വാഷിംഗ്ടൺ - ഇറാനെ ചെറുക്കുന്നതിന് സൗദി അറേബ്യ അമേരിക്കയുമായി സഹകരിക്കുകയാണന്ന് വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. വാഷിംഗ്ടണിൽ ബ്രൂക്കിംഗ്‌സ് ഇൻസ്റ്റിറ്റിയൂട്ടിൽ സൗദി, അമേരിക്കൻ ബന്ധത്തെ കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള സൈനിക, സുരക്ഷാ സഹകരണത്തിന് ദീർഘകാലത്തെ ചരിത്രമുണ്ട്. ഇറാനുമായി അന്താരാഷ്ട്ര സമൂഹം ഒപ്പുവെച്ച ആണവ കരാർ ഇറാൻ സൃഷ്ടിക്കുന്ന മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നില്ല.
മേഖലയിലെ ഏറ്റവും വലിയ പ്രശ്‌നം ഇറാനാണ്. ഭീകരതയുടെയും തീവ്രവാദത്തിന്റെയും ഉറവിടമാണ് ഇറാൻ. സൗദി അറേബ്യക്ക് ഇറാൻ സൃഷ്ടിക്കുന്ന തലവേദനകൾ 1979 ലെ ഇറാൻ വിപ്ലവം മുതൽ ആരംഭിച്ചതാണ്. ഇറാൻ ആണവ കേന്ദ്രങ്ങളിലെ പരിശോധനാ സംവിധാനവുമായി ബന്ധപ്പെട്ട് ഇറാൻ ആണവ കരാറിൽ ഭേദഗതികൾ ആവശ്യമാണ്. യെമൻ യുദ്ധം തങ്ങളുടെ മേൽ അടിച്ചേൽപിക്കപ്പെടുകയായിരുന്നു. രാഷ്ട്രീയ പ്രക്രിയ അട്ടിമറിച്ച് ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ അധികാരം പിടിച്ചടക്കുകയായിരുന്നു. രാഷ്ട്രീയ പ്രക്രിയയിലൂടെ മാത്രമേ യെമൻ സംഘർഷത്തിന് പരിഹാരം കാണാൻ സാധിക്കുകയുള്ളൂ. ഓരോ ദിവസവും ഹൂത്തികളുടെ നിയന്ത്രണത്തിൽ പെട്ട കൂടുതൽ സ്ഥലങ്ങൾ അവർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സിറിയൻ സംഘർഷം ദശലക്ഷക്കണക്കിനാളുകളുടെ ജീവിതം ദുരിതപൂർണമാക്കി. അധികാര മാറ്റത്തിലൂടെ മാത്രമേ സിറിയൻ സംഘർഷത്തിന് പരിഹാരമാവുകയുള്ളൂ. ഇറാൻ സൈന്യത്തിന്റെയും മിലീഷ്യകളുടെയും സാന്നിധ്യം സിറിയയിൽ രാഷ്ട്രീയ പരിഹാരത്തിന് പ്രതിബന്ധം സൃഷ്ടിക്കുകയാണെന്നും ആദിൽ അൽജുബൈർ പറഞ്ഞു.
അതേസമയം, സൗദി അറേബ്യയുമായി ആണവ ഇടപാടിന് അമേരിക്ക സന്നദ്ധമാകാത്ത പക്ഷം പകരം മറ്റു നിരവധി രാജ്യങ്ങളെ തങ്ങൾക്ക് ആശ്രയിക്കാൻ സാധിക്കുമെന്ന് ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ആണവോർജ കരാർ അമേരിക്ക ഉപേക്ഷിക്കുന്ന പക്ഷം സൗദി അറേബ്യയുടെ ആണവോർജ പദ്ധതിയിൽ ക്രിയാത്മക സ്വാധീനം ചെലുത്തുന്നതിനുള്ള അവസരമാണ് അമേരിക്കക്ക് നഷ്ടപ്പെടുകയെന്ന് ഊർജ, വ്യവസായ മന്ത്രി പറഞ്ഞു. ആണവോർജ മേഖലയിൽ സൗദി അറേബ്യയുമായി സഹകരിക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണെന്ന് അമേരിക്കൻ ഊർജ മന്ത്രി റിക് പെറി പറഞ്ഞു. അമേരിക്ക പങ്കാളിത്തം വഹിക്കാത്ത പക്ഷം സൗദി ആണവോർജ പദ്ധതിയിൽ റഷ്യയും ചൈനയും പങ്കാളിത്തം വഹിക്കുമെന്ന് അമേരിക്കൻ സെനറ്റിലെ സൈനിക കമ്മിറ്റിക്കു മുന്നിൽ ഊർജ മന്ത്രി പറഞ്ഞു. സൗദി അറേബ്യയുമായി കരാർ ഒപ്പുവെക്കുന്നതിനെ കുറിച്ച് അമേരിക്കൻ ഭരണകൂടം ചർച്ചകൾ നടത്തുന്നുണ്ട്. അമേരിക്കൻ കമ്പനികളിൽനിന്ന് ആണവ റിയാക്ടറുകൾ വാങ്ങുന്നതിന് ഈ കരാർ സൗദി അറേബ്യയെ അനുവദിക്കും. ഈ കരാറിനെ കുറിച്ച് സൗദി കിരീടാവകാശിയും യു.എസ് പ്രസിഡന്റും വിശകലനം ചെയ്തതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.