Sorry, you need to enable JavaScript to visit this website.

 കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍   സി.പി.എം നേതാവിനെ തള്ളി ഡി.വൈ.എഫ്.ഐ

കോഴിക്കോട്- ഡിവൈഎഫ്‌ഐ നേതാവ്  ഷെജിന്‍ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസിനെ തള്ളി ഡി.വൈ.എഫ്.ഐ. വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്നും പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീര്‍ത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണെന്നും ഡി.വൈ.എഫ.്‌ഐ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ജാതിമതസാമ്പത്തികലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡി.വൈ.എഫ്.ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി വെബ് സൈറ്റ് തുടങ്ങുകയും മതേതര വിവാഹങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ, ഫേസ്ബൂക്ക്‌പോസ്റ്റില്‍ പറഞ്ഞു.മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകള്‍ കാട്ടി തന്ന അനേകം നേതാക്കള്‍ ഡി.വൈ.എഫ.്‌ഐക്ക് കേരളത്തില്‍ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത ശക്തികള്‍ മനഃപൂര്‍വം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കണക്കുകള്‍ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം. സ്ഥാപിത വര്‍ഗ്ഗീയ താത്പര്യക്കാര്‍ പൊതു ബോധമായി ഇത്തരം വിഷയങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഗൗരവപൂര്‍വ്വം കാണണമെന്ന് ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി.
കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതം തീവ്രവാദം പിടി മുറുക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലത്ത് ഷെജിനും ജോയ്‌സ്‌നയും മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയുമാണ്. ഇരുവര്‍ക്കും എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിര്‍ക്കാനാവില്ലെന്നും ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്നും മുന്‍ എം.എല്‍.എയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ ജോര്‍ജ് എം തോമസ് .
ഷെജിന്‍ ജോയ്‌സ്‌നയുമായി ഒളിച്ചോടിയ നടപടി ശരിയല്ല. ഇത്തരമൊരു പ്രണയമുണ്ടെങ്കില്‍ പാര്‍ട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാര്‍ട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. െ്രെകസ്തവ സമുദായം വലിയ തോതില്‍ പാര്‍ട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കി എന്നും ജോര്‍ജ് എം. തോമസ് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ വിവാദം ലൗവ് ജിഹാദ് അല്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി യുവദമ്പതികള്‍ രംഗത്ത് വന്നു. വ്യക്തിപരമായ കാര്യമായതിനാലാണ് പാര്‍ട്ടിയെ അറിയിക്കാതിരുന്നതെന്നും ഇതില്‍ തനിക്ക് വീഴ്ച പറ്റിയെന്നും ഷെജിന്‍  പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഷെജിന്‍ എംഎസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്‌സുമായ ജോയ്‌സ്‌നയും ഒളിച്ചോടി വിവാഹം കഴിച്ചത്. ജോയ്‌സ്‌നയെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ലവ് ജിഹാദ് ആരോപണം ഉന്നയിച്ച് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. പിന്നീട് താമരശേരി കോടതിയില്‍ ഇവര്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിക്കുകയും ഇന്നലെ കോടതിയില്‍ ഹാജരായ ജോയ്‌സ്‌ന വീട്ടുകാര്‍ക്കൊപ്പം പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചതോടെ ഷെജിനൊപ്പം പോകാന്‍ അനുവദിക്കുകയുമായിരുന്നു.
 

Latest News