Sorry, you need to enable JavaScript to visit this website.

രാമനവമിയുടെ മറവില്‍ മുസ്‌ലിം വിരുദ്ധ ആക്രമണം- ഇ.ടി

കോഴിക്കോട് - രാമനവമി ആഘോഷത്തിന്റെ മറവില്‍ സംഘപരിവാര്‍ രാജ്യത്തിന്റെ തലസ്ഥാനമുള്‍പ്പെടെയുള്ള എട്ടിടങ്ങളില്‍ നടത്തിയ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വംശവെറിയും വിദ്വേശവും ഫലപ്രദമായി തടഞ്ഞില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരും. ഉപവാസം അനുഷ്ഠിച്ച് രാമനാമം ജപിച്ചാല്‍ മോക്ഷപ്രാപ്തി കൈവരുമെന്ന് ഹിന്ദു സഹോദരങ്ങള്‍ വിശ്വസിക്കുന്ന ദിവസമാണ് ശ്രീരാമ നവമി. എന്നിട്ടും ഒരു പ്രകോപനവുമില്ലാതെ പലയിടത്തും പള്ളികളും ദര്‍ഗകളും കത്തിച്ചു.
തറാവീഹ് നമസ്‌ക്കാര സമയത്തുള്‍പ്പെടെ രാമനവമി റാലികള്‍ തീര്‍ത്ത മുസ്‌ലിം വേട്ടയില്‍ പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ടതും ഇരകളായ മുസ്ലിം യുവാക്കളാണ്. വെറുപ്പും വിദ്വേഷവും പടര്‍ത്തി രാജ്യത്തെ പൗരന്‍മാരെ തമ്മിലടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താനും നിയമത്തിന് മുമ്പിലെത്തിക്കാനും മനുഷ്യത്വമുള്ള എല്ലാവരും തയാറാകണം. വിശ്വാസങ്ങളെയും ആഘോഷങ്ങളെയും മറയാക്കി ഇതര വിഭാഗത്തില്‍പെട്ടവരെ ആക്രമിക്കുന്നവര്‍ മതത്തെയോ ദൈവിക തൃപ്തിയെയോ അല്ല പ്രതിനിധീകരിക്കുന്നത്. അക്രമങ്ങള്‍ എല്ലാവര്‍ക്കും ദുരിതവും കണ്ണീരും കഷ്ടപ്പാടും മാത്രമാണ് ബാക്കിയാക്കുന്നത്.
ഭരണകൂടവും നേതാക്കളും ഇത്തരം പ്രവണതകളെ ഫലപ്രദമായി തടയാന്‍ ജാഗ്രത പാലിക്കണം. മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ദല്‍ഹി, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാരുകളും പോലീസും അക്രമികള്‍ക്ക് വളം വെക്കുന്നതിന് പകരം ഇരകള്‍ക്ക് സംരക്ഷണവും അഭയവുമാണ് നല്‍കേണ്ടത്. വിഷയത്തില്‍ ഇടപെട്ട് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

 

 

Latest News