തിരുവനന്തപുരം - രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ജെ കുര്യന്‍. രാഹുല്‍ സ്ഥിരതയില്ലാത്ത നേതാവാണെന്നും ഒരിക്കല്‍ ഇട്ടെറിഞ്ഞുപോയ ആളാണെന്നും കുര്യന്‍ ആരോപിച്ചു. രാഹുല്‍ അല്ലാത്ത മറ്റൊരാള്‍ പാര്‍ട്ടി പ്രസിഡന്റാകണം. പ്രസിഡന്റ് നെഹ്റു കുടുംബത്തില്‍ നിന്നുതന്നെ വേണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് പി.ജെ കുര്യന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് മറ്റൊരാള്‍ വരുന്നതിന് രാഹുലാണ് തടസ്സം നില്‍ക്കുന്നത്. രാഹുലിന്റെ തീരുമാനങ്ങള്‍ കോക്കസുമായി മാത്രം ആലോചിച്ചുള്ളതാണ്. അനുഭവജ്ഞാനമില്ലാത്തവരാണിവര്‍. സ്ഥിരതയില്ലാത്തതിനാലാണ് പ്രതിസന്ധി ഘട്ടത്തില്‍ അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചുപോയത്. നടുക്കടലില്‍ കാറ്റിലും കോളിലും പെട്ട ഒരു കപ്പലിനെ ഏതുവിധേനയും മുന്നോട്ടു കൊണ്ടുപോകാനാണ് കപ്പിത്താന്‍ ശ്രമിക്കേണ്ടത് എന്നിരിക്കെ രാഹുല്‍ ഉത്തരവാദിത്തങ്ങളില്‍നിന്നും ഒളിച്ചോടുകയാണ്. ഇക്കാരണങ്ങളാലാണ് പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ അടക്കം പാര്‍ട്ടിക്ക് കനത്ത തിരിച്ചടികള്‍ ഉണ്ടായത് -കുര്യന്‍ ആരോപിച്ചു
ഉത്തരവാദിത്തങ്ങള്‍ ഇല്ലാതിരുന്നിട്ടു കൂടി ഇപ്പോഴും നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് രാഹുല്‍ തന്നെയാണെന്നും കുര്യന്‍ പറഞ്ഞു. കൂടിയാലോചനകള്‍ ഇല്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചു. മുതിര്‍ന്ന നേതാക്കള്‍ നിരവധിയുണ്ടെങ്കിലും എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കാനുള്ള വേദിയായി കോണ്‍ഗ്രസ് മാറുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.