പാലക്കാട്-നഗരത്തിൽ വെട്ടേറ്റ ആർ.എസ്.എസ് നേതാവ് കൊല്ലപ്പെട്ടു. മുൻ ശാരീരിക് പ്രമുഖ് ശ്രീനിവാസാണ് മരിച്ചത്. പച്ചക്കറി മാർക്കറ്റിന് സമീപത്തുവെച്ചാണ് വെട്ടേറ്റത്. ഇന്നലെ പാലക്കാട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ടതിനെ തുടർന്ന് പാലക്കാട്ടും മറ്റു ജില്ലകളിലും പോലീസ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും കൊലപാതകം അരങ്ങേറിയത്. മേലാമുറിയിൽ കടയിൽ ഇരിക്കുന്നതിനിടെയാണ് ശ്രീനിവാസിന് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായി എത്തിയവരാണ് കൊല നടത്തിയത്. കടയിൽ ഇരിക്കുന്ന ശ്രീനിവാസിനെ ഇരച്ചെത്തിയ സംഘം പട്ടാപകൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇന്നലത്തെ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പായിരുന്നു ആക്രമണം. ഈ മേഖലയിൽ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാനായില്ല. വെട്ടേറ്റ ശ്രീനിവാസിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.