തിരുവനന്തപുരം- കോവിഡ് ഭീഷണി കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പുനഃസ്ഥാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിട്ടു. കോവിഡ് വ്യാപനം തീവ്രമായിരുന്ന സമയത്ത് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനമായിരുന്നു.കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞത് കണക്കിലെടുത്താണ് വീണ്ടും ബയോ മെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ 2021 സെപ്തംബര്‍ 16 മുതല്‍ ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പഞ്ചിംഗ് നടപ്പാക്കിയിരുന്നു.ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിലവില്‍ വന്നതോടെ ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്താലെ ഹാജരായി കണക്കാക്കു. ഒരു ദിവസം പരമാവധി ഒരു മണിക്കൂര്‍ വരെ വൈകാം. എന്നാല്‍ അതിനു ശേഷം വൈകി എത്തുന്നത് അനധികൃത അവധിയായി കണക്കാക്കും.