ഇസ്ലാം എന്ന പദത്തിന്റെ പൊരുള്‍ ശാന്തി എന്നാണ്. മുസ്ലിംകളുടെ അഭിവാദന വാക്യം അസ്സലാമുഅലൈക്കും എന്നത് സര്‍വ്വര്‍ക്കും ശാന്തി നേരുന്ന ഒന്നാണ്. സച്ചരിതര്‍ക്ക് പരലോകത്ത് നല്‍കാനിരിക്കുന്ന ശാശ്വത സ്വര്‍ഗ്ഗത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ദാറുസ്സലാം (ശാന്തിഗേഹം) എന്നാണ്. അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളില്‍ ഒന്ന് അസ്സലാം (ശാന്തിദായകന്‍) എന്നാണ്. മറ്റുള്ളവര്‍ക്ക് സുരക്ഷ (സലാമത്ത്) ഏകുന്നവനാണ് മുസ്ലിം, നിര്‍ഭയത്വമേകുന്നവനാണ് സത്യവിശ്വാസി(മുഅ്മിന്‍) എന്നിങ്ങനെ നബി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈമാനില്‍ അന്തര്‍ഭവിച്ചിരിക്കുന്ന അംന് (നിര്‍ഭയത്വം) ഇസ്ലാമില്‍ ഉള്ളടങ്ങിയട്ടുള്ള സലാം (ശാന്തി) എന്നിവ പരിശുദ്ധ മതം മുന്നോട്ടുവെക്കുന്ന എല്ലാവിധ ചട്ടങ്ങളിലും ചിട്ടകളിലും നിര്‍ദ്ദേശങ്ങളിലുമുണ്ട്. അതുകൊണ്ടുതന്നെയാണ് മാനവികതയുടെ ആദി മതവും പ്രകൃതി മതവുമായ ഇസ്ലാം ഒരു നൂറ്റാണ്ടില്‍ താഴെ കാലം കൊണ്ട് ലോകത്ത് മുഴുക്കേ വ്യാപിച്ചത്. ആദര്‍ശ തത്വങ്ങളുടെ മേന്മ കൊണ്ടും അതുവഴി സാധിതമായ, അടിമുടി അട്ടിമറിക്കുന്ന വിശുദ്ധ വിപ്ലവത്തിന്റെ വീര്യം കൊണ്ടുമാണീ വ്യാപനം സാദ്ധ്യമായത്. ഇതില്‍ അസൂയയും അസഹ്യതയും പുലര്‍ത്തിയവരും പുലര്‍ത്തുന്നവരുമാണ് ഇസ്ലാം വാളിന്റെ തണലില്‍ പ്രചരിച്ചുവെന്ന് കുപ്രചരണം നടത്തിയതും നടത്തുന്നതും. ഈ കുപ്രചരണത്തെ തള്ളിക്കൊണ്ട് where one can get such a Miraculous sword എന്ന് പരിഹാസപൂര്‍വം ഒരു പാശ്ചാത്യ ചിന്തകന്‍ ചോദിച്ചത് ചിന്തനീയമാണ്.
ഈ കുപ്രചരണത്തിന് സഹായകമാം വിധം വിശുദ്ധഖുര്‍ആന്‍ വിവര്‍ത്തനത്തിലും മറ്റും വിക്രിയകള്‍ നടത്താന്‍ പാശ്ചാത്യര്‍ ശ്രമിച്ചിട്ടുണ്ട്. പ്രതിരോധത്തിന് ആദ്യാനുവാദം നല്‍കിയ സൂറത്തുല്‍ ഹജ്ജിലെ വാക്യങ്ങളാണ് തെറ്റായി വ്യാഖ്യാനം ചെയ്തത്.
യുദ്ധത്തിന് 'ഖിതാല്‍' എന്നാണ് അറബിയില്‍ പറയുക. 'ജിഹാദ് ' എന്നതിന് യുദ്ധം എന്ന് അര്‍ത്ഥമില്ല. പക്ഷേ അങ്ങനെ ഒരു അര്‍ത്ഥം ഉണ്ടാക്കിയെടുക്കാന്‍ പലരും ദുരുദ്ദേശപൂര്‍വ്വം യത്‌നിച്ചു. പരേതനായ എന്‍.വി കൃഷ്ണവാര്യര്‍ തന്റെ ഒരു ലേഖനത്തില്‍ ജിഹാദിന് അമുസ്ലീങ്ങള്‍ക്കെതിരിലുള്ള പുണ്യ യുദ്ധം എന്ന അര്‍ത്ഥം നല്‍കിയപ്പോള്‍ അദ്ദേഹത്തിന് ഈയുള്ളവന്‍ ഒരെഴുത്തയച്ചു. അതിന് അദ്ദേഹം നല്‍കിയ മറുപടി ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിഷ്ണറിയില്‍ ജിഹാദ് എന്നതിന് Holy war against infidels എന്നര്‍ത്ഥം നല്‍കിയിട്ടുണ്ടെന്നായിരുന്നു. അറബി ഭാഷയിലുള്ള മതപരമായ പ്രധാന പദത്തിന്റെ അര്‍ത്ഥം ഇംഗ്ലീഷ് നിഘണ്ടു നോക്കി ഉറപ്പിക്കുന്നത് ശരിയല്ലെന്നും ഹോമിയോ മരുന്നിന്റെ ഫോര്‍മുല അലോപ്പതി ഗ്രന്ഥത്തില്‍ നോക്കി തീരുമാനിക്കാറില്ലെന്നും ഉണര്‍ത്തിക്കൊണ്ട് ഞാന്‍ അദ്ദേഹത്തിന് വീണ്ടും എഴുതിയെങ്കിലും പണ്ഡിതനായ കൃഷ്ണവാരിയര്‍ പിന്നെ മറുപടി നല്‍കിയില്ല.
വായനയെ പറ്റിയും തൂലികയെ പറ്റിയും പറയുന്ന ഖുര്‍ആനില്‍ വാള്‍(സൈഫ്) എന്ന പദം പോലുമില്ല. ഇസ്ലാം യുദ്ധം അനുവദിച്ചത് സമാധാന സംസ്ഥാപനത്തിനാണ്; അതും ഒരനിവാര്യ തിന്മ (necessary evil ) എന്ന നിലക്ക്. പക്ഷേ,സമുദായത്തില്‍ ചിലരെങ്കിലും ഇസ്ലാമിലെ യുദ്ധചരിത്രം പടപ്പാട്ട് എന്ന പേരില്‍ രണോല്‍സുകത ഉണ്ടാക്കുന്ന വിധത്തില്‍ അവതരിപ്പിക്കാറുണ്ട്. ഇതൊരു പക്ഷേ തെറ്റിദ്ധാരണകള്‍ക്ക് ഇടം നല്‍കിയേക്കാം. കഥാകഥനം നടത്തുമ്പോള്‍ ചരിത്രം പറയുമ്പോള്‍ കൃത്യമായ സൂക്ഷ്മത പുലര്‍ത്താതിരിക്കുന്നത് തെറ്റിദ്ധാരണകള്‍ പരത്തും. കൂടാതെ ഹദീസ് ഗ്രന്ഥങ്ങളില്‍ ജിഹാദ് എന്ന ശീര്‍ഷകത്തിനു കീഴില്‍ യുദ്ധ സംബന്ധമായ കാര്യങ്ങള്‍ കൂടുതലായി വരുന്നതും തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കും.
ജിഹാദ് എന്നത് ആദര്‍ശ മാര്‍ഗത്തിലുള്ള അത്യദ്ധ്വാനമാണ്, അത് യുദ്ധം(ഖിതാല്‍)അല്ല. ജിഹാദ് എന്ന വിഷയത്തില്‍ ചിലപ്പോള്‍ യുദ്ധം വേണ്ടി വന്നേക്കാം, പക്ഷെ യുദ്ധത്തിന്റെ പര്യായമെന്നോണം ജിഹാദ് ഉപയോഗിക്കാറില്ല. ഖുര്‍ആനില്‍ ജിഹാദിന് ആഹ്വാനം ചെയ്യുമ്പോള്‍ 'ബി അംവാലിക്കും'( സമ്പത്ത് ) 'വ അന്‍ഫുസിക്കും' ( ശരീരം) എന്നാണ് മിക്ക സ്ഥലത്തും പറഞ്ഞത്. ജിഹാദുന്‍ ബില്‍ അംവാലിനെ ഖുര്‍ആന്‍ മുന്തിച്ച് ( തഖ്ദീം)പറഞ്ഞത് വളരെ ചിന്തനീയമാണ്. എന്നാല്‍ പല വിവര്‍ത്തകരും ഈ തഖ്ദീം( മുന്തിക്കല്‍) പരിഗണിക്കാറില്ല. (ഹാജറൂ വ ജാഹദൂ എന്ന് ഖുര്‍ആനിക പ്രയോഗത്തിനും ഇതേരീതിയിലുള്ള സന്ദേശമുണ്ട്). മതപ്രചാരണത്തിന് വാള്‍ ഉപയോഗിക്കേണ്ടതില്ല. 'മതത്തില്‍ ബലാല്‍ക്കാരമില്ല' എന്നത് ഇസ്ലാമിന്റെ സുദൃഡ നിലപാടാണ്.
സമാധാനത്തിന്റെ മതമായ ഇസ്ലാമിനെ ഭീകര വല്‍ക്കരിക്കാനുള്ള ശത്രുക്കളുടെ കുത്സിത യത്‌നങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇസ്രായേലിന്റെയോ അമേരിക്കയുടെയോ ബോംബ് ജൂത ബോംബോ ക്രിസ്ത്യന്‍ ബോംബോ അല്ല. എന്നാല്‍ അമേരിക്കയില്‍ നിന്ന് വലിയ വില കൊടുത്ത് മുസ്ലിം നാടുകള്‍ ബോംബ് വാങ്ങിയാല്‍ അത് ഇസ്ലാമിക് ബോംബാണ്. സമാധാനം എന്നര്‍ത്ഥമുള്ള വിശ്വമതത്തിന്റെ നാമത്തെ ബോംബിനോട് ചേര്‍ത്തു പറയുന്നത്. 'ശ്രീ ബുദ്ധ വിലാസം കാശപ്പ് കട എന്നോ ' ഗാന്ധിജി വൈന്‍ പാര്‍ലര്‍'എന്നോ പറയുന്നതിനേക്കാള്‍ വളരെ പരിഹാസ്യമാണ്.
അനിവാര്യഘട്ടത്തില്‍ യുദ്ധം ചെയ്യേണ്ടി വന്നാല്‍ പാലിക്കേണ്ട യുദ്ധ നിയമങ്ങള്‍ ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. അതുവിശകലനം ചെയ്യുമ്പോള്‍ ഇസ്ലാം ദീക്ഷിക്കുന്ന ഉദാത്ത നിലപാട് സുഗ്രാഹ്യമാവുക തന്നെ ചെയ്യും.