കോഴിക്കോട് - കേന്ദ്ര ഏജന്‍സിയെ കൂട്ടുപിടിച്ച് സി.പി.എം നടത്തുന്ന വേട്ടയെ നിയമപരമായി നേരിട്ട് ചെറുത്തുതോല്‍പ്പിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പിണറായി വിജയന്റെ വിജിലന്‍സ്, അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ട് തളളിയ പരാതി വീണ്ടും പൊടിതട്ടിയെടുത്ത് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റിന് കൈമാറിയത് കൃത്യമായ തിരക്കഥയുടെ ഭാഗമാണ്. സ്വത്ത് കണ്ടുകെട്ടല്‍ ശ്രമം നടത്തിയവര്‍ക്ക് നിരാശരാകേണ്ടിവരും.
രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ സംഘപരിവാര്‍ കേന്ദ്ര ഏജന്‍സികളെയും ഇ.ഡിയെയും ആയുധമാക്കുന്നുവെന്ന് നാഴികക്ക് നാല്‍പതുവട്ടം വിളിച്ചുപറയുന്ന സി.പി.എം തന്നെ അതേ ഏജന്‍സിയെ കൂട്ടുപിടിച്ച് പകപോക്കുകയാണ്. പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം തെളിയിക്കാനാവാതെ വന്നതോടെ കോഴിക്കോട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം തുടങ്ങിയ വീടിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പി.ഡബ്ല്യു.ഡി 1.90 കോടി രൂപ വീടിന് കണക്കാക്കി അതില്‍ 25 ലക്ഷം കണക്കില്‍ പെടാത്തതുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.
നിയമത്തെയും നീതിയെയും കുഴിച്ചുമൂടി കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ പരസ്പര സഹകരണത്തോടെ ഭരണക്കാരുടെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നത്. അനീതിക്കെതിരായ പോരാട്ടത്തില്‍ നിന്ന് ഭയപ്പെട്ട് പിന്‍മാറുകയോ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുകയോ ഇല്ല. കൈക്കൂലി വാങ്ങുകയോ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുകയോ ചെയ്തിട്ടില്ലെന്ന് കൃത്യമായ ബോധമുള്ളതിനാല്‍ നിയമപരമായി മുന്നോട്ടു പോകും. കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പാണെന്നും കെ.എം ഷാജി വ്യക്തമാക്കി.