Sorry, you need to enable JavaScript to visit this website.

ഇ.പി.ജയരാജൻ ഇടതുമുന്നണി കൺവീനറായേക്കും


കണ്ണൂർ- സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ ഇടതുമുന്നണി കൺവീനറാകാൻ സാധ്യത. എ.വിജയരാഘവൻ സി.പി.എം പോളിറ്റ് ബ്യൂറോയിലെത്തിയതോടെയാണ്  കൺവീനർ സ്ഥാനത്തേക്ക് ജയരാജന്റെ പേര് പരിഗണിക്കപ്പെടുന്നത്. അടുത്തയാഴ്ച നടക്കുന്ന നേതൃയോഗങ്ങളിൽ തീരുമാനമുണ്ടാകും. സി.പി.എം രാഷ്ട്രീയത്തിൽ സീനിയർ നേതാക്കളിൽ ഒരാളായ ഇ.പി.ജയരാജൻ, ഡി.വൈ.എഫ്.ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്നു. പ്രഥമ പിണറായി മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇദ്ദേഹം, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്നില്ല. നിലവിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എന്ന ചുമതല മാത്രമാണ് ഇ.പിക്കുള്ളത്. നേരത്തെ ഇ.പിയെ പോളിറ്റ് ബ്യൂറോയിലേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എസ്. രാമചന്ദ്രൻ പിള്ളയ്ക്ക് പകരക്കാരനായി എ. വിജയരാഘവനെയാണ് പാർട്ടി നിയോഗിച്ചത്. ഇതോടെയാണ് എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് ഇ.പിയെ പരിഗണിക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്. 
വിജയരാഘവൻ വഹിച്ചിരുന്ന ഉത്തരവാദിത്വം ഇ.പിയിലേക്ക് എത്തുന്നത് എൽ.ഡി.എഫിന് ഗുണകരമാവുമെന്ന വിലയിരുത്തൽ സി.പി.എം സംസ്ഥാന നേതൃത്വത്തിനുമുണ്ട്. സർക്കാരിന് ഏറ്റവും തലവേദന സൃഷ്ടിക്കുന്ന കെ റെയിൽ വിരുദ്ധ സമരമുൾപ്പെടെ ശക്തമാവുകയും, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ എടുക്കേണ്ടതുമായ സാഹചര്യത്തിൽ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് പുതിയ നേതാവിനെ പരിഗണിക്കാൻ അധികനാളെടുക്കില്ല.
പാർലമെന്ററി രാഷ്ട്രീയത്തിൽ വളരെ കുറച്ചു കാലം മാത്രമാണ് ഇ.പി ഉണ്ടായിരുന്നത്. 1991ലെ തെരഞ്ഞെടുപ്പിൽ അഴീക്കോട് നിന്ന് നിയമസഭയിലെത്തിയ ശേഷം, ദീർഘകാലത്തിന് ശേഷമാണ് മട്ടന്നൂർ മണ്ഡല രൂപീകരണത്തോടെ ഇ.പി പാർലമെന്ററി രാഷ്ട്രീയത്തിൽ എത്തിയത്. രണ്ട് തവണ മട്ടന്നൂരിൽ നിന്നും നിയമസഭയിലെത്തി. ഒരു തവണ മന്ത്രിയുമായി. രണ്ട് തവണ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചതിനാൽ 2021 ൽ സീറ്റ് ലഭിച്ചില്ല.
ഇതോടെ, ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന്  വ്യക്തമാക്കിയിരുന്നു. പാർട്ടി ചുമതലകളിലായിരിക്കും ശ്രദ്ധ ചെലുത്തുകയെന്നും അദ്ദേഹം സൂചന നൽകിയിരുന്നു. നിലവിൽ പാർട്ടിക്ക് ഇ.പിയെ വിശ്വസിച്ച് ഏൽപ്പിക്കാവുന്ന സ്ഥാനം കൂടിയാണിത്.  മുതിർന്ന നേതാവെന്ന നിലയിൽ ഇ.പിക്ക് അർഹിക്കുന്ന ചുമതല നൽകാനും ഇതുവഴി പാർട്ടിക്ക് കഴിയും. ഇടത് വിദ്യാർത്ഥി സംഘടനയായ കെ.എസ്.എഫിയിലൂടെയാണ് ഇ.പി ജയരാജൻ പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്. യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ മാനേജർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 1991 ലാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിക്കുന്നത്. 91 ൽ അഴീക്കോട് നിന്ന് നിയമസഭയിലെത്തി. പിന്നീട് 2011  ലും 2016 ലും കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016 ൽ പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായം, കായികം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു.

Latest News