കണ്ണൂര്‍ - സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. തളിപ്പറമ്പ് റീച്ചില്‍ വിളയാങ്കോട് -- പിലാത്തറ ഭാഗത്ത് ടാറിങ് തുടങ്ങി. ബൈപാസുകളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു.
നിലവിലുള്ള റോഡിന്റെ ഇരുവശങ്ങളിലും ഓവുചാലും സമാന്തര റോഡുകളും നിര്‍മ്മിച്ചശേഷമാണ് പ്രധാന പാതയുടെ നിര്‍മ്മാണം ആരംഭിക്കുക. നീലേശ്വരം -- തളിപ്പറമ്പ് റീച്ചിലെ നീലേശ്വരം, പെരുമ്പ, കുപ്പം പാലങ്ങളുടെ പ്രവൃത്തിയും ആരംഭിച്ചു. മണ്ണിട്ട് ഉയര്‍ത്തി റോഡ് നിരപ്പാക്കുന്ന ജോലിയാണിപ്പോള്‍ പ്രധാനമായും നടക്കുന്നത്.
പാപ്പിനിശേരി തുരുത്തിയില്‍നിന്ന് തുടങ്ങി കോട്ടക്കുന്ന്, പുഴാതി വയല്‍, മുണ്ടയാട്, എടക്കാട് വഴി മുഴപ്പിലങ്ങാട് എത്തുന്നതാണ് 13.84 കി.മീ. നീളത്തിലുള്ള കണ്ണൂര്‍ - മുഴപ്പിലങ്ങാട് റീച്ച്.
പാപ്പിനിശേരി തുരുത്തിയില്‍നിന്ന് ചിറക്കല്‍ പഞ്ചായത്തിലെ കോട്ടക്കുന്നിലെത്തുന്നതാവും ബൈപാസ് കോട്ടക്കുന്നില്‍ അടിപ്പാതയാണ്. വളപട്ടണം പുഴയിലെ പുതിയ പാലത്തിന്റെ പ്രവൃത്തിയും പുരോഗമിക്കുകയാണ് .
കരിവെള്ളൂര്‍ മുതല്‍ മുഴപ്പിലങ്ങാടുവരെ 22 വില്ലേജുകളിലൂടെയാണ് ജില്ലയില്‍ ദേശീയപാത കടന്നുപോകുന്നത്. നാല് ബൈപാസുകള്‍, ഏഴ് വലിയ പാലങ്ങള്‍, ഏഴ് ഫ്‌ലൈ ഓവറുകള്‍, 10 വയഡക്ടുകള്‍ എന്നിവയാണ് നിര്‍മിക്കുന്നത്. പയ്യന്നൂര്‍, ചുടല, പാപ്പിനിശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ബൈപാസ്.
പെരുമ്പ പുഴയില്‍ നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയപാലം. തളിപ്പറമ്പ് റീച്ചില്‍ പിലാത്തറ കെ.എസ്.ടി.പി ജങ്ഷന്‍ , കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഫ്‌ലൈഓവര്‍ നിര്‍മ്മിക്കും. തളിപ്പറമ്പിലാവും ഈ ഭാഗത്തെ പ്രധാന ജങ്ഷന്‍. നീലേശ്വരം -- തളിപ്പറമ്പ് റീച്ചിലെ നീലേശ്വരം, പെരുമ്പ, കുപ്പം പാലങ്ങളുടെ പ്രവൃത്തിയും ആരംഭിച്ചു. മണ്ണിട്ട് ഉയര്‍ത്തി റോഡ് നിരപ്പാക്കുന്ന ജോലിയാണിപ്പോള്‍ പ്രധാനമായും നടക്കുന്നത്. പാപ്പിനിശേരി കീച്ചേരി ഭാഗത്ത് ഓവുചാല്‍ നിര്‍മാണവുമുണ്ട്. മുഴപ്പിലങ്ങാട് മുതല്‍ ചാലവരെയുള്ള ഭാഗത്ത് നിലവിലുള്ള ദേശീയപാതയുടെ രണ്ട് ഭാഗത്തും മണ്ണിട്ടുയര്‍ത്തുകയാണ്. ചില ഭാഗങ്ങളില്‍ സോളിങ്ങും മെറ്റലിട്ട് ബലപ്പെടുത്തലും തുടങ്ങി.
കണ്ണൂര്‍ ബൈപാസില്‍ വളപട്ടണം പുഴയ്ക്കുകുറുകെ നിര്‍മിക്കുന്ന പാലത്തിന് ഒരു കിലോമീറ്റര്‍ നീളമുണ്ടാകും. വളപട്ടണം പുഴയിലെ പാലം നിര്‍മാണത്തിന് പാപ്പിനിശേരി തുരുത്തിയില്‍ പൈലിങ്ങും തുടങ്ങി. അരകിലോമീറ്ററോളം പുഴയ്ക്കു കുറുകെയും അരകിലോമീറ്ററിനടുത്ത് ചതുപ്പിന് മുകളിലൂടെയും വയഡക്ട് മാതൃകയിലുമാണ് പാലം.
കണ്ണൂര്‍ ബൈപാസില്‍ മുഴപ്പിലങ്ങാടും മുണ്ടയാടും ഫ്‌ലൈ ഓവറും നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കലിലെ എതിര്‍പ്പും മറ്റുമാണ് നിര്‍മാണം വൈകിപ്പിച്ചത്. നാലുവരിയാക്കുന്നതിനൊപ്പം നിലവിലുള്ള റോഡിലെ അപകടകരമായ കയറ്റിറക്കങ്ങള്‍ കുറക്കും. വളവുകള്‍ നിവര്‍ത്തുന്നുമുണ്ട്. മുഴപ്പിലങ്ങാട് - മാഹി ബൈപാസ് മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ത്വരിതഗതിയിലാണ്
തളിപ്പറമ്പ് കുറ്റിക്കോല്‍ മുതല്‍ മുഴപ്പിലങ്ങാടുവരെ 30 കിലോമീറ്ററിലാണ് ദേശീയപാത വികസനം.
രണ്ട് റീച്ചുകളിലും ഇരുഭാഗങ്ങളിലുമായി 200 ഹെക്ടറാണ് ജില്ലയില്‍ ഏറ്റെടുത്തത്. 45 മീറ്ററിലാണ് ദേശീയപാത വികസനം. രണ്ടുഭാഗത്തും സര്‍വീസ് റോഡുകളുമുണ്ടാകും.
തളിപ്പറമ്പ് - മുഴപ്പിലങ്ങാട് റീച്ചില്‍ വിശ്വസമുദ്ര എന്‍ജിനിയറിങ്ങിനും തളിപ്പറമ്പ് - നീലേശ്വരം റീച്ചില്‍ മേഘ കണ്‍സ്ട്രക്ഷന്‍സിനുമാണ് നിര്‍മാണച്ചുമതല. രണ്ടു റീച്ചിലും നിര്‍മാണം ത്വരിതഗതിയിലാണ്. ബൈപാസ് നിര്‍മാണവും റോഡ് നാലുവരിയാക്കലും ഒരേസമയം നടക്കുന്നതിനാല്‍ പ്രവൃത്തികള്‍ നിശ്ചിതസമയം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.