുറം എന്നിവിടങ്ങളിൽ പാലങ്ങളുടെ നിർമാണവും നടന്നുവരുന്നു. രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെ ഏഴ് പാലങ്ങളാണ് ദേശീയപാതയിൽ വരുന്നത്. കൊളപ്പുറം, കുറ്റിപ്പുറം, പുതുപൊന്നാന്നി എന്നിവിടങ്ങളിൽ പുഴയ്ക്ക് കുറുകെയാണ് പാലങ്ങൾ. മറ്റിടങ്ങളിൽ വയഡക്റ്റുകളിലൂടെയുമാണ് പാത കടന്നുപോകുക.
കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ പുതിയ പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. മഴക്കാലത്തിന് മുമ്പേ ദേശീയ പാതയിലെ പാലങ്ങളുടെ പൈലിംഗ് ജോലികളും ഭൂമി നിരപ്പാക്കിയ  സ്ഥലങ്ങളിൽ ടാറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികളും പൂർത്തീകരിക്കാനാണ് ശ്രമമെന്ന് കരാർ ഏറ്റെടുത്ത കെ.എൻ.ആർ.സി.എൽ അധികൃതർ പറഞ്ഞു. ഇതിന്റെ ഭാഗമായി പൊന്നാനിയിൽ മറവഞ്ചേരിയിലും കോട്ടക്കലിൽ രണ്ടത്താണിയിലും പാതയുടെ ആദ്യഘട്ട ടാറിംഗ് പുരോഗമിക്കുന്നതായും നിർമാണ കമ്പനി അധികൃതർ വ്യക്തമാക്കി. ദേശീയപാത 66 ന്റെ വികസനത്തിനായി മലപ്പുറം ജില്ലയിൽനിന്നും ഏറ്റെടുത്തത് 203.4 ഹെക്ടർ ഭൂമിയാണ്. ഇതിൽ 32.82 ഹെക്ടർ പ്രദേശം സർക്കാർ ഭൂമിയാണ്. 7843 പേരിൽ നിന്നായി ഏറ്റെടുത്ത ഭൂമിയ്ക്ക് ഇതിനകം 3028.29 കോടി രൂപ നഷ്ടപരിഹാരമായി നൽകി കഴിഞ്ഞു. ശേഷിക്കുന്ന ഭൂമിയിന്മേൽ കേസുകൾ നിലനിൽക്കുന്നതിനാൽ അവ തീർപ്പാകുന്ന മുറയ്ക്ക് അതത് ഭൂവുടമസ്ഥർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഭൂമിയേറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടർ സി. പത്മചന്ദ്രകുറുപ്പ് പറഞ്ഞു. നഷ്ടപരിഹാരത്തിന് പുറമെ 395 ചെറുകിട വ്യാപാരികളുടെ പുനരധിവാസത്തിനായി 2.96 കോടി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത 66 ന്റെ വികസനത്തിനായുള്ള ഭൂമിയേറ്റെടുക്കലിന് നഷ്ടപരിഹാര തുകയുടെ 25 ശതമാനം സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ദേശീയപാത 66 ആറുവരിയാകുന്നതോടെ ജില്ലയിലെ സ്ഥിരം അപകടവളവുകളായ പാണമ്പ്ര, പാലച്ചിറമാട്, വട്ടപ്പാറ എന്നിവ ഒഴിവാകും. തിരക്കേറിയ കവലകളും നഗരപ്രദേശങ്ങളും ആറുവരിപാത യാഥാർഥ്യമാകുന്നതോടെ അപ്രത്യക്ഷമാകും. ഇതോടെ യാത്രക്കാർക്ക് ചുരുങ്ങിയ സമയത്തിനകം  ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും. രണ്ടര വർഷത്തിനുള്ളിൽ ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കി പൊതുഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ദേശീയപാത അഥോറിറ്റിയും കരാർ ഏറ്റെടുത്ത ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ.എൻ.ആർ.സി.എല്ലും തമ്മിലുള്ള ധാരണ.

Latest News