Sorry, you need to enable JavaScript to visit this website.

കീഴാറ്റൂരിൽ രാഷ്ട്രീയപ്പുഴ കലക്കുന്നത്

കണ്ണൂർ ജില്ലയിലെ ചുകപ്പു ഗ്രാമങ്ങളിലൊന്നായ കീഴാറ്റൂർ സംഘർഷ ഭരിതമാകുകയാണ്.  ശനിയാഴ്ച ആ ഗ്രാമം ഉണരുന്നത് 'നാടിനു കാവൽ' എന്ന സി.പി.എമ്മിന്റെ അസാധാരണ രാഷ്ട്രീയ സമരത്തോടെയാണ്. പിറ്റേന്നു രാവിലെ കീഴാറ്റൂരിലെ കൃഷിക്കാർ അവരുടെ സമരത്തിന്റെ മൂന്നാം ഘട്ടം അവിടെ തുടങ്ങുന്നു  -സി.പി.എം പ്രവർത്തകർ പൊളിച്ചു കത്തിച്ച സമരപ്പന്തൽ വീണ്ടും കെട്ടിയുയർത്തിക്കൊണ്ട്. 'കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരിൽ സംസ്ഥാനത്തെ പരിസ്ഥിതി-പൗരാവകാശ പ്രവർത്തകർ ഞായറാഴ്ച തളിപ്പറമ്പിൽനിന്ന് കീഴാറ്റൂരിലേക്ക് ഐക്യദാർഢ്യ ജാഥ നടത്തുന്നുണ്ട്.  ഇതു രണ്ടിനെയും നേരിടാനാണ് വിചിത്രമായ 'നാടിനു കാവൽ' സമരം.  പിണറായിയുടെ പോലീസിനു പുറമെ പി ജയരാജന്റെ പാർട്ടി പോലീസും ചേർന്ന്.
ബംഗാളിലെ നന്ദിഗ്രാമിന്റെയും സിംഗൂരിന്റെയും വഴിയെ കേരളത്തിൽ കീഴാറ്റൂരും എന്ന പ്രതീതി ഇതിനകം കീഴാറ്റൂരിലെ കൃഷിക്കാരുടെ സമരവുമായി ബന്ധപ്പെട്ട സംഭവ പരമ്പരകൾ സൃഷ്ടിച്ചിട്ടുണ്ട്.  ആ നിലയ്ക്ക്  ദേശീയ തലത്തിൽ തന്നെ കീഴാറ്റൂർ ശ്രദ്ധാകേന്ദ്രമാണിപ്പോൾ.  ആരെതിർത്താലും ദേശീയ പാത ഇനി കീഴാറ്റൂരിലൂടെ തന്നെ എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും അന്തരീക്ഷത്തിലുണ്ട്. 
വയൽക്കിളികൾ എന്ന പേരിൽ കീഴാറ്റൂരിലെ ദരിദ്ര കൃഷിക്കാരെയും കർഷകത്തൊഴിലാളികളെയും ദേശീയ പാതയുടെ ദിശാമാറ്റത്തിനെതിരെ സമര രംഗത്തിറക്കിയത് സി.പി.എം തന്നെ ആയിരുന്നു.  സി.പി.എമ്മുകാരനായ സ്ഥലം എം.എൽ.എയും പാർട്ടി ഏരിയാ നേതൃത്വവും വയൽക്കിളികൾക്കൊപ്പമായിരുന്നു. കൃഷിയിടങ്ങളും പരിസ്ഥിതിയും തകർക്കുന്നതൊഴിവാക്കാൻ ദേശീയ പാതയുടെ ദിശ മാറ്റണമെന്നതാണ് അന്നും സമരക്കാരുടെ ആവശ്യം.
സി.പി.എമ്മിനോട് രാഷ്ട്രീയ വിധേയത്വമുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തു പോലും ബദൽ സാധ്യത നിർദ്ദേശിച്ചിരുന്നു.  എന്നിട്ടും സമര രംഗത്തുനിന്ന് പിന്മാറാൻ സി.പി.എം നേതൃത്വം  നിർദ്ദേശിച്ചു. ബോധ്യപ്പെടാതെ വയൽക്കിളികൾ ഉറച്ചുനിന്നു.  കൂടിയാലോചിച്ച് അഭിപ്രായ സമന്വയത്തിലൂടെ എപ്പോഴോ പരിഹരിക്കാൻ കഴിയുമായിരുന്ന കേവലം ഒരു ദിശാമാറ്റ പ്രശ്‌നമാണ് സങ്കീർണമാക്കിയത്.  സംസ്ഥാന ഗവണ്മെന്റിന്റെ വികസന പ്രവർത്തനം തടയാനുള്ള രാഷ്ട്രീയ - സാമ്രാജ്യത്വ ഗൂഢാലോചനയാക്കി മുദ്ര കുത്തിയത്.  മാവോയിസ്റ്റുകളും ഫാസിസ്റ്റുകളും സി.ഐ.എ പോലുള്ള സാമ്രാജ്യത്വ ഏജൻസികളും സമരത്തിനു പിന്നിലുണ്ടെന്ന് നിയമസഭയിലും പുറത്തും  ഇതിനായി പ്രചാരണം അഴിച്ചുവിട്ടു.  പാർട്ടി കൽപിച്ചിട്ടും കേൾക്കാതെ സമര രംഗത്ത് ഉറച്ചുനിന്ന വയൽക്കിളികൾ കീഴാറ്റൂരിനെ കേരളത്തിലെ നന്ദിഗ്രാമോ സിംഗൂരോ ആക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം നേതൃത്വം കുറ്റപ്പെടുത്തി.  
യഥാർത്ഥത്തിൽ നെൽവയലുകളും തണ്ണീർ തടങ്ങളും നികത്തിയും അതിനു വേണ്ടി ഒന്നര ലക്ഷത്തോളം ലോഡ് മണ്ണിറക്കാൻ സമീപ ദേശങ്ങളിലെ പതിനൊന്നോളം കുന്നുകൾ ഇടിച്ചു നിരത്തി ആ മേഖലയിലാകെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നതാണ് സമരത്തിനാധാരമായ യഥാർത്ഥ പ്രശ്‌നം.  റിയൽ എസ്റ്റേറ്റ് മാഫിയ രാഷ്ട്രീയ പിൻബലത്തോടെ തങ്ങളുടെ സമാന്തര വ്യാപാര വികസന പദ്ധതികളും നിക്ഷിപ്ത താൽപര്യങ്ങളുമായി ഇതിനു പിന്നിലുണ്ടെന്നാണ് സമര നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.  
കീഴാറ്റൂർ സി.പി.എം ശക്തികേന്ദ്രമാണെന്നും അവരിൽ ചിലർക്ക് ബൈപാസുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് ബോധ്യപ്പെട്ടിട്ടില്ലെന്നുമാണ് നിയമസഭയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്.  എങ്കിൽ സി.പി.എമ്മുകാരായ കൃഷിക്കാർ കീഴാറ്റൂരിൽ നടത്തുന്ന സമരം തനിക്കു ബോധ്യപ്പെടാത്തതെന്താണെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.   കൃഷിക്കാരുടെ സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സി.പി.എം ആവിഷ്‌കരിച്ച നയമുണ്ട്.  നന്ദിഗ്രാമിലെയും സിംഗൂരിലെയും കൃഷിഭൂമി ഏറ്റെടുക്കലിനെതിരായ സമരം രൂക്ഷമാകുകയും ദേശീയ തലത്തിൽ ബംഗാളിലെ ഇടതുമുന്നണി ഗവണ്മെന്റിന്റെ പ്രതിഛായ തകരുകയും ചെയ്ത പശ്ചാത്തലത്തിൽ  2010 ൽ സി.പി.എം കേന്ദ്ര കമ്മറ്റിയുടെ വിപുലീകൃത യോഗം ചേർന്നാണ് അത്  രൂപീകരിച്ചത്. കൃഷിക്കാരുടെ സ്ഥലം ഏറ്റെടുക്കുന്നതിൽ  ദേശീയാടിസ്ഥാനത്തിൽ സി.പി.എം നേതൃത്വം സ്വീകരിക്കേണ്ട വ്യവസ്ഥകൾ അതിൽ പറയുന്നു:
ചെറുകിട കൃഷിക്കാർക്ക് അവരുടെ കൃഷിഭൂമി മാത്രമാണ് ജീവനോപാധി.  വികസനത്തിന്റെ പേരിൽ കൃഷിഭൂമി ഏറ്റെടുക്കുന്നത് ഈ പശ്ചാത്തലത്തിൽ കൃഷിക്കാരുടെ അടിസ്ഥാന ആവശ്യങ്ങളുടെയും ജീവിതോപാധികളുടെയും മേലുള്ള കടന്നാക്രമണമാണ്.  ഇതു മനസ്സിൽവെച്ച്  കൃഷിക്കാരുടെ ഇഛക്കെതിരായി ഫലഭൂയിഷ്ഠമായ കാർഷിക ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നാം കടുത്ത നിലപാടെടുക്കണം. 
സി.പി.എം ദേശീയ നേതൃത്വമെടുത്ത ഈ നിലപാടിന്റെ ബലത്തിലാണ്  കീഴാറ്റൂരിലെ വയൽക്കിളികളുടെ സമരത്തിൽ സി.പി.എമ്മുകാരായ കൃഷിക്കാർ ദിവസങ്ങളോളം അണിനിരന്നത്. വയലിൽ ചെങ്കൊടിക്കു കീഴിൽ സമരപ്പന്തൽ ഉയർത്തിയതും.  സർക്കാർ നയം ഒരു വിഭാഗത്തിനു ബോധ്യമായില്ലെങ്കിലും അതുമായി മുന്നോട്ടു പോകുമെന്നു മുഖ്യമന്ത്രി പറയുമ്പോൾ അദ്ദേഹം തള്ളിക്കളയുന്നത് സ്വന്തം പാർട്ടിയുടെ നിലപാടാണ്.
നന്ദിഗ്രാമിലെ പോലെ ബംഗാളിലെ കൃഷിയിടങ്ങൾ ഏറ്റെടുത്ത വിവാദങ്ങളെ തുടർന്നാണ് നിലവിലുണ്ടായിരുന്ന 1894 ലെ ഭൂമി ഏറ്റെടുക്കൽ നിയമം 2013 ൽ യു.പി.എ ഗവണ്മെന്റ് കൃഷിക്കാർക്കനുകൂലമായ വ്യവസ്ഥകളോടെ ഭേദഗതി ചെയ്തത്.  നന്ദിഗ്രാമിലും സിംഗൂരിലും കൈപൊള്ളിയ സി.പി.എമ്മും ഈ ഭേദഗതികൾക്കൊപ്പം നിന്നതാണ്. പുതിയ വ്യവസ്ഥകളനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പു വരുത്തണമെന്നു മാത്രമല്ല അതിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്.  ദേശീയ പാത പോലുള്ള ആവശ്യങ്ങൾക്ക് സർക്കാർ ഏറ്റെടുക്കുമ്പോഴും അത് സുതാര്യമായിരിക്കണം.  തദ്ദേശ ഭരണ സ്ഥാപനങ്ങളോ ഗ്രാമസഭകളോ ആയി കൂടിയാലോചിക്കണം. ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുകയും വേണം. 
കീഴാറ്റൂരിൽ വയലുടമകളോ എം. എൽ.എയോ തദ്ദേശ ഭരണ സ്ഥാപനങ്ങളോ അറിയാതെ ഒരു സ്വകാര്യ സ്ഥാപനം സർവ്വേ നടത്തി കീഴാറ്റൂരിന്റെ തലയിൽ അടിച്ചേൽപിച്ച ഭൂമി ഏറ്റെടുക്കലാണിത്.  ഇതിനു പിന്നിൽ അദൃശ്യമായ ഏതോ ഒരു ശക്തിയുടെ ദുരൂഹ പ്രവർത്തനം നടന്നിട്ടുണ്ട്.  അതുകൊണ്ടു കൂടിയാകണം  രണ്ടാം ഘട്ടം വരെ കീഴാറ്റൂരിലെ സമരം തുടർന്നുപോയത്.
പിന്നീടാണ് മുഖ്യമന്ത്രിയുടെയും ജില്ലാ നേതൃത്വത്തിന്റെയും വികസന നയത്തിന് എതിരാണ് സമരമെന്നു വന്നത്. മുകളിൽനിന്ന് കർശന നിർദ്ദേശമുണ്ടായപ്പോൾ സ്വാഭാവികമായും പാർട്ടി ഏരിയാ നേതൃത്വം സമരത്തിൽനിന്നു പിന്മാറി.  സി.പി.എമ്മിന്റെ കൃഷിഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച പാർട്ടി നയത്തിലും കൃഷിക്കാരുടെ വർഗ നയത്തിലും വിശ്വാസമുണ്ടായിരുന്ന കൃഷിക്കാർ വയൽക്കിളികളെന്ന നിലയിൽ സമര രംഗത്ത് പിന്നെയും ഉറച്ചുനിന്നു.  വർഗ-ബഹുജന സംഘടനയുടെ സ്വതന്ത്രമായ നിലപാടുകൾ സംബന്ധിച്ചു കൂടി  ബോധ്യമുള്ളവരായതുകൊണ്ട്.  കൃഷിഭൂമി നഷ്ടപ്പെടുത്താതെ മൂന്നാമതൊരു ദിശയിലൂടെ ദേശീയ പാത കീഴാറ്റൂരിൽ കൊണ്ടുപോകാൻ സാധിക്കുമെന്ന് അവർക്കു ബോധ്യമുണ്ടായിരുന്നു. 
സുരേഷ് കീഴാറ്റൂരടക്കം പത്ത് സി.പി.എം പ്രവർത്തകരെ പാർട്ടിയിൽനിന്നു പുറത്താക്കിയിട്ടും അവർ സമരം തുടർന്നു.  പോലീസിനെ ഇറക്കി ബലം പ്രയോഗിച്ചിട്ടും പാടത്ത് പണിയെടുത്തും ചെങ്കൊടി പിടിച്ചും കൈകളിൽ തഴമ്പുള്ള 60 ഉം 70 ഉം വയസ്സു കടന്ന കർഷക സ്ത്രീകളടക്കം സമര രംഗത്ത് ഉറച്ചുനിന്ന് ആത്മഹുതി ചെയ്യാൻ പോലും തയാറായി.  അവരെ അറസ്റ്റു ചെയ്ത് പോലീസ് വാഹനങ്ങളിൽ നീക്കം ചെയ്തതിനു പിറകെ സി.പി.എം പാർട്ടി പ്രവർത്തകർ സമരപ്പന്തൽ തകർത്തു തീവെച്ചു. 
ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർട്ടിയും സംഘടിക്കാനും സമരം ചെയ്യാനും നീണ്ട കാലം പൊരുതി നേടിയ അവകാശങ്ങളാണ് വികസനത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ പോലീസും അതിന്റെ പിൻബലത്തിൽ പാർട്ടി പ്രവർത്തകരും കീഴാറ്റൂരിൽ ചുട്ടെരിച്ചത്.  സമാധാനപരമായി സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം കീഴാറ്റൂരിൽ പുനഃസ്ഥാപിച്ചെടുക്കാനും നിയമ വിരുദ്ധമായ കൃഷിഭൂമി ഏറ്റെടുക്കൽ നടപടി തടയാനുമാണ് ഞായറാഴ്ച വയൽക്കിളികൾ അവിടെ സമരത്തിന്റെ മൂന്നാം ഘട്ടം തുടങ്ങുന്നത്.  അതിന് പിന്തുണ പ്രഖ്യാപിക്കാനാണ് വി.എം. സുധീരന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുനിന്നും പുറത്തുനിന്നുമുള്ള ജനാധിപത്യ വിശ്വാസികളും പൊതു പ്രവർത്തകരും പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ നേതാക്കളും കീഴാറ്റൂരിലേക്ക് മാർച്ചു നടത്തുന്നത്. ഇത് ഇടതു ഗവണ്മെന്റിന്റെ വികസനത്തെയും നിലനിൽപിനെ തന്നെയും അട്ടിമറിക്കാനാണ് എന്നു പറയുന്നു. സ്വയം ദേഹത്തു മുറിവേൽപിച്ച് ഈച്ച മുതൽ മാരകാണുക്കൾ വരെ കടന്നുവരുന്നതിന് ഇടയാക്കുന്നവരുടെ വിലാപമാണിത്.
പശ്ചിമ ബംഗാളിൽ വ്യവസായ വത്കരണ നയം അംഗീകരിച്ചപ്പോൾ ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള എതിർപ്പിന്റെയും ആശങ്കയുടെയും ആഴം ശരിയായ വിധത്തിൽ വിലയിരുത്താനോ മനസ്സിലാക്കാനോ കഴിഞ്ഞില്ലെന്ന് പിന്നീട് ഏറ്റുപറഞ്ഞത് സി.പി.എം പാർട്ടി കോൺഗ്രസാണ്.  ആ സ്വയം വിമർശനം ഉൾക്കൊള്ളാത്തവരോ ആഗോളീകരണ വികസന നയങ്ങളുടെ പക്ഷത്തു നിൽക്കുന്നവരോ ആണ് കീഴാറ്റൂർ  സമരത്തെ തള്ളിപ്പറയുന്നത്. എതിർത്തു തോൽപിക്കാൻ രാഷ്ട്രീയ വെട്ടുകിളികളെപ്പോലെ രംഗത്തിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഹിതത്തിനെതിരേയോ? പാർട്ടി ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് ഇവിടെ ഒരു സമരമോ?   ഈ നിലപാടാണ്  കീഴാറ്റൂരിൽ കൃഷിക്കാരുടെ പ്രശ്‌നം രാഷ്ട്രീയ സംഘർഷമാക്കി മാറ്റുന്നത്. 
സമര രംഗത്തുള്ളവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും ഭൂമി വിട്ടുകൊടുക്കുന്ന സമ്മതപത്രത്തിൽ ഒപ്പുവെപ്പിക്കാനും പോലീസും ഭരണവും നിയന്ത്രിക്കുന്ന കണ്ണൂരിലെ സി.പി.എം നേതൃത്വത്തിന് എളുപ്പം കഴിയും. കീഴാറ്റൂരിലെ സമരം പരാജയപ്പെട്ടാൽ, വയലുകളും തണ്ണീർ തടങ്ങളും കുന്നുകൾ ഇടിച്ചുനിരത്തി മണ്ണിട്ടു മൂടിയാൽ അത് കേരളത്തിന്റെ നാശമായിരിക്കും എന്നാണ് വയൽക്കിളികൾ നൽകുന്ന മുന്നറിയിപ്പ്.  പരിസ്ഥിതി തകർക്കുന്ന സർക്കാറിന്റെ റിയൽ എസ്റ്റേറ്റ് വൻകിടക്കാരുടെ താൽപര്യങ്ങൾക്കു വേണ്ടിയുള്ള വികസന നയത്തിനെതിരെ കേരളത്തിൽ മറ്റൊരു സമരം പിന്നീട് തല പൊക്കില്ല.അധികാര പിൻബലം കൊണ്ടും സംഘടിത ശക്തി കൊണ്ടും വയൽക്കിളികളുടെ സമരം പരാജയപ്പെടുത്താൻ സാധിച്ചേക്കാം.  പക്ഷേ, ആ വിജയത്തിന്റെ  രാഷ്ട്രീയ പ്രത്യാഘാതമെന്താകുമെന്ന് എൽ.ഡി.എഫ് ഗവണ്മെന്റിനെ നയിക്കുന്നവർ ബംഗാളിലേക്കു നോക്കി ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്:
ജനങ്ങളുടെ വീക്ഷണങ്ങൾ കേൾക്കാനും കണക്കിലെടുക്കാനും തയാറാകാതിരുന്നതും ഭരണ കക്ഷിയാണെന്ന ഭാവവും റിയൽ എസ്റ്റേറ്റ് നിർമ്മാതാക്കളടക്കമുള്ളവരുമായുള്ള ബന്ധങ്ങളുമാണ് ബംഗാളിൽ ഇടതു ഗവണ്മെന്റിനെ ജനങ്ങൾ തോൽപിച്ചതിന്റെ കാരണം -പിന്നീട് സി.പി.എം  ഖേദിച്ചത് അങ്ങനെയാണ്. ഭരണപരവും രാഷ്ട്രീയവുമായ തെറ്റുകൾ വമ്പിച്ച നഷ്ടം വരുത്തിയെന്ന് ആവർത്തിച്ചതും. നന്ദിഗ്രാമിലെ സംഭവങ്ങളും പോലീസ് വെടിവെപ്പും ബുദ്ധീജീവികളെയും ഇടത്തരക്കാരെയും ഇടതുപക്ഷത്തുനിന്നു ഇപ്പോഴും അകറ്റി നിർത്തിയിരിക്കയാണെന്നും അവർ വിലപിക്കുന്നു.
അത്തരമൊരു അവസ്ഥയിലേക്ക് കേരളത്തെയും നയിക്കാനാണോ കീഴാറ്റൂരിൽ മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്.  ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സി.പി.എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ ഭാഗത്തുനിന്ന് ഒരിക്കലും  സംഭവിക്കാൻ പാടില്ലാത്ത രാഷ്ട്രീയ വിഡ്ഢിത്തമാണ് കീഴാറ്റൂരിലെ കർഷക പ്രശ്‌നം സങ്കീർണ്ണമാക്കിക്കൊണ്ട് അവർ ചെയ്യുന്നത്.   

Latest News