പാലക്കാട്- എലപ്പുള്ളി ചുട്ടിപ്പാറയില്‍ മൂന്നുവയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീര്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാനാണ് മരിച്ചത്. അമ്മ ആസിയയെ (22) പാലക്കാട് കസബ പോലീസാണ് അറസ്റ്റ് ചെയ്തത്.സുഹൃത്തിനൊപ്പം ജീവിക്കാന്‍ കുട്ടി തടസ്സമാകുമെന്ന് കരുതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അമ്മ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ആസിയയുടെ ചുട്ടിപ്പാറയിലെ വീട്ടില്‍ കിടപ്പുമുറിയിലാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. ഇതോടെ ആസിയയെ പാലക്കാട് കസബ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്തതില്‍നിന്നാണ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും അതിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും കസബ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ് പറഞ്ഞു. ബുധനാഴ്ച തെളിവെടുപ്പ് നടത്തും. ഡിവൈ.എസ്.പി. പി.സി. ഹരിദാസനും സ്ഥലത്തെത്തിയിരുന്നു.
കുട്ടിയുടെ മൃതദേഹം പാറ ഏറാഞ്ചേരി പള്ളിയില്‍ ഖബറടക്കി. ആസിയയും ഭര്‍ത്താവ് ഷമീറും ഒരു വര്‍ഷമായി അകന്നാണ് കഴിയുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.