ജിദ്ദ- സൗദിയിൽ അബ്ഷിർ വഴി സന്ദർശക വിസ പുതുക്കുന്ന സംവിധാനം അവസാനിപ്പിച്ചു. വിസ പുതുക്കണമെങ്കിൽ തവാസുൽ വഴി അപേക്ഷ നൽകണം. വിസ പുതുക്കുന്നതിനുള്ള തുകയും ഇൻഷുറൻസ് തുകയുമെല്ലാം അതാത് ബാങ്കുകളിൽ അടച്ച ശേഷം തവാസുൽ വഴി അപേക്ഷിക്കണം. തവാസുൽ വഴി വിസ പുതുക്കാൻ കഴിയുന്നില്ലെങ്കിൽ ജവാസാത്തിൽ അപ്പോയിൻമെന്റ് എടുത്ത ശേഷം നേരിട്ട് സമീപിക്കണം.
പ്രവാസികൾ അടക്കമുള്ളവർ സന്ദർശക വിസ ഇതുവരെ പുതുക്കിയിരുന്നത് അബ്ഷിർ വഴി നേരിട്ടായിരുന്നു. ഈ രീതി അവസാനിപ്പിച്ചാണ് അബ്ഷിറിന് അകത്തു തന്നെയുള്ള തവാസുൽ വഴി സന്ദർശക വിസ പുതുക്കാനുള്ള സേവനം ഏർപ്പെടുത്തിയത്. സാങ്കേതികമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ സന്ദർശക വിസ പുതുക്കാൻ കഴിയുന്നില്ലെങ്കിൽ മുൻകൂട്ടി അപ്പോയിൻമെന്റ് എടുത്ത് ജവാസാത്തിനെ നേരിട്ട് സമീപിക്കണം.
നേരത്തെ അബ്ഷിറിൽ സാങ്കേതിക തകരാറുണ്ടാകുമ്പോൾ തവാസുൽ വഴി അപേക്ഷ നൽകാനായിരുന്നു ജവാസാത്ത് അറിയിച്ചിരുന്നത്. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം അബ്ഷിർ വഴി നേരിട്ട് വിസ പുതുക്കാൻ സാധിക്കാറുണ്ടായിരുന്നു. ഇനി മുതൽ അബ്ഷിറിൽ വിസിറ്റ് വിസ പുതുക്കാനുള്ള സംവിധാനമുണ്ടായിരിക്കില്ല. മെസേജിംഗ് സർവീസാണ് തവാസുൽ. ഇതുവഴി സന്ദേശം ജവാസാത്തിന് അയച്ച് അവിടെ നിന്നുള്ള മറുപടിക്ക് അനുസരിച്ചായിരിക്കും വിസ പുതുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുക.