കോഴിക്കോട്- കോടഞ്ചേരിയിലെ വിവാദ വിവാഹത്തില്‍ മുന്‍ എംഎല്‍എയും സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം.തോമസിനെ തള്ളി സിപിഐഎം. ലൗ ജിഹാദ് വിവാദത്തേയും കോഴിക്കോട് ജില്ലാ നേതൃത്വം പൂര്‍ണമായും തള്ളി. ജോര്‍ജ് എം.തോമസിന് പിശക് പറ്റിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സമീപച്ച ഘട്ടത്തില്‍ സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം.തോമസ് ചില പരാമര്‍ശം നടത്തിയതായി കാണാനായി. ഇതിനകത്ത് ലൗജിഹാദ് ഒന്നും തന്നെ ഉള്‍പ്പെട്ടിട്ടേയില്ല. അത്തരം കാര്യങ്ങളൊന്നും ഈ വിവാഹവുമായി ബന്ധപ്പെട്ടില്ലെന്നും മോഹനന്‍ പറഞ്ഞു.
രാജ്യത്ത് മതന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആക്രമിക്കാനും ആക്ഷേപിക്കാനും ബോധപൂര്‍വം കൊണ്ടുവരുന്ന കുപ്രചാരണമാണ് ലൗ ജിഹാദ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ജോര്‍ജ് എം തോമസിന് പിഴവ് സംഭവിച്ചിട്ടുണ്ട്. പിഴവ് അദ്ദേഹം തന്നെ അംഗീകരിച്ചുവെന്നും പി.മോഹനന്‍ പറഞ്ഞു.വിവാഹിതര്‍ ഒളിച്ചോടിയത് ശരിയായില്ല. ഷെജിന്‍ നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പാര്‍ട്ടി ഇടപെട്ട് വിവാഹം നടത്തികൊടുക്കുമായിരുന്നു. ലൗ ജിഹാദ് വിഷയത്തില്‍ സിപിഐഎം നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
മിശ്ര വിവാഹത്തിന് പിന്നില്‍ ഒരു തട്ടിപ്പുണ്ടെങ്കില്‍ അത് സിപിഐഎം ഒരിക്കലും അംഗീകരിക്കില്ല. ഇവിടെ ചെറുപ്പക്കാരനേയും പെണ്‍കുട്ടിയേയും പോലീസ് കണ്ടെത്തി കോടതിയുടെ മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. കോടതിയില്‍ പെണ്‍കുട്ടി പറഞ്ഞിട്ടുള്ളത് ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത ജീവിത പങ്കാളിയുടെ കൂടെ വീടു വിട്ടിറങ്ങിയതാണ്. ഞങ്ങള്‍ വിവാഹിതരായിരിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നു. ഇതാണ് കുട്ടി കോടതിയില്‍ എടുത്ത നിലപാട്. അതോടെ കോടതിയും ആ നിലപാട് അംഗീകരിച്ചു. അവരുടെ ഇഷ്ടപ്രകാരം ജീവിക്കുന്നതിന് അനുവദിച്ചിരിക്കുകയാണ്. ഇതോടെ സ്വഭാവികമായും ഈ അധ്യായം അടഞ്ഞിരിക്കുന്നു. എന്നാല്‍ ഇതിനെ പ്രയോജനപ്പെടുത്തി കോടഞ്ചേരി പ്രദേശത്ത് ഏതാനും ആളുകള്‍ രാഷ്ട്രീയ താല്‍പര്യം വച്ച് വ്യത്യസ്ത സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനും സംഘഷങ്ങളുണ്ടാക്കാന്‍ ചില ശ്രമങ്ങള്‍ നടന്നതായും പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെട്ടിടുണ്ട്. അത് ഒരു കാരണവശാലും പാര്‍ട്ടി അംഗീകരിക്കില്ല. അതിനെതിരായി പാര്‍ട്ടി ശക്തമായ നിലപാട് സ്വീകരിക്കും. പാര്‍ട്ടിയെ പോലും ആക്ഷേപിക്കുന്ന തരത്തില്‍ ചിലരവിടെ തെരുവിലിറങ്ങി നടത്തിയ കോപ്രായങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പൊതുയോഗം അടക്കം സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.