റിയാദ് - നിയമ ലംഘനങ്ങൾ നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമാവലി മൂന്നു മാസത്തിനു ശേഷം പ്രാബല്യത്തിൽവരും. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ദിവസങ്ങൾക്കു മുമ്പ് അംഗീകരിച്ച നിയമാവലിയിൽ ലൈസൻസില്ലാതെ തുറക്കുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടപ്പിക്കുന്നതിനും ആറു മാസം മുതൽ 24 മാസം വരെ ലൈസൻസ് നിഷേധിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു. ലൈസൻസില്ലാതെ തുറക്കുന്ന ആശുപത്രികൾക്ക് ഒരു ലക്ഷം റിയാൽ മുതൽ മൂന്നു ലക്ഷം റിയാൽ വരെയും ക്ലിനിക്കുകൾക്കും പോളിക്ലിനിക്കുകൾക്കും ഏകദിന ശസ്ത്രക്രിയ സെന്ററുകൾക്കും അര ലക്ഷം റിയാൽ മുതൽ ഒന്നര ലക്ഷം റിയാൽ വരെയും ലാബുകൾക്കും എക്‌സ്‌റേ സെന്ററുകൾക്കും 30,000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെയും സപ്പോർട്ട് ഹെൽത്ത് സർവീസ് സെന്ററുകൾക്ക് 10,000 റിയാൽ മുതൽ 30,000 റിയാൽ വരെയും പിഴ ചുമത്തും.
നൂറിലേറെ കിടക്കയുള്ള ആശുപത്രികൾക്ക് ലൈസൻസ് ഫീസ് 15,000 റിയാലും 51 മുതൽ 100 വരെയുള്ള കിടക്കയുള്ള ആശുപത്രികൾക്ക് ലൈസൻസ് ഫീസ് 10,000 റിയാലും 50 കിടക്കയിൽ കുറവുള്ള ആശുപത്രികൾക്ക് ലൈസൻസ് ഫീസ് 5,000 റിയാലുമാണ്. ക്ലിനിക്ക്, എക്‌സ്‌റേ സെന്റർ, ആംബുലൻസ് സർവീസ് സെന്റർ, ഹെൽത്ത് സപ്പോർട്ട് സർവീസ് സെന്റർ എന്നിവ തുറക്കുന്നതിന് ലൈസൻസ് ഫീസ് 1000 റിയാലും പോളിക്ലിനിക്ക്, ലാബ്, ഏകദിന ശസ്ത്രക്രിയ സെന്റർ എന്നിവ തുറക്കുന്നതിനുള്ള ലൈസൻസ് ഫീസ് 2000 റിയാലുമാണ്.
മുഴുവൻ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും സേവന നിരക്കുകൾ നിശ്ചയിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയിരിക്കണമെന്ന് നിയമാവലി പറയുന്നു. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഈ നിരക്കുകളിൽ ഭേദഗതി വരുത്താൻ പാടില്ല. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനും പ്രവർത്തന മേഖല മാറ്റുന്നതിനും കെട്ടിടം മാറുന്നതിനും ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ലൈസൻസ് അവസാനിക്കുന്നതിനു ചുരുങ്ങിയത് മൂന്നു മാസം മുമ്പ് ലൈസൻസ് പുതുക്കുന്നതിന് അപേക്ഷ സമർപ്പിക്കൽ നിർബന്ധമാണ്. രേഖകളും വ്യവസ്ഥകളുമെല്ലാം പൂർത്തിയായ അപേക്ഷകളിൽ 30 ദിവസത്തിനകം ആരോഗ്യ വകുപ്പ് ലൈസൻസ് പുതുക്കി നൽകും. ലൈസൻസ് പുതുക്കുന്നതിന് ആരോഗ്യ വകുപ്പ് കാലതാമസം വരുത്തുന്നതു മൂലമുള്ള ഒരു പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം ആരോഗ്യ സ്ഥാപനങ്ങൾ വഹിക്കേണ്ടിവരില്ല.