Sorry, you need to enable JavaScript to visit this website.

അയൽപക്കത്തെ അപസ്വരങ്ങൾ 

വിദേശ രാജ്യങ്ങളുമായി, വിശേഷിച്ച് ചൈനയും തുർക്കിയുമായി ഷഹ്ബാസ് ശരീഫിന് ഊഷ്മ  ബന്ധങ്ങളാണുള്ളത്.   കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്താനുള്ള സന്നദ്ധത അധികാരമേറ്റ ഉടനെ അറിയിച്ചിരിക്കുകയാണ് ഷഹ്ബാസ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. വെല്ലുവിളികൾ മറികടക്കാൻ ഷഹ്ബാസിന് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.

ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ പലതിലും കാര്യങ്ങൾ അത്ര പന്തിയല്ല. രോഗലക്ഷണങ്ങൾ പുറത്തു വരാൻ റഷ്യയുടെ ഉക്രൈൻ അധിനിവേശം ഒരു നിമിത്തമായെന്ന് മാത്രം. ശ്രീലങ്ക ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. സർക്കാർ അധികാരം വിട്ടൊഴിഞ്ഞേ തീരൂവെന്ന് ജനം. 2019 ൽ കോവിഡ് മഹാമാരിയാണ് കണക്കുകൂട്ടലുകൾ തെറ്റിച്ചതെന്ന് ശ്രീലങ്കൻ ഭരണകൂടം. ടൂറിസം വരുമാനം നിലച്ചത് രാജ്യത്തെ പാപ്പരാക്കി. കടക്കെണിയിലകപ്പെട്ട ദ്വീപ് രാജ്യത്തിന്റെ ഐ.എം.എഫിന് ഉൾപ്പെടെ തിരിച്ചടയ്ക്കാനുള്ളത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. ടൂറിസം വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന നേപ്പാളും ലങ്കയുടെ മാർഗത്തിലാണെന്ന് കേൾക്കുന്നു. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ചെറിയ വരുമാനക്കാരായ പ്രവാസികളുള്ള രാജ്യമാണ് ബംഗ്ലാദേശ്. ആഭ്യന്തര പ്രശ്‌നങ്ങൾ ഏറെക്കുറെ കെട്ടടങ്ങി. തുണി കയറ്റുമതിയിലെ പഴയകാല യശസ്സ് വീണ്ടെടുത്തു വരുന്നതിനിടെയാണ് മഹാമാരി  പൊട്ടിപ്പുറപ്പെട്ടത്. എന്നിരുന്നാലും ഉയർന്ന ജി.ഡി.പിയുള്ള ബംഗ്ലേദശിൽ നിന്ന് ഇതേവരെ അസുഖകരമായ കാര്യങ്ങൾ കേട്ടു തുടങ്ങിയിട്ടില്ല. 
യൂറോപ്പിലാണ് യുദ്ധം നടക്കുന്നത്. റഷ്യൻ പ്രസിഡന്റ്  വഌദിമിർ പുട്ടിൻ ഇക്കഴിഞ്ഞ ഫെബ്രുവരി 24 ന് പ്രാതലും കഴിച്ച് വെറുതെ ഇരിക്കുമ്പോൾ പട്ടാളക്കാർക്ക് ഉത്തരവ് നൽകി. ആഞ്ഞടിച്ച് ഉക്രൈൻ എന്ന രാജ്യത്തെ കീഴ്‌പ്പെടുത്തി ഇങ്ങോട്ട് പോരൂ. ചെറിയ തോതിലുള്ള സൈനിക നടപടിയെന്നാണ് പേരെങ്കിലും ഒന്നര മാസം കഴിഞ്ഞും നാശം വിതച്ച യുദ്ധം തുടരുകയാണ്. ഏഷ്യയിലെ ദുർബല സമ്പദ്ഘടനകളെയാണ് ഉക്രൈൻ യുദ്ധം ആദ്യമായി ബാധിച്ചത്. ശ്രീലങ്കയ്ക്ക് പിറകെ ഇപ്പോഴിതാ പാക്കിസ്ഥാനും.  രാഷ്ട്രീയമാണെന്ന് പുറമേക്ക് പറയുന്നുണ്ടെങ്കിലും പാക്കിസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നിൽ സാമ്പത്തിക കാരണങ്ങളുമുണ്ട്. അതുകൊണ്ടാണല്ലോ പുതിയ പ്രധാനമന്ത്രി ആദ്യ ദിനത്തിൽ തന്നെ ശമ്പള വർധന പ്രഖ്യാപിച്ചതും റമദാൻ കിറ്റിൽ കൂടുതൽ വിഭവങ്ങളുൾപ്പെടുത്തിയതും. ശാന്തമായിരുന്ന യൂറോപ്പിൽ അധികാരക്കൊതി ഒന്നുകൊണ്ടു മാത്രം പുട്ടിൻ ഉക്രൈനെ ആക്രമിക്കാൻ ഉത്തരവ് പുറപ്പെടുവിച്ച ദിവസം അവിടെ ഒരു വിശിഷ്ടാതിഥിയുണ്ടായിരുന്നു. പുറത്തായ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇതിലെ രസക്കേട് ആദ്യം ഫീൽ ചെയ്ത് പ്രതികരിച്ചത് യു.എൻ ബാക്ക് ഗ്രൗണ്ടുള്ള ശശി തരൂർ എം.പിയാണ്. പാക് പ്രധാനമന്ത്രി ഒരു നിമിഷം അവിടെ നിൽക്കരുത്, ഉടൻ തിരിച്ചു പോരണം. ഇതെല്ലാം കഴിഞ്ഞ് അധികാരം വിട്ടൊഴിഞ്ഞ് പോരുന്നതിന്റെ തലേന്നാൾ പാക് ജനതയെ അഭിസംബോധന ചെയ്ത് ഇംറാൻ ഖാൻ ഇന്ത്യയുടെ വിദേശ നയത്തെ പ്രശംസിക്കുകയുണ്ടായി. ഇതിന്റെ പേരിൽ ഇന്ത്യയെ വിമർശിക്കാൻ യൂറോപ്യൻ യൂനിയൻ തയാറാവാത്തത് ഇന്ത്യയുടെ മഹത്വമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഒരു അന്താരാഷ്ട്ര സമ്മർദങ്ങൾക്കും വഴങ്ങാത്ത ഇന്ത്യയുടെ വിദേശകാര്യ നയം മാതൃകയാക്കണമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവന പ്രതിപക്ഷം അദ്ദേഹത്തിനെതിരെ ആയുധമാക്കി. ഇംറാൻ ഇന്ത്യയിലേക്ക് പോകണമെന്നായിരുന്നു പിഎംഎൽഎൻ നേതാവ് മറിയം നവാസ് പറഞ്ഞത്.  ഇംറാൻ ഖാൻ അധികാരത്തിൽ നിന്ന് പുറത്തായതും ചരിത്ര സംഭവമായി. അവിശ്വാസ പ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്താവുന്നത് പാക്കിസ്ഥാനിൽ ആദ്യമായാണ്. പാക് ക്രിക്കറ്റ് ടീമിന് ലോക കിരീടം നേടിക്കൊടുത്ത ഇംറാൻ ഖാൻ എന്ന താരമാണ്  നാടകീയ രംഗങ്ങൾക്കൊടുവിൽ ക്ലീൻ ബൗൾഡായി പുറത്തായിരിക്കുന്നത്. 
ഒരു പ്രധാനമന്ത്രിക്കും  അഞ്ച് വർഷം തികച്ച് ഭരിക്കാനാവാത്ത രാജ്യമാണ് പാക്കിസ്ഥാൻ. ആദ്യ പ്രധാനമന്ത്രി വെടിയേറ്റ് കൊല്ലപ്പെട്ടത് മുതൽ തുടങ്ങുന്നു അയൽ രാജ്യത്തിന്റെ കഷ്ടകാലം. അഴിമതി, ഉൾപ്പോര്, സൈനിക ഇടപെടൽ എന്നിത്യാദി കാരണങ്ങളാലാണ് പ്രധാനമന്ത്രിമാർ പുറത്താക്കപ്പെട്ടത്. സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ടിനിടെ പാക്കിസ്ഥാന് 29 പ്രധാനമന്ത്രിമാരെ ലഭിച്ചു. 
 ഇതിൽ മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലെത്തിയത്  നവാസ് ശരീഫ് മാത്രമാണ്. കൂടുതൽ കാലം പാക്കിസ്ഥാൻ പ്രധാനമന്ത്രിയായതും ഇദ്ദേഹമാണ്. രാഷ്ട്രീയ അസ്ഥിരത പാക്കിസ്ഥാന്  മുന്നേറ്റം നടത്തുന്നതിൽ വലിയ തടസ്സമായിരുന്നു. അതിന് പുറമേയാണ് സായുധ സംഘങ്ങളുടെ സാന്നിധ്യം.  ആദ്യ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാൻ രാഷ്ട്രീയ റാലിക്കിടെ കൊല്ലപ്പെടുകയായിരുന്നു. രണ്ടാമത്തെ പ്രധാനമന്ത്രി ഖാജ നസീമുദ്ദിനെ ഗവർണർ ജനറൽ പുറത്താക്കി. മൂന്നാമത്തെ പ്രധാനമന്ത്രി മുഹമ്മദ് അലി ബോഗ്ര രണ്ടര വർഷം തികയും മുമ്പ് രാജിവെച്ചു. 
പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയാണ് തുടർന്നു വന്നവരിൽ  ശ്രദ്ധിക്കപ്പെട്ട പ്രധാനമന്ത്രി. ഇദ്ദേഹത്തെ സൈന്യം പുറത്താക്കുകയും വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്തു. സൈനിക മേധാവിയാണ് അടുത്ത പ്രധാനമന്ത്രി മുഹമ്മദ് ഖാൻ ജുനെജോയെ പുറത്താക്കിയത്. 1988 ലാണ് ഭൂട്ടോയുടെ മകൾ ബേനസീർ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായത്. ബേനസീറിന്റെ ഭരണം രണ്ടു വർഷം തികയുന്നതിന് മുമ്പാണ് അഴിമതി ചൂണ്ടിക്കാട്ടി പ്രസിഡന്റ് പുറത്താക്കിയത്. തുടർന്ന് നവാസ് ശരീഫും ബേനസീറും മാറി മാറി പ്രധാനന്ത്രിമാരായെങ്കിലും കാലാവധി തികച്ചില്ല. മിർ സഫറുല്ല ഖാൻ ജമാലി സൈന്യവുമായി ഒത്തുപോകാൻ സാധിക്കാത്തതിനെ തുടർന്ന് രാജിവെച്ച പ്രധാനമന്ത്രിയാണ്. യൂസുഫ് റസാ ഗിലാനിയെ അഴിമതി ആരോപണത്തെ തുടർന്ന് സുപ്രീം കോടതി അയോഗ്യനാക്കുകയായിരുന്നു. പിന്നീട് നവാസ് ശരീഫ് വന്നു. ശേഷം ഇംറാൻ  ഖാനും. ഇംറാൻ  ഖാന് ശേഷം നവാസ് ശരീഫിന്റെ സഹോദരൻ ഷഹ്ബാസ് ശരീഫ് പ്രധാനമന്ത്രിയായിരിക്കുന്നു. 
 പ്രതിപക്ഷ നേതാവ് എന്ന പദവിയിൽ നിന്നാണ് ഷഹ്ബാസ് ശരീഫ് അടുത്ത പ്രധാനമന്ത്രിയായത്.  പ്രതിപക്ഷ പാർട്ടികളിൽ പൊതുസമ്മതനാണ് ശരീഫ്. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി എന്ന നിലയിൽ പാക് ജനതയ്ക്ക് സുപരിചിതനാണ് അദ്ദേഹം. ഇംറാൻ  ഖാൻ സർക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് നേതൃത്വം നൽകിയതും ശരീഫ് ആയിരുന്നു. രാജ്യത്തെ വിദേശ, പ്രതിരോധ നയങ്ങൾ നിയന്ത്രിക്കുന്ന പാക് സൈന്യവുമായി നല്ല ബന്ധത്തിലാണ് ഷഹ്ബാസ് ശരീഫ്. പാക് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി എന്ന നിലയിൽ ഭരണ മികവ് പുലർത്താനും അദ്ദേഹത്തിന് സാധിച്ചിരുന്നു. 
ലാഹോറിലെ വ്യവസായി കുടുംബത്തിലായിരുന്നു ഷഹ്ബാസ് ശരീഫിന്റെ  ജനനം. വിദ്യാഭ്യാസത്തിന് ശേഷം കുടുംബത്തിന്റെ ബിസിനസ് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് പഞ്ചാബ് പ്രവിശ്യയിൽ രാഷ്ട്രീയ രംഗത്ത് സജീവമാകുകയായിരുന്നു. 1988 ൽ പഞ്ചാബ് പ്രവിശ്യാ അസംബ്ലിയിലേക്കും 1990 ൽ ദേശീയ അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1997 ലാണ് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബ് പ്രവിശ്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് ഷഹ്ബാസ്. 1997 ലാണ് ഷഹ്ബാസ് ശരീഫ് ആദ്യമായി പഞ്ചാബിൽ മുഖ്യമന്ത്രിയായത്.  പഞ്ചാബിൽ  അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ കൂടുതൽ ശ്രദ്ധിച്ചപ്പോൾ പഞ്ചാബ് ജനതയിൽ  അദ്ദേഹത്തിന് സ്വീകാര്യതയേറി.  മൂന്നു വട്ടം പഞ്ചാബിന്റെ മുഖ്യമന്ത്രി പദത്തിൽ ഇരുന്നപ്പോഴും ഷഹ്ബാസിന്റെ പ്രകടനം മറ്റു മൂന്നു പ്രവിശ്യകളുടെ  മുഖ്യമന്ത്രിമാരേക്കാളും ഭേദമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
പഞ്ചാബ് പ്രവിശ്യയിൽ വികസനത്തിന്റെ പാത തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ  നവാസ് ശരീഫിനെ പോലെ ഒട്ടേറെ അഴിമതി ആരോപണങ്ങളും നേരിട്ടിട്ടുണ്ട്. 2019 ൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഷഹ്ബാസിനെയും മകൻ ഹംസ ശരീഫിനെയും അറസ്റ്റ് ചെയ്യുകയും സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം അദ്ദേഹം പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയും പ്രതിപക്ഷ കക്ഷികൾക്കിടയിൽ പൊതുസമ്മതനാവുകയും ചെയ്തു.  പാക് പ്രതിപക്ഷത്തിന്റെ പ്രധാന സ്വരങ്ങളിൽ ഒന്നായി ഷഹ്ബാസ് ശരീഫ് മാറി. പാക് നാഷണൽ അസംബ്ലിയിൽ 84 സീറ്റുകൾ  ഷഹ്ബാസിന്റെ നിയന്ത്രണത്തിലുണ്ട്. ഏറ്റവും സ്വാധീനമുള്ള പാർട്ടിയും ഷഹ്ബാസിന്റെ പാക് മുസ്‌ലിം  ലീഗ് (നവാസ്) തന്നെയാണ്. അതു തന്നെയാണ് പ്രധാനമന്ത്രിപദത്തിലേക്ക് അദ്ദേഹത്തിന്റെ പേര് നിർദേശിക്കപ്പെടാനുള്ള പ്രധാന കാരണവും.
 പാക് സൈന്യത്തിന് അനഭിമതനല്ല എന്നതും ഷഹ്ബാസിന് അനുകൂലമായ ഘടകങ്ങളാണ്. വിദേശ രാജ്യങ്ങളുമായി, വിശേഷിച്ച് ചൈനയും തുർക്കിയുമായി ഷഹ്ബാസ് ശരീഫിന് ഊഷ്മ  ബന്ധങ്ങളാണുള്ളത്.   കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്താനുള്ള സന്നദ്ധത അധികാരമേറ്റ ഉടനെ അറിയിച്ചിരിക്കുകയാണ് ഷഹ്ബാസ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. വെല്ലുവിളികൾ മറികടക്കാൻ ഷഹ്ബാസിന് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.

 

Latest News