റിയാദ് - വിദേശങ്ങളില്‍ നിന്ന് ഫ്രഷ് പച്ചക്കറികളും പഴവര്‍ഗങ്ങളും ഇറക്കുമതി ചെയ്യാന്‍ ലൈസന്‍സ് അനുവദിക്കുന്ന അധികാരം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന് നല്‍കി ഇറക്കുമതി ലൈസന്‍സിംഗ് സംവിധാനത്തില്‍ ഭേദഗതി വരുത്തി വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി ഉത്തരവിട്ടു. പുതിയ വ്യവസ്ഥ അനുസരിച്ച് പച്ചക്കറികളും പഴവര്‍ഗങ്ങളും ഇറക്കുമതി ചെയ്യാന്‍ ഇറക്കുമതി വ്യാപാരികള്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിലെ കാര്‍ഷിക വകുപ്പിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇറക്കുമതി വ്യാപാരികളുടെ വിലാസം, ഇറക്കുമതി ചെയ്യുന്ന തീയതി, ഇറക്കുമതി ചെയ്യുന്ന രാജ്യം എന്നിവയെല്ലാം വെളിപ്പെടുത്തിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
എ വിഭാഗം ഇറക്കുമതിക്കാര്‍ വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന പഴവര്‍ഗങ്ങളും പച്ചക്കറികളും സൂക്ഷിക്കുന്ന ഗോഡൗണുകള്‍, റെഫ്രിജറേറ്റുകള്‍ എന്നിവയെ കുറിച്ച വിശദമായ വിവരങ്ങള്‍ സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോഡൗണുകളും റെഫ്രിജറേറ്റുകളും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അവയുടെ സുരക്ഷിതത്വവും പഴവര്‍ഗങ്ങളും പച്ചക്കറികളും സൂക്ഷിക്കാന്‍ അനുയോജ്യമാണെന്നും ഉറപ്പുവരുത്തും. ബി വിഭാഗം ഇറക്കുമതിക്കാര്‍ ഗോഡൗണുകളിലും റെഫ്രിജറേറ്ററുകളിലും സൂക്ഷിക്കാതെ പച്ചക്കറികളും പഴവര്‍ഗങ്ങളും വ്യാപാര കേന്ദ്രങ്ങള്‍ക്കും മൊത്ത വിതരണക്കാര്‍ക്കും നേരിട്ട് എത്തിച്ച് നല്‍കുകയാണ് ചെയ്യുക എന്നത് സ്ഥിരീകരിച്ച് വ്യാപാര കേന്ദ്രങ്ങളുമായും മൊത്ത വിതരണക്കാരുമായും ഉണ്ടാക്കിയ കരാറുകളുടെ കോപ്പികളും കോള്‍ഡ് സ്റ്റോറേജ് ട്രക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങളും മതിയായ സാമ്പത്തിക ശേഷിയുള്ളത് സ്ഥിരീകരിക്കുന്ന രേഖകളും ലൈസന്‍സ് അപേക്ഷക്ക് ഒപ്പം സമര്‍പ്പിക്കണം.
പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിലെ കാര്‍ഷിക വകുപ്പ് അപേക്ഷകള്‍ പരിശോധിച്ചും രേഖകള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തിയും മൂന്നു പ്രവൃത്തി ദിവസത്തിനകം ഓണ്‍ലൈന്‍ ആയി ലൈസന്‍സ് അനുവദിക്കും.