കോൺസുലേറ്റ് സംഘം സന്ദർശിച്ചു
അബഹ- ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ ജീവകാരുണ്യ തൊഴിൽ വകുപ്പ് കോൺസൽ മോയിൻ അഖ്തർ, കോൺസുലേറ്റ് ഓഫീസർ ഫൈസൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ സംഘം അസീർ മേഖലയിലെ ഖമീസ് മുഷൈത്ത് അബഹ, നമാസ്, തനൂമ, ബിൻ ആമിർ ജയിലുകൾ സന്ദർശിച്ചു.
സഹപ്രവർത്തകനെ തലയിൽ കല്ലുകൊണ്ട് അടിച്ചു കൊന്ന കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട യുപി സ്വദേശിയും, 40 ഓളം വരുന്ന അനധികൃത കുടിയേറ്റക്കാർക്ക് താമസ സൗകര്യം അനുവദിച്ചതിന് 40 ലക്ഷം സൗദി റിയാൽ പിഴയും രണ്ടു വർഷം തടവിനും ശിക്ഷിക്കപ്പെട്ട മലയാളിയും ഉൾപ്പെടെ 13 ഇന്ത്യക്കാരാണ് അബഹ ജയിലിലുള്ളത്. ലഹരി ഉൽപന്നങ്ങളുടെയും ഉൽപാദന വിതരണ ഉപഭോഗങ്ങളുടെയും പേരിൽ പിടിക്കപ്പെട്ട് ശിക്ഷ ലഭിച്ചവരാണ് തടവുകാരിൽ ഏറെയും. റെന്റ് കാർ കമ്പനികൾക്ക് ക്യാഷ് കുടിശിക വരുത്തിയവർ ഉൾപ്പടെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവരും കൂട്ടത്തിലുണ്ട്.
മദ്യ ലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ രണ്ടു വ്യത്യസ്ത കേസുകളിൽ ശിക്ഷ കാത്ത് കഴിയുന്ന രണ്ടു തമിഴ് നാട് സ്വദേശികൾ ഉൾപ്പെടെ 27 ഇന്ത്യക്കാരാണ് ഖമീസ് മുഷൈത്ത് ജയിലിൽ ശിക്ഷ അനുഭവിക്കുന്നത്. ആക്‌സിഡന്റ് കേസുകളിൽ ബ്ലഡ് മണി വിധിക്കപ്പെട്ട് ഇൻഷുറൻസ് പരിരക്ഷയുടെ ബലത്തിൽ എക്‌സിറ്റ് അടിച്ച് നാട്ടിൽ പോയിരുന്ന രണ്ട് പേർ ഖമീസ് ജയിലിലുണ്ട്. വിവിധ കാരണങ്ങളാൽ ഇൻഷുറൻസ് കമ്പനികൾ കയ്യൊഴിഞ്ഞ അപകട നഷ്ടപരിഹാര കേസുകൾ സ്വന്തം പേരിലേക്ക് മാറിയതറിയാതെ പുതിയ വിസയിൽ മടങ്ങി വന്നവരാണ് ഇരുവരും. ഇരകൾക്ക് പണം ലഭിക്കാത്തത് കൊണ്ട് ഇരുവർക്കുമെതിരെ യാത്രാ വിലക്ക് നിലവിലുണ്ടായിരുന്നതിനാൽ എയർപോർട്ടിൽ വെച്ച് തന്നെ ഇവരെ തിരിച്ചറിയുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
മദ്യ നിർമാണം, വിതരണം, കൈക്കൂലി നൽകൽ തുടങ്ങിയ കേസുകളിലാണ് ഖമീസ് ജയിലിൽ കഴിയുന്ന ഇന്ത്യക്കാരിൽ പലരും പിടിയിലായിട്ടുള്ളത്.
നമാസ് ജയിലിൽ 5 ഇന്ത്യക്കാരും, താനൂമ, ബനി ഉമർ ജയിലുകളിൽ ഓരോ ഇന്ത്യക്കാരും വീതമാണുള്ളത്. ശിക്ഷാ കാലാവധി കഴിഞ്ഞ രണ്ട് പേർ ഖമീസ് ജയിലിൽ കഴിയുന്നുണ്ട്, ഇവരെ നാട്ടിൽ അയക്കാനുള്ള നടപടികൾ വേഗത്തിൽ ആക്കാനുള്ള കോൺസൽ മോയിൻ അഖ്തറിന്റെ ആവശ്യം മാനിച്ച് ഇരുവരെയും ഉടൻ ജിദ്ദ ജയിലിലേക്ക് മാറ്റും. നാട്ടിലേക്ക് അയക്കുന്നതിന്റെ പ്രാരംഭ നടപടിയാണിത്.
ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് കുറ്റിച്ചൽ, മുഹമ്മദ് കാദർ ഹനീഫ്, ബിജു നായർ, സഈദ് മൗലവി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.