റിയാദ്- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ സഹായ ഹസ്തം ഏറ്റുവാങ്ങി ലോക രാജ്യങ്ങള്‍. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പുണ്യം ലഭിക്കുന്ന വിശുദ്ധ റമദാനില്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ അനേകം മനുഷ്യര്‍ക്ക് ഇഫ്താര്‍ വിഭവങ്ങളിലൂടെ സഹായം നല്‍കിയിരിക്കുകയാണ് സല്‍മാന്‍ രാജാവ്. വിശുദ്ധ റമാദാന്‍ മാസത്തിലെ ഇഫ്താര്‍ പദ്ധതിയുടെ ഭാഗമായി ലോകത്തുടനീളം ഏഴ് ലക്ഷത്തോളം ഇഫ്താറിനുള്ള ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തതായി മതകാര്യ മന്ത്രാലയം അറിച്ചു. വിശുദ്ധ റമദാന്‍ മാസത്തിന്റെ പകുതി പൂര്‍ത്തിയായപ്പോള്‍ 688,758 പേര്‍ക്കുള്ള ഇഫ്താര്‍ വിഭവങ്ങളാണ് ഇതുവരെ വിവിധ രാജ്യങ്ങളിലായി വിതരണം ചെയ്തത്. വിവിധ എംബസികള്‍ വഴിയാണ് വിഭവങ്ങള്‍ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും. അതാതു രാജ്യങ്ങളിലെ മതകാര്യ വകുപ്പുമായും ഔദ്യോഗിക ചാരിറ്റി സംവിധാനങ്ങളുമായി സഹകരിച്ചാണ് വിതരണം നടക്കുന്നത്. വിശുദ്ധ റമദാന്‍ അവസാനം വരെ ഇഫ്താര്‍ വിഭവ വിതരണം തുടരുമെന്നും സൗദി മതകാര്യ മന്ത്രാലയം അറിയിച്ചു.