കൊല്ലം- മുണ്ടയ്ക്കല്‍ പുവര്‍ ഹോമിലെ അമ്മമാര്‍ക്കും മറ്റ് അന്തേവാസികള്‍ക്കും ഒരിക്കല്‍ കൂടി കൈത്താങ്ങായി എം.എ യൂസഫലി. തുടര്‍ച്ചയായ ആറാമത്തെ വര്‍ഷവും 25 ലക്ഷം രൂപയുടെ ധനസഹായം അഗതിമന്ദിരത്തിന് കൈമാറി. ഇത്തവണ വിഷുദിനത്തിലാണ് യൂസഫലിയുടെ സമ്മാനം അഗതിമന്ദിരത്തിലെ അശരണരായ അന്തേവാസികളെ തേടിയെത്തിയത്.
സ്ത്രീകളും പുരുഷന്മാരുമടക്കം 117 അന്തേവാസികളുള്ള പുവര്‍ ഹോമിന്റെ ശോചനീയാവസ്ഥ മാധ്യമങ്ങള്‍ വഴി അറിയാനിടയായതിന് പിന്നാലെയാണ് 2017ല്‍ എം.എ യൂസഫലി 25 ലക്ഷം രൂപയുടെ ആദ്യ ധനസഹായം കൈമാറുന്നത്. തുടര്‍ന്ന് വന്ന ഓരോ വര്‍ഷവും അദ്ദേഹം സഹായം മുടക്കിയില്ല. കോവിഡ് കാലത്ത് ദൈനംദിന ആവശ്യങ്ങള്‍ക്കടക്കം പ്രതിസന്ധി നേരിട്ട അഗതിമന്ദിരത്തിന് അദ്ദേഹം ആശ്രയമായി. ഇതുവരെ 1.50 കോടി രൂപയുടെ ധനസഹായമാണ് എം.എ യൂസഫലി കൈമാറിയത്. അന്തേവാസികളുടെ ഭക്ഷണത്തിനും, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും, പുതിയ കിടക്കകള്‍, ശുചിമുറികള്‍, ചികിത്സാ സൗകര്യങ്ങള്‍, മാനസികോല്ലാസത്തിനുള്ള സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിനുമായി ഈ തുക വിനിയോഗിച്ചുവരുന്നു. എം.എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജനല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദനും തിരുവനന്തപുരം ലുലു മാള്‍ മീഡിയ കോര്‍ഡിനേറ്റര്‍ മിഥുന്‍ സുരേന്ദ്രനും ചേര്‍ന്നാണ് പുവര്‍ ഹോം സെക്രട്ടറി ഡോ. ഡി.ശ്രീകുമാറിന് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, പുവര്‍ ഹോം സൂപ്രണ്ട് കെ. വല്‍സലന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കും ഇരുപതോളം വരുന്ന ജീവനക്കാര്‍ക്കുമായി വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.