കോഴിക്കോട്- മകളെ ഡി.വൈ.എഫ്.ഐ നേതാവ് ഷിജിൻ വിവാഹം ചെയ്ത സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും കേരള പോലീസിൽ വിശ്വാസമില്ലെന്നും യുവതിയുടെ അച്ഛൻ. കോടഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ നേതാവായ ഷിജിനെ വിവാഹം ചെയ്ത ജോയ്‌സ്‌നയെ കാണാതായതാണെന്നും ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ജോയ്‌സ്‌നയുടെ അച്ഛൻ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ജോയ്‌സ്‌നയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്നും അച്ഛൻ വ്യക്തമാക്കി.
അതേസമയം, സ്വന്തം ഇഷ്ടപ്രകാരം ഷിജിനൊപ്പം വിവാഹിതയായി ജീവിക്കാൻ തീരുമാനിച്ചതാണെന്ന് ജോയ്‌സ്‌ന താമരശ്ശേരി ജില്ലാ കോടതിയിൽ ബോധിപ്പിച്ചു. കോടഞ്ചേരി വിവാഹത്തിൽ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ രംഗത്തെത്തി. മതസൗഹാർദ്ദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്നും സമീപകാലത്തെ പ്രതിസന്ധികൾ മനസ്സുകളെ തമ്മിൽ അകറ്റുന്നതാണെന്നും ബിഷപ്പ് പറഞ്ഞു.
താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പളളിയിൽ പെസഹാ വ്യാഴത്തിൻറെ ഭാഗമായി നടന്ന ശുശ്രൂഷകൾക്ക് ശേഷമാണ് ബിഷപ്പ് മാർ റെമജീയോസ് ഇഞ്ചനാനിയിൽ ഇക്കാര്യം പറഞ്ഞത്. ജ്യോയ്‌സ്‌നയെ കാണാതായ ദിവസം താമരശേരി രൂപത നേതൃത്വം സി.പി.എം നേതാക്കളെ ബന്ധപ്പെട്ട് ഷെജിനെയും ജോയ്‌സ്‌നയെയും കണ്ടെത്താൻ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇതിന് വിപരീതമായി ഇരുവർക്കും മൂന്ന് ദിവസം ഒളിവിൽ കഴിയാൻ സി.പി.എമ്മിലെ ഒരു വിഭാഗം തന്നെ കൂട്ടുനിന്നെന്ന പരാതി രൂപതാ നേതൃത്വത്തിനുണ്ട്.